ലഗേജിനുള്ളിലെ ഹൃദയത്തുടിപ്പ് അവര്‍ക്ക് മനസ്സിലാകുമോ?

Posted on: September 17, 2016 11:06 pm | Last updated: September 17, 2016 at 11:06 pm
SHARE

gulf-kaazchaഇത്തവണ ഓണവും പെരുന്നാളും ഒരുമിച്ചെത്തിയതും ആഘോഷിക്കാന്‍ മതിയാംവണ്ണം അവധി ലഭിച്ചതും ഗള്‍ഫ് മലയാളികളെ ഏറെ സന്തോഷിപ്പിച്ചു. പൊതുമേഖലയിലുള്ളവര്‍ക്ക് വാരാന്ത്യ അവധികള്‍ അടക്കം ഏതാണ്ട് ഒമ്പത് ദിവസം ജോലിക്ക് പോകേണ്ടതില്ലായിരുന്നു. സ്വകാര്യമേഖലക്ക് 12,13 തിയ്യതികളില്‍ അവധി ആയതിനാല്‍ 14ന് തിരുവോണം ആഘോഷിക്കാനുള്ള ഒരുക്കം നടത്താന്‍ വേണ്ടത്ര സാവകാശം ലഭിച്ചു. മലയാളികള്‍ കൂടുതലുള്ള സ്വകാര്യസ്ഥാപനങ്ങളില്‍ ഹാജര്‍നില കുറവായിരുന്നു. പലരും നാട്ടിലേക്ക് വിമാനം കയറിയതായിരുന്നു പ്രധാന കാരണം. ദുല്‍ഹിജ്ജ മാസിപ്പിറവി കണ്ടതിനു ശേഷമാണ്, എത്ര ദിവസമാണ് ഈദ് അവധിയെന്ന് ഭരണകൂടങ്ങള്‍ പ്രഖ്യാപിച്ചത്. യു എ ഇയിലും ഖത്തറിലുമാണ് ഒമ്പത് ദിവസത്തോളം അവധി ലഭിച്ചത്. എന്നാല്‍ പിന്നെ ആഘോഷം നാട്ടിലാക്കിക്കളയാമെന്ന് വിദേശികള്‍, വിശേഷിച്ച് മലയാളികള്‍ തീരുമാനിച്ചു. വിമാനടിക്കറ്റിന് വേണ്ടി നെട്ടോട്ടമായി. യാത്രക്കാര്‍ വര്‍ധിക്കുമെന്ന സൂചന കണ്ടതോടെ, എയര്‍ലൈനറുകള്‍ നിരക്ക് കൂട്ടാന്‍ തുടങ്ങി. എയര്‍ലൈനറുകളും ട്രാവല്‍ എജന്‍സികളും കാറ്റുള്ളപ്പോള്‍ തൂറ്റുമെന്ന് ഏവര്‍ക്കും അറിയാം. പക്ഷേ ”കൊള്ളയും കൊള്ളിവെപ്പുമാണ്” ഇത്തവണ കണ്ടത്. നിരുത്തരവാദത്തിന്റെ പരകോടിയിലായിരുന്നു ഇന്ത്യന്‍ എയര്‍ലൈനറുകളെന്നത് മറ്റൊരു ദുഃഖസത്യം. ഓണം, ഈദ് അവധിക്കാണല്ലോ, നാടണയുന്നത്? സ്വാഭാവികമായും ഉറ്റവര്‍ക്ക് കുറച്ച് സമ്മാനങ്ങള്‍ ആരും വാങ്ങാതിരിക്കില്ല. കുട്ടികളാണെങ്കില്‍ രക്ഷിതാവ് കൊണ്ടുവരുന്ന പുത്തനുടുപ്പുകള്‍ക്കും മധുരങ്ങള്‍ക്കും, കളിപ്പാട്ടങ്ങള്‍ക്കും വേണ്ടി കാത്തിരിക്കുന്നുണ്ടാകും.
പെരുന്നാളിന് തലേദിവസമാണ് പലരും ഭാണ്ഡം മുറുക്കിയത്. സാധാരണ നാട്ടിലേക്കുള്ളത് പോലെയല്ല, ആഘോഷങ്ങള്‍ക്ക് പോകുന്നത്. പലതരം അഹ്ലാദം മനസില്‍ നിറയും. താന്‍ കൊണ്ടുപോകുന്ന സമ്മാനം ഉറ്റവര്‍ ഏറ്റുവാങ്ങുമ്പോള്‍ അവരുടെ കണ്ണില്‍ വിരിയുന്ന സന്തോഷത്തിന് പകരം വെക്കാന്‍ മറ്റൊന്നില്ല. അത് കാണുന്നതില്‍പരം ആത്മനിര്‍വൃതി വേറെയില്ല.
