ഹ്യുണ്ടായി ