Connect with us

Gulf

ജലപാന സാക്ഷരത ജീവിത ദൗത്യമാക്കി ഹുസൈന്റെ ബോധവത്കരണ യാത്രകള്‍

Published

|

Last Updated

ദുബൈ: ജലപാനം ജീവന്‍ നിലനിര്‍ത്താന്‍ മാത്രമല്ല അനേകം രോഗങ്ങള്‍ക്കു പരിഹാര മാര്‍ഗമാണെന്ന അവബോധം മലയാളികള്‍ക്ക് നല്‍കാനുള്ള യത്‌നം ജീവിത ദൗത്യമായി ഏറ്റെടുത്തിരിക്കുകയാണ് ഹുസൈന്‍ ചെറുതുരുത്തിയെന്ന പ്രവാസി മലയാളി. രോഗചികിത്സക്ക് പകരം ശുദ്ധ ജലപാനത്തിലൂടെ രോഗ പ്രതിരോധം എന്ന ആശയ പ്രചാരണത്തിനായി വിശ്രമമില്ലാതെ ഓടിനടക്കുന്ന ഹുസൈന്‍, ഇന്ത്യക്കകത്തും പുറത്തുമായി ആയിരത്തിലധികം വേദികള്‍ ഇതിനകം പങ്കിട്ടു കഴിഞ്ഞു.
ശുദ്ധജലം മതിയായ അളവില്‍ പാനം ചെയ്ത് ആരോഗ്യം സംരക്ഷിക്കുക, വീടും പരിസരങ്ങളും ശുചീകരിക്കുക, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലൂടെ രോഗ വിമുക്തി നേടുക തുടങ്ങിയ ലളിത പാഠങ്ങളാണ് ജലസാക്ഷരതാ യത്‌നത്തിന്റെ കാതല്‍. ഈ സന്ദേശം പ്രചരിപ്പിക്കുന്നതിന് തൃശൂര്‍ ആസ്ഥാനമാക്കി വെല്‍നെസ് ഫൗണ്ടേഷന്‍ എന്ന സംഘടനക്ക് രൂപം നല്‍കിയിട്ടുണ്ട്.
ആരോഗ്യ ബോധവത്കരണത്തോടൊപ്പം ജല സംരക്ഷണത്തിന് ഊന്നല്‍ നല്‍കിയാണ് വെല്‍നെസ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. സാക്ഷര സമ്പന്നരായ മലയാളികള്‍ക്ക് ജലസാക്ഷരതയുടെ തിരിച്ചറിവ് പകരുകയെന്നതാണ് അഞ്ചു വര്‍ഷം നീളുന്ന ജല സാക്ഷരതാ മിഷന്‍ കൊണ്ടു ലക്ഷ്യമിടുന്നത്. ജലസംഭരണം, ജലസംരക്ഷണം ജലമലിനീകരണം. ജലജന്യരോഗങ്ങള്‍, ജലശുദ്ധീകരണം, ശുദ്ധജല ആരോഗ്യം, ശരിയായ ജലപാനം എന്നിവയിലുള്ള പ്രായോഗിക അവബോധം വളര്‍ത്തലാണ് പദ്ധതി ലക്ഷ്യം.
ഇതിന്റെ ഒന്നാം ഘട്ട പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ, യു എ ഇ, ഖത്വര്‍, ഒമാന്‍, സഊദി അറേബ്യ, ബഹ്‌റൈന്‍ എന്നീ ആറു രാജ്യങ്ങളിലെ നൂറു വേദികളിലായി അടുത്ത മൂന്നു മാസങ്ങളില്‍ നടക്കും. കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ജല സാക്ഷരതാ പ്രചരണ വേദികളാവും. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഹുസൈന്‍ 1989 മുതല്‍ ദുബൈയില്‍ പ്രവാസിയായിരുന്നു. ദുബൈയില്‍ ഒരു കമ്പനിയില്‍ മാനേജറായിരിക്കേ 2008ലാണ് ഹുസൈന്‍ ബോധവത്കരണ രംഗത്തേക്ക് കടന്നുവരുന്നത്. ഓരോ സെഷനുകളും കൂടുതല്‍ സ്വീകാര്യത നേടിയതോടെ സജീവമാകാന്‍ തീരുമാനിച്ചു.
ജലപാനത്തിന്റെ പ്രാധാന്യവും രീതികളും വിവരിക്കുന്ന ഇദ്ദേഹത്തിന്റെ പവര്‍ പോയിന്റ് സഹിതമുള്ള വിഷയാവതരണം ആര്‍ക്കും ഗ്രഹിക്കാനാവും വിധം ലളിതമാണ്. കേരള ജലവകുപ്പും ആഭ്യന്തര വകുപ്പും ഉള്‍പെടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും സാമൂഹിക സംഘടനകളുടെയും സഹകരണത്തിലാണ് പല പരിപാടികളും സംഘടിപ്പിച്ചത്.
കേരളത്തിലും ജി സി സി രാഷ്ട്രങ്ങളിലും നിരവധി വേദികളാണ് ഈ ലക്ഷ്യത്തിനായി ഉപയോഗപ്പെടുത്തിയത്.