നാട്ടില്‍ വിമാനമിറങ്ങിയ നൂറുകണക്കിനാളുകള്‍ പക്ഷേ, കബളിപ്പിക്കപ്പെട്ടു. പലരുടേയുംലഗേജ് എത്തിയില്ല. കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങളില്‍ നിരാശ ഘനീഭവിച്ച മുഖങ്ങള്‍ ധാരാളമായിരുന്നു. ”വല്ലപ്പോഴും കൈനിറയെ സമ്മാനങ്ങളുമായി എത്തുന്ന രക്ഷിതാവിനെ” കാത്തിരിക്കുന്ന കുട്ടികളുടെ സങ്കടം ഓര്‍ത്തു നോക്കൂ. എയര്‍ലൈന്‍ മേധാവികള്‍ക്കും വിമാനത്താവള ജീവനക്കാര്‍ക്കും ഇതൊന്നും മനസ്സിലാവില്ല.
ലഗേജിലെ ഉല്‍പന്നങ്ങളുടെ മൂല്യം തിട്ടപ്പെടുത്താനാവാത്തതാണ്. മൂല്യം അളവറ്റതാകുന്നത് സമ്മാനം യഥാസമയം ഉറ്റവര്‍ക്ക് ലഭിക്കുമ്പോഴാണ്. ഓണക്കോടി, ചതയ ദിനത്തിന് കിട്ടിയിട്ടെന്താ കാര്യം!
ലഗേജ് എപ്പോള്‍ കൈപറ്റാനാകുമെന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വമാണ് മറ്റൊന്ന്.
മംഗലാപുരം, വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലക്കാരുമുണ്ട്. തിരിച്ച്, കോഴിക്കോട് ഇറങ്ങുന്നവരില്‍ കാസര്‍കോടിന്റെ വടക്കേ അറ്റത്തുനിന്നുള്ളവരുമുണ്ട്. വിമാനത്തിന്റെ കൂടെ ‘ലഗേജ്’ എത്തിയില്ലെങ്കില്‍ ഇവര്‍ക്ക് വരുന്ന സമയ നഷ്ടവും സാമ്പത്തിക നഷ്ടവും ചെറുതല്ല. ലഗേജ് പിറ്റേദിവസം ലഭിക്കുമെന്ന പ്രതീക്ഷയില്‍ വീട്ടിലേക്ക് പോയി, ഉറ്റവരെ ആശ്വസിപ്പിച്ച്, വീണ്ടും വിമാനത്താവളത്തില്‍ എത്തുക എളുപ്പമല്ല. പെരുന്നാള്‍, ഓണം ആഘോഷിക്കാന്‍ പോയവര്‍ക്ക് ഇതിനായി നീക്കിവെക്കാന്‍ സമയം ഉണ്ടാകില്ല. മാത്രമല്ല, കാസര്‍ക്കോട് നിന്ന് കോഴിക്കോട്ടേക്കും തിരിച്ചും മറ്റൊരു യാത്ര എന്നത് കൊല്ലാകൊലയാണ്. മംഗലാപുരത്തിറങ്ങിയ കോഴിക്കോട്ടുകാര്‍ക്കും ഇതേ അവസ്ഥയായിരിക്കും.
ലഗേജ് കൈപറ്റാനുള്ള യാത്രാ ചെലവിനായി ആയിരം രൂപയാണ് എയര്‍ലൈന്‍ നല്‍കുക. അതും അപമാനിക്കലാണ്. ദൂരയാത്രക്കാരന് കുറഞ്ഞത് 3000 രൂപയെങ്കിലും ചെലവാകും. അത് കൊണ്ട് തന്നെ നക്കാപ്പിച്ചക്ക് ആരും കാത്തുനില്‍ക്കുകയുമില്ല.
