Connect with us

Gulf

ഖത്വറിന്റെ കോര്‍പറേറ്റ് വരുമാനം ഈ വര്‍ഷം സമതുലിതാവസ്ഥയിലെന്ന് മര്‍കസ്‌

Published

|

Last Updated

ദോഹ: ഖത്വറിന്റെ കോര്‍പറേറ്റ് വരുമാനം ഈ വര്‍ഷം സമതുലിതാവസ്ഥയിലായിരിക്കുമെന്ന് കുവൈത്ത് ധനകാര്യ കേന്ദ്ര (മര്‍കസ്)ത്തിന്റെ റിപ്പോര്‍ട്ട്. ഗള്‍ഫ് രാഷ്ട്രങ്ങളേക്കാള്‍ കടമെടുക്കല്‍ ശേഷിയും ഖത്വറിന് വര്‍ധിക്കുമെന്ന് മര്‍കസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ കുതിച്ചുചാട്ടമാണ് ഇതിന് കാരണം.
ഖത്വറിന്റെ കോര്‍പറേറ്റ് വരുമാനം ഈ വര്‍ഷം ആദ്യ പകുതിയില്‍ 11 ശതമാനം താഴ്ന്നിരുന്നു. വസ്തു ഇടപാട് വിപണിയിലെ വരുമാനം അമ്പത് ശതമാനത്തോളം താഴ്ന്നത് ഖത്വറിന്റെ മൊത്തം വരുമാന വളര്‍ച്ചയെ ബാധിച്ചിരുന്നു. അതേസമയം ടെലികമ്യൂനിക്കേഷന്‍സ്, ബേങ്കിംഗ് മേഖലകള്‍ യഥാക്രമം 35, മൂന്ന് ശതമാനം വീതം വര്‍ധിച്ചു. താഴ്ന്ന എണ്ണ വിലയും പണഞെരുക്കവും ആഗോള വളര്‍ച്ചയിലെ മന്ദതയുമാണ് ജി സി സിയില്‍ കോര്‍പറേറ്റ് വരുമാനം ഇടിയാന്‍ കാരണമായതെന്ന് മര്‍കസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഒമാനൊഴികെയുള്ള ജി സി സി രാഷ്ട്രങ്ങളില്‍ കോര്‍പറേറ്റ് വരുമാനം എട്ട് ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഒമാനില്‍ ഏഴ് ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ആദ്യപകുതിയില്‍ ജി സി സിയുടെ മൊത്തം കോര്‍പറേറ്റ് വരുമാനം 32.8 ബില്യന്‍ ഡോളറാണ്. ടെലികോം, ധനകാര്യ മേഖലകളാണ് ഇതില്‍ പ്രധാന പങ്കും.
അന്താരാഷ്ട്ര വിപണികളും നാണയ കൈമാറ്റവുമാണ് ടെലികമ്യൂനിക്കേഷന്‍സ്, ധനകാര്യ മേഖലകള്‍ക്ക് തുണയായത്. ബേങ്കിംഗ് മേഖലയില്‍ നിന്നുള്ള വരുമാനവും സമതുലിതാവസ്ഥയിലാണ്.
ഈ വര്‍ഷം ആദ്യ പകുതിയില്‍ സഊദി അറേബ്യയുടെ മൊത്തം കോര്‍പറേറ്റ് വരുമാനത്തില്‍ ഏഴ് ശതമാനം ഇടിവാണ് ഉണ്ടാത്. ധനകാര്യ മേഖല അല്ലാത്തതിലെല്ലാം ഇടിവ് രേഖപ്പെടുത്തി. വസ്തു വിപണിയില്‍ നെഗറ്റീവ് 50 ശതമാനമാണ് ഇടിവ്. കുവൈത്തിന് ആറ് ശതമാനം ഇടിവാണുണ്ടായത്. യു എ ഇ കമ്പനികള്‍ക്ക് എട്ട് ശതമാനവും ഇടിവ് നേരിട്ടതായി മര്‍കസ് റിപ്പോര്‍ട്ടില്‍ പറയുന്നു.