കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം ഖത്വറില്‍

Posted on: September 17, 2016 7:05 pm | Last updated: September 22, 2016 at 7:43 pm
SHARE
old and child
old and child

ദോഹ: കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ ഉയര്‍ന്ന നിരക്കില്‍ ആയുര്‍ദൈര്‍ഘ്യമുള്ള രാജ്യം ഖത്വര്‍. ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര ആരോഗ്യ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ലോകാരോഗ്യ സൂചിക 2016 എന്ന റിപ്പോര്‍ട്ടില്‍ ഖത്വറിലെ ആയുര്‍ദൈര്‍ഘ്യം 78.2 വയസ്സ് ആണ്. മറ്റ് ജി സി സി രാഷ്ട്രങ്ങളടക്കം മേഖലയിലെ 20 രാഷ്ട്രങ്ങളേക്കാള്‍ ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യമാണിത്. രാജ്യത്ത് സ്ത്രീകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 80 വയസ്സ് ആണ്. പുരുഷന്മാരുടെത് 77.4 വയസ്സും.
ജി സി സിയില്‍ പൊതുവെ ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ഖത്വറിന് ശേഷം യു എ ഇയാണ് ആയുര്‍ദൈര്‍ഘ്യം കൂടിയത്. 77.1 വയസ്സാണ് യു എ ഇയിലെ ആയുര്‍ദൈര്‍ഘ്യ നിരക്ക്. ബഹ്‌റൈന്‍ 76.9ഉം ഒമാന്‍ 76.6ഉം കുവൈത്ത് 74.7ഉം സഊദി അറേബ്യ 74.5ഉം വയസ്സ് ആണ് ആയുര്‍ദൈര്‍ഘ്യം. വിദഗ്ധരായ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് രാജ്യത്തെ മുഴുവന്‍ ജനനങ്ങളും നടക്കുന്നത്. ഇക്കാര്യത്തിലും ഖത്വര്‍ ഒന്നാമതാണ്. ഖത്വറില്‍ അഞ്ച് വയസ്സിന് താഴെയും നവജാത ശിശുക്കളുടെയും മരണനിരക്ക് പതിനായിരം ജനനങ്ങളില്‍ 8.3 ആണ്. മാതൃമരണനിരക്ക് പതിനായിരം പ്രസവങ്ങളില്‍ 13 ആണ്. വാഹനാപകട മരണനിരക്ക് പതിനായിരം പേരില്‍ 15 ആണ്. കുവൈത്ത്, സഊദി, ഒമാന്‍ തുടങ്ങിയ അയല്‍രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണിത്.
ഈ വര്‍ഷം ആദ്യത്തില്‍ ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ലോകാരോഗ്യ സംഘടനയിലെ 194 അംഗ രാഷ്ട്രങ്ങളെയും ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആരോഗ്യവുമായി ബന്ധപ്പെട്ട സുസ്ഥിര വികസന ലക്ഷ്യങ്ങളെയാണ് ലോകാരോഗ്യ സൂചിക 2016 കേന്ദ്രീകരിക്കുന്നത്. ആരോഗ്യവുമായി ബന്ധപ്പെട്ട സുസ്ഥിര വികസന ലക്ഷ്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ സമാഹരിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. ഔദ്യോഗിക സൂചികകളുടെ അഭാവം കാരണം ആയുര്‍ദൈര്‍ഘ്യം പോലുള്ള കണക്കുകളാണ് അതാത് രാഷ്ട്രങ്ങളിലെ ആരോഗ്യതത്സ്ഥിതി സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഓരോ രാജ്യത്തെയും മരണ നിരക്ക് (എല്ലാ പ്രായക്കാരും ഉള്‍പ്പെടെ), ആരോഗ്യസംബന്ധിയായ പദ്ധതികള്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ആരോഗ്യ സൂചിക തയ്യാറാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here