പെരുന്നാള്‍ കഴിഞ്ഞ് ദിവസങ്ങളായിട്ടും ലഗേജ് കിട്ടാത്തവരുണ്ടെന്ന് കേള്‍ക്കുന്നു. തിരിച്ച് ഗള്‍ഫിലേക്ക് വരാന്‍ സമയമായതിനാല്‍ ലഗേജ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചവരുമുണ്ട്. വര്‍ഷത്തിലൊരിക്കലെത്തുന്ന ആഘോഷത്തിന്റെ ആനന്ദത്തിലേക്ക് എയര്‍ലൈനറുകള്‍ മണല്‍വാരിയിട്ടു.
യാത്രക്കാര്‍ കൂടുമ്പോള്‍ ലഗേജിന്റെ കാര്യത്തില്‍ എയര്‍ലൈനറുകളും വിമാനത്താവളാധികൃതരും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് മനസിലാക്കാം. യാത്രക്കാരെ ദ്രോഹിച്ചുകൊണ്ടല്ല, പക്ഷേ പ്രതിവിധി കാണേണ്ടത്. കൂടുതല്‍ ആളുകളെ ഉള്‍കൊള്ളുവാന്‍ ശേഷിയുള്ള വിമാനം പറത്തുക എന്നതാണ് ന്യായം. അല്ലെങ്കില്‍ ലഗേജ് കൊണ്ടുപോകുന്നതിന് പരിമിതിയുണ്ടെന്ന് കാലേകൂട്ടി അറിയിക്കുക.
കോഴിക്കോട് റണ്‍വെ അറ്റകുറ്റപ്പണി നീണ്ടുപോകുന്നതിനെതിരെ വലിയ പ്രക്ഷോഭം നടക്കുകയാണ്. ഒരു വര്‍ഷമായിട്ടും അറ്റകുറ്റപ്പണി തീര്‍ന്നിട്ടില്ല. അധികൃതരുടെ മെല്ലെപ്പോക്കിന് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്നാണ് ആക്ഷേപം. വലിയ വിമാനങ്ങള്‍ കോഴിക്കോട്ടേക്ക് എത്താതിരിക്കാന്‍ നിക്ഷിപ്ത താത്പര്യക്കാര്‍ ശ്രമിക്കുന്നുണ്ടത്രെ.
കോഴിക്കോട്ടെ യാത്രക്കാര്‍ക്ക് ലഗേജ് നഷ്ടപെടുന്നതിന് ഇതും കാരണമാണ്. എത്രയും വേഗം അറ്റകുറ്റപ്പണി തീര്‍ക്കണം. കണ്ണൂര്‍ വിമാനത്താവളം പൂര്‍ണ യാഥാര്‍ഥ്യമായാലും കോഴിക്കോടിന്റെ പ്രസക്തി കുറയുന്നില്ല. ആ നിലയില്‍ ദീര്‍ഘദൃഷ്ടിയോടുള്ള വികസനം കോഴിക്കോടിന് അനിവാര്യം.
യാത്രക്കാര്‍ക്കെന്ന പോലെ ലഗേജിനും കുറച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പെടുത്തേണ്ടതുണ്ട്. കോണ്‍വോയര്‍ ബെല്‍റ്റുകളുടെ എണ്ണം കൂട്ടുകയാണ് അതിലൊന്ന്. വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് ഒരേ സമയം വിമാനം വന്നാല്‍ ലഗേജിനു വേണ്ടി കൂട്ടപ്പൊരിച്ചിലാകുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. മംഗലാപുരത്ത് മറ്റൊരു പ്രശ്‌നംകൂടിയുണ്ട്. സന്ദര്‍ശക വിസയില്‍ ഗള്‍ഫില്‍ പോകാനെത്തുന്നവരെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നിരന്തരം ചോദ്യം ചെയ്യുന്നതാണത്. ചിലരുടെ യാത്ര മുടങ്ങിയിട്ടുണ്ട്. ഇവരുടെ ലഗേജ് തിരിച്ചുകിട്ടുക എളുപ്പമല്ല. യാത്രമുടങ്ങുമ്പോള്‍ ടിക്കറ്റ് പാഴാകുന്നത് മൂലമുള്ള ധനനഷ്ടവും കണക്കുകൂട്ടലുകള്‍ പിഴച്ചതിലുള്ള മാനഹാനിയും വേറെ. ഗള്‍ഫ് മലയാളികളെ എന്തിനാണ് എല്ലാവരും ചേര്‍ന്ന് ദ്രോഹിക്കുന്നത്?