Connect with us

Articles

ഐതിഹ്യത്തിന്മേലുള്ള യുദ്ധങ്ങള്‍

Published

|

Last Updated

മാവേലി നാടു വാണീടും കാലം, മാനുഷ്യരെല്ലാരുമൊന്നു പോലെ, കള്ളവുമില്ല, ചതിയുമില്ല, എള്ളോളമില്ല പൊളിവചനം. എന്നിങ്ങനെ സമത്വ സുന്ദരമായ ഒരു കാലത്തെക്കുറിച്ചുള്ള ഓര്‍മയോ ഭാവനയോ ആണ് മലയാളികളുടെ ദേശീയോത്സവം എന്ന് ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ച് ആഘോഷിച്ചു വരുന്ന ഓണത്തെക്കുറിച്ചുള്ള ഏറ്റവും പ്രധാന ഐതിഹ്യത്തിന്റെ അന്തസ്സത്ത. മഹാബലി എന്ന അസുരരാജാവ്, ജനഹിതപ്രകാരം എല്ലാവരെയും സന്തോഷിപ്പിച്ച് കൊണ്ട് ഭരിച്ചു വരികയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന സ്വര്‍ഗത്തിലെ ദേവഗണങ്ങള്‍, അസൂയ മൂത്ത് മഹാവിഷ്ണുവിനെ ശരണം പ്രാപിക്കുകയും അദ്ദേഹം വാമനാവതാരം എന്ന ബ്രാഹ്മണ ജന്‍മമെടുത്ത് ഭൂമിയിലെത്തുകയും ചെയ്തു. മൂന്നു കാലടി വെക്കാനുള്ള സ്ഥലം തനിക്ക് അനുവദിക്കണമെന്ന് വാമനന്‍ മഹാബലിയോട് ആവശ്യപ്പെട്ടു. ഉദാരമതിയായ മഹാബലി സമ്മതം മൂളി. പെട്ടെന്ന് വാമനന്‍, ഭൂമിയക്കാളും ആകാശത്തെക്കാളും വലിപ്പം പ്രാപിച്ചു. ഒരു കാല്‍ ഭൂമിയിലും രണ്ടാമത്തെ കാല്‍ ആകാശത്തിലും വെച്ച അയാള്‍ക്ക് മൂന്നാമത്തെ കാല്‍ വെക്കാന്‍ സ്ഥലം ഇല്ല എന്നായപ്പോള്‍, വാക്കു പാലിക്കാന്‍ മഹാബലി തന്റെ ശിരസ്സ് തന്നെ കാണിച്ചുകൊടുക്കുകയാണുണ്ടായത്. ആ കാലടിയില്‍ അഥവാ ചവിട്ടില്‍, മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയാണ് വാമനാവതാരം പൂണ്ട മഹാവിഷ്ണു ചെയ്തതത്രേ. ഈ ആജീവനാന്ത ശിക്ഷക്ക് ശേഷം ഒരു ഇളവ് കൊടുത്തു. അതു പ്രകാരം, വര്‍ഷത്തിലൊരിക്കല്‍, മഹാബലിക്ക് തന്റെ രാജ്യത്തേക്ക് തിരിച്ചു വന്ന് പ്രജകളെ കണ്ട് ക്ഷേമാന്വേഷണം നടത്തി തിരിച്ചു പോകാം. ആ വരവാണ് മലയാളികള്‍ ഓണമായി ആഘോഷിക്കുന്നത് എന്നാണ് ഐതിഹ്യ സങ്കല്‍പ്പം.
മനോഹരമായ കാവ്യ സങ്കല്‍പ്പം എന്ന നിലക്ക്; ഓണാഘോഷത്തിന് കേരളത്തില്‍ കഴിഞ്ഞ പതിറ്റാണ്ടുകളായി പ്രചാരം വര്‍ധിച്ചുവരുന്നു എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ഉപവാസം, നീണ്ടു നില്‍ക്കുന്ന പൂജകള്‍, വിഗ്രഹ എഴുന്നള്ളിപ്പുകള്‍ എന്നിവയൊന്നുമില്ലാതെ; പൂക്കളങ്ങള്‍, സദ്യവട്ടങ്ങള്‍, പുത്തനുടുപ്പുകള്‍, വള്ളംകളികള്‍, മറ്റു കളികള്‍ എന്നിങ്ങനെയാണ് ഓണം മിക്കയാളുകളും ആഘോഷിക്കാറുള്ളത്. അവധികളും നാട്ടിലേക്കും