അസോസിയേഷനുകളുടെ ഓണാഘോഷം: സദ്യ ഉണ്ടത് പതിനായിരങ്ങള്‍

Posted on: September 17, 2016 9:30 pm | Last updated: September 17, 2016 at 9:30 pm

ak-saseendranഷാര്‍ജ: അബുദാബി, ദുബൈ, ഷാര്‍ജ തുടങ്ങി മിക്ക എമിറേറ്റുകളിലും വിവിധ ഇന്ത്യന്‍ അസോസിയേഷനുകള്‍ ഓണാഘോഷം നടത്തി. സംഘാടകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് 14,000 ത്തിലേറെ ആളുകള്‍ ഓണ സദ്യയുണ്ടെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വ്യക്തമാക്കി. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്. അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ എ റഹീമിന്റെ അധ്യക്ഷതയില്‍ കേരള ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍ സ്വാഗതം പറഞ്ഞു. അസോസിയേഷന്‍ രക്ഷാധികാരി അഹ്മദ് മുഹമ്മദ് ഹമദ് അല്‍ മിദ്ഫ, ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്‌പോര്‍ട് വിഭാഗം കോണ്‍സുല്‍ സന്ദീപ് ചൗധരി, മുന്‍ എം എല്‍ എയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനുമായിരുന്ന ടി വി ചന്ദ്രമോഹന്‍ എന്നിവര്‍ സംസാരിച്ചു.കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍, പ്രമോദ് മഹാജന്‍, ജിയോ ജോര്‍ജ് നരേപ്പറമ്പന്‍, മാത്തുക്കുട്ടി, രാഗേഷ് ഗൗര്‍, വിജയ് ഭാട്യ സംബന്ധിച്ചു.
isc-newഓണാഘോഷത്തോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സുവനീര്‍ മന്ത്രി അഡ്വ. വൈ എ റഹീമിനു നല്‍കി പ്രകാശനം ചെയ്തു. ട്രഷറര്‍ വി നാരായണന്‍ നായര്‍ നന്ദി പറഞ്ഞു. താലപ്പൊലി, പഞ്ചവാദ്യം, ശിങ്കാരിമേളം, തെയ്യം, ദഫ് മുട്ട്, പുലിക്കളി, വിവിധ കേരളീയ കലാരൂപങ്ങള്‍, ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സിന്റെ ബാന്റ് മേളം എന്നിവയുടെ അകമ്പടിയോടെയാണ് അതിഥികളെ സ്റ്റേജിലേക്കാനയിച്ചത്. വള്ളപ്പാട്ട്, തിരുവാതിര, സിനിമാറ്റിക് ഡാന്‍സ് തുടങ്ങി വിവിധ കലാപരിപാടികളും മധു ബാലകൃഷ്ണനും സംഘവും അവതരിപ്പിച്ച ഗാനമേളയും, സിനിമാനടന്‍ സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിച്ച ‘പെണ്‍ നടന്‍ ‘എന്ന സോളോ ഡ്രാമയും അരങ്ങേറി. പൂക്കള മത്സരത്തില്‍ മാസ് ഷാര്‍ജ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യുവകലാസാഹിതി രണ്ടാം സ്ഥാനവും, ടീം ബെന്‍ഹൂര്‍, ഐ എസ് സി അജ്മാന്‍ എന്നിവര്‍ മൂന്നാം സ്ഥാനങ്ങളും പങ്കിട്ടു.
ഖോര്‍ഫുകാന്‍: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് സംഘടിപ്പിച്ച ഓണം-ഈദ് ആഘോഷം ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് വൈസ് കോണ്‍സുല്‍ വിഭ കാന്ത് ശര്‍മ ഉദ്ഘാടനം ചെയ്തു. 400ലധികം ആളുകള്‍ പങ്കെടുത്ത ആഘോഷത്തില്‍ ഓണസദ്യയും ഒരുക്കി. ചടങ്ങില്‍ 10, 12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു. കേരള ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 13 വിഭാഗത്തില്‍ ജേതാവായ മാസ്റ്റര്‍ ഫാസിം അന്‍സാറിനെ പുരസ്‌കാരം നല്‍കി ആദരിച്ചു. തിരുവാതിര, വള്ളംകളി, ഒപ്പന, ക്ലാസിക്കല്‍-സെമി ക്ലാസിക്കല്‍ ഡാന്‍സ് എന്നിവയും അരങ്ങേറി.
അബുദാബി: അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ ആയിരിക്കണക്കിനാളുകളാണ് ഓണാഘോഷത്തിനെത്തിയത്.