ഫിഫ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ഇനിയില്ല

Posted on: September 17, 2016 6:54 pm | Last updated: September 17, 2016 at 6:54 pm

balandiyorപാരീസ്: ഫിഫ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ഇനിയില്ല. ഫിഫയും ബാലന്‍ ഡി ഓറിന്റെ ഉടമകളായ ഫ്രാന്‍സ് ഫുട്‌ബോളും തമ്മിലുള്ള കരാര്‍ അവസാനിച്ചതോടെയാണ് ലോക ഫുട്‌ബോളിലെ പരമോന്നത ബഹുമതികളൊന്ന് ഇനി കളിക്കാര്‍ക്കു സ്വപ്നമാകുന്നത്. ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നല്‍കുന്നത് അവസാനിപ്പിക്കുമെങ്കിലും മികച്ച ഫുട്‌ബോളര്‍ക്ക് നല്‍കുന്ന പുരസ്‌കാരങ്ങള്‍ ഫിഫ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.

ഫിഫയും ഫ്രാന്‍സ് ഫുട്‌ബോളും തമ്മിലുള്ള കരാര്‍ ജനുവരിയില്‍ അവസാനിച്ചിരുന്നു. ഇനി കരാര്‍ പുതുക്കില്ലെന്ന് ഫിഫ ഫ്രാന്‍സ് ഫുട്‌ബോളിനെ അറിയിച്ചു. 1956ല്‍ ആരംഭിച്ച ബാലന്‍ ഡി ഓര്‍ ലോകത്തെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനാണ് സമ്മാനിക്കുന്നത്. തുടക്കത്തില്‍ മികച്ച യൂറോപ്യന്‍ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരമായിരുന്നു ഇത്. പിന്നീട് 2010ല്‍ ഫിഫയുമായി ചേര്‍ന്നാണ് ലോക ഫുട്‌ബോളര്‍ പുരസ്‌കാരമായി മാറിയത്.

ബാഴ്‌സലോണയുടെ അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസിയാണ് ഏറ്റവും കൂടുതല്‍ തവണ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം കരസ്ഥമാക്കിയ കളിക്കാരന്‍. അഞ്ച് തവണയാണ് മെസി പുരസ്‌കാരം സ്വന്തമാക്കിയത്.