വീട്ടിലേക്കുമുള്ള വരവുകളും ബോണസും കമ്പോളത്തിന്റെ അതിപ്രസരവും എല്ലാം ചേര്‍ന്ന് വര്‍ണശബളമായ ആഘോഷമായി ഓണം മാറിത്തീര്‍ന്നു. കേരളത്തിന് പുറത്തുള്ള മലയാളികളാകട്ടെ അവരുടെ പ്രാദേശിക സ്വത്വം സ്വയം തിരിച്ചറിയാനും സന്തോഷിക്കാനുമുള്ള ഒരു തികഞ്ഞ അവസരമായി ഓണത്തെ കണക്കുകൂട്ടി അതിനെ വളര്‍ത്തിയെടുത്തു. ഓണം മതേതരമായ ഒരാഘോഷമാണോ എന്ന ചോദ്യം സൈദ്ധാന്തിക തലത്തിലും പ്രായോഗിക തലത്തിലും സംവാദാത്മകത സൃഷ്ടിച്ചുകൊണ്ട് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അന്തരീക്ഷത്തെ മുഖരിതമാക്കുന്നുണ്ട്. പി കുഞ്ഞിരാമന്‍ നായരുടെ കാവ്യ സംഭാവനകളെ വിമര്‍ശിച്ചുകൊണ്ട് പ്രസിദ്ധ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ പുസ്തകത്തില്‍ ഓണത്തെ ഔദ്യോഗിക ദേശീയോത്സവമാക്കി പ്രഖ്യാപിച്ച പട്ടം താണുപിള്ള മന്ത്രിസഭയുടെ തീരുമാനത്തെ വിമര്‍ശിക്കുന്നുണ്ട്. ഈ പുസ്തകത്തിനെഴുതിയ അവതാരികയില്‍ കെ ഇ എന്‍ ഈ വിമര്‍ശനത്തെ വികസിപ്പിച്ചതിന്റെ ഭാഗമായി അദ്ദേഹം കേട്ട പഴിക്കും ശാസനകള്‍ക്കും അതിരില്ല. സ്വത്വരാഷ്ട്രീയത്തിന്റെ അര്‍ബുദം ബാധിച്ച് കെ ഇ എന്‍, ഓണത്തെ പൈശാചികവത്കരിച്ചു എന്ന നിലക്കായിരുന്നു മൃദുഹിന്ദുത്വ വാദികളുടെ ആക്രമണം. ആ സംവാദവും വിവാദങ്ങളും ഒരു വഴിക്ക് നടക്കുന്നുണ്ട്. അതിനിടയിലാണ് ഓണത്തെ മുന്‍നിര്‍ത്തിയും അതിലേക്ക് കടന്നു കയറിക്കൊണ്ടും പുതിയ വിവാദങ്ങള്‍ അരങ്ങേറിയിരിക്കുന്നത്.
ആര്‍ എസ് എസിന്റെ മുഖപത്രമായ കേസരി വാരികയുടെ ഓണപ്പതിപ്പില്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എഴുതിയ ലേഖനത്തില്‍, ഓണം യഥാര്‍ഥത്തില്‍ വാമനജയന്തിയാണെന്ന പ്രഖ്യാപനം നടത്തി. പുരാണം വായിക്കാനറിയാത്തവര്‍ നടത്തിയ വ്യാഖ്യാനങ്ങളാണ് ഇവിടെ ആളുകള്‍ക്കിടയില്‍ പ്രചാരത്തിലുള്ളതെന്നും സത്യത്തില്‍ അസുരനായ മഹാബലിയെ നരകത്തിലേക്കയക്കുന്നതിനു പകരം അനുഗ്രഹിച്ച് വിമോചിപ്പിക്കുകയാണ് വിഷ്ണു ഭഗവാന്‍ ചെയ്തത് എന്നും വിവരിക്കുന്നു. സ്വര്‍ഗത്തേക്കാള്‍ സുന്ദരമായ പ്രദേശത്തേക്കാണ് അദ്ദേഹത്തെ അയച്ചിരിക്കുന്നത്. മഹാബലിയുടെ രാജ്യം കേരളമല്ലെന്നും വടക്കേ ഇന്ത്യയാണെന്നും എല്ലാം നമ്പൂതിരി വിവരിക്കുന്നുണ്ട്. മഹാബലി, ദളിത് സമുദായത്തിന്റെ രാജാവാണെന്നും വാമനജയന്തിയെ ഓണാഘോഷത്തിന് മേല്‍ കെട്ടിവെക്കാനുള്ള നീക്കങ്ങള്‍ കേരളസമൂഹത്തെ ബ്രാഹ്മണാധീശത്വത്തിന് കീഴ്‌പ്പെടുത്താനുള്ള പരിശ്രമങ്ങളുടെ ഭാഗമാണെന്നുമുള്ള നിലപാടും ചില ചിന്തകര്‍ ഇതിനെ തുടര്‍ന്ന് ഉയര്‍ത്തുകയുണ്ടായി. ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന അധ്യക്ഷയും തീപ്പൊരി പ്രാസംഗികയുമായ കെ പി ശശികല ടീച്ചര്‍, വാമനന്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നുവെന്നും സാമ്രാജ്യത്വ ഭരണത്തില്‍ നിന്ന് കേരളത്തെ വിമോചിപ്പിച്ചത് അദ്ദേഹമാണെന്നും വിശദീകരിച്ചു. അതിനാല്‍, ഓണത്തെ വിഷ്ണുവിനെ ശത്രുപക്ഷത്തു നിര്‍ത്താനുള്ള ഒരാഘോഷമാക്കി ഹിന്ദു സമുദായം മാറ്റരുതെന്നും അവര്‍ ആഹ്വാനം ചെയ്തു. തിന്മക്കു മേല്‍ വിഷ്ണു എന്ന നന്‍മ•യുടെ പ്രതീകം വിജയം കൊണ്ടതിന്റെ ആഘോഷങ്ങളായി പല ഹിന്ദു ആഘോഷങ്ങളും ഉണ്ടായിരിക്കെ അതില്‍ നിന്ന് വിഭിന്നമായ ഒന്നാണ് ഓണം എന്നത് ശ്രദ്ധേയമാണ്. രാവണനെ ആഘോഷിക്കുകയും പൂജിക്കുകയും ചെയ്യുന്ന ചില വിഭാഗങ്ങളുണ്ട്. അതുപോലെ, മഹിഷാസുരനെ വാഴ്ത്തുന്ന പതിവും ചില സമുദായങ്ങള്‍ക്കിടയിലുണ്ട്. അതാണല്ലോ, മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനി വിമര്‍ശിച്ചതും വലിയ വിവാദമായിത്തീര്‍ന്നതും.
മഹാബലിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് പോലെ ആചരിക്കപ്പെടുന്ന ഓണത്തെ അട്ടിമറിക്കാനുള്ള ബ്രാഹ്മണാധീശത്വത്തിന്റെ നീക്കമായാണ് ഇപ്പോഴത്തെ വിവാദങ്ങളെ പ്രസിദ്ധ ദളിത് ചിന്തകന്‍ കാഞ്ചാ ഇളയ്യ കാണുന്നത്. കറുത്ത തൊലിനിറമുള്ള ദൈവങ്ങളെയും രാജാക്കന്‍മാരെയും പിശാചുക്കളും അസുരന്‍മാരും ആയി ചിത്രീകരിക്കാനുള്ള ബ്രാഹ്മണ-ജ്ഞാനാധികാരത്തിന്റെ പ്രവൃത്തികളാണിതെല്ലാം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍, എറണാകുളം ജില്ലയിലെ തൃക്കാക്കരയില്‍ ഓണക്കാലത്ത് നടക്കുന്ന പൂജകളും ഇതിന് സമാനമായി, മധ്യ കേരളത്തിലെ സവര്‍ണ ഹിന്ദു വീടുകളില്‍ നടത്തുന്ന മാതേരിനെ പൂജിക്കലും ആരാധിക്കപ്പെടുന്നത് വിഷ്ണുവാണ് എന്ന തോന്നലുളവാക്കുന്നുണ്ട്. ഐതിഹ്യങ്ങളും ആഘോഷങ്ങളുമാകുമ്പോള്‍ അത്തരം അവ്യക്തതകളും മറ്റും സാധാരണമാണെന്നിരിക്കെ, ജനങ്ങള്‍ക്ക് ഇതൊന്നും വലിയ ചിന്താക്കുഴപ്പങ്ങളുണ്ടാക്കാറുമില്ല.
