Connect with us

Gulf

ജനറല്‍ ശൈഖ് മുഹമ്മദും ഇറ്റാലിയന്‍ പ്രധാനമന്ത്രിയും ഉഭയകക്ഷി ബന്ധങ്ങള്‍ ചര്‍ച്ചചെയ്തു

Published

|

Last Updated

ഇറ്റലിയിലെത്തിയ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നു.
ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റെയോ റെന്‍സി സമീപം

അബുദാബി: ഇറ്റലിയിലെത്തിയ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റയോ റെന്‍സിയും ഉഭയകക്ഷി ബന്ധങ്ങള്‍ ചര്‍ച്ച ചെയ്തു. മേഖലാതലത്തിലും അന്താരാഷ്ട്രതലത്തിലുമുള്ള കാര്യങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
ഇറ്റലിയിലെത്തിയ ജനറല്‍ ശൈഖ് മുഹമ്മദിനെയും ഔദ്യോഗിക സംഘത്തെയും പ്രധാനമന്ത്രി സ്വീകരിച്ചു. ജനറല്‍ ശൈഖ് മുഹമ്മദിന്റെ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി മറ്റയോ റെന്‍സി സന്തോഷം പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ദൃഢപ്പെടുത്താന്‍ സന്ദര്‍ശനം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചയില്‍ യു എ ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനും സംബന്ധിച്ചു. യു എ ഇയുടേയും ഇറ്റലിയുടേയും സമ്പദ് വ്യവസ്ഥക്ക് ഊന്നല്‍ നല്‍കാന്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുള്ള കാര്യങ്ങളാണ് നേതാക്കള്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. രാജ്യങ്ങള്‍ തമ്മില്‍ വാണിജ്യ ബന്ധം സൃഷ്ടിച്ച് പുതിയ അവസരങ്ങള്‍ തുറക്കുന്നതിനുള്ള കാര്യങ്ങളും ജനറല്‍ ശൈഖ് മുഹമ്മദും മറ്റെയോ റെന്‍സിയും സംസാരിച്ചു.
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ശക്തമായ നേതൃത്വത്തിന് കീഴില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തലാണ് യു എ ഇയുടെ ലക്ഷ്യമെന്ന് ജനറല്‍ ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

Latest