ഇതിന്റെ തൊട്ടു പുറകെ, ഉത്രാടനാളില്‍ ബി ജെ പിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്റെ ഫേസ് ബുക്ക് പേജിലൂടെ വാമനജയന്തി ആശംസകള്‍ അറിയിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനടക്കം നിരവധി പ്രമുഖര്‍ ഈ പരാമര്‍ശത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തു വരികയും ഇത് മലയാളികളെയും കേരളത്തെയും അപമാനിക്കലാണെന്ന് കുറ്റപ്പെടുത്തുകയുമുണ്ടായി. പിറ്റേന്ന്, തിരുവോണ ദിവസം, അമിത് ഷാ, വള്ളം കളി പശ്ചാത്തലമാക്കി തന്റെ മലയാളി സുഹൃത്തുക്കള്‍ക്ക് ഓണാശംസകളുമായി പ്രത്യക്ഷപ്പെടുകയും ചെയ്തു.
കെ ഇ എന്‍ പറയുന്നത്, കാര്യങ്ങള്‍ ഈ വിധമായിത്തീര്‍ന്നതിനു പിന്നില്‍, സങ്കീര്‍ണമായ കാരണങ്ങളുണ്ടെന്നാണ്. മതേതരരും ഇടതുപക്ഷക്കാരും ഓണത്തെ ഏറ്റവും മതേതരമായ ദേശീയാഘോഷമാക്കി ഉയര്‍ത്തിപ്പിടിച്ചതില്‍ ഒരു പിശകുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. അതായത്, ഓണത്തിന് ഒരു ആത്മീയ തലമുണ്ട്. അത് തികച്ചും ഹൈന്ദവവും സവര്‍ണവുമാണ്. അത് പോഷിപ്പിക്കാനാണ് 1961ല്‍ പട്ടം താണുപിള്ള ഓണത്തെ കേരളത്തിന്റെ ദേശീയോത്സവമാക്കിയത്. ഇത് വേണ്ടത്ര കാണാതെ പോകുന്ന പുരോഗമനവിശ്വാസികള്‍, ഓണാഘോഷത്തിന്റെ ഭൗതിക തലം മതേതരമായിത്തീര്‍ന്നതില്‍ ആനന്ദിക്കുക മാത്രമാണ് ചെയ്യുന്നത്. തീര്‍ച്ചയായും, ഓണാഘോഷത്തിന്റെ ഭൗതിക തലം മതേതരമാണെന്നു മാത്രമല്ല; ഭൂപരിഷ്‌കരണത്തിലൂടെയും പ്രവാസജീവിതത്തിലൂടെയും സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ക്ക് ലഭ്യമായ വര്‍ധിച്ച സാമൂഹിക പ്രവേശത്തിന്റെയും ദൃശ്യതയുടെയും ഫലമായാണ് ഓണം അടക്കമുള്ള ആഘോഷങ്ങള്‍ കൂടുതല്‍ സാമൂഹികമായിത്തീര്‍ന്നത് എന്നതും ചരിത്ര വസ്തുതയാണ്. എന്നാല്‍, തീവ്ര വലതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഓണത്തിന്റെ ആത്മീയ തലങ്ങളില്‍ പിടിമുറുക്കുക എന്നതു തന്നെയാണ് ലക്ഷ്യവും മാര്‍ഗവും. അതിനാലാണ്, ഐതിഹ്യത്തെ തലനാരിഴ കീറി പരിശോധിച്ച് ബ്രാഹ്മണാധീശത്വത്തെ അവര്‍ അരക്കിട്ടുറപ്പിക്കുന്നത്. ഇന്ത്യന്‍ ഫാസിസത്തിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രം ജാതി വെറിയും അതിന്റെ സാധൂകരണങ്ങളും പ്രയോഗങ്ങളും ആണെന്ന ചരിത്ര- വര്‍ത്തമാന യാഥാര്‍ഥ്യം തന്നെയാണ് ഇവിടെ തെളിഞ്ഞു വരുന്നത്.
Reference : In a Battle Fought in Mythology, The RSS Attempts to Rewrite the Tale of Onam; and What Everyone Else Has to Say By Shawn Sebastian | 14 September 2016
(http://www.caravanmagazine.in/vantage/mythology-rss-rewrite-onam-kerala)

 

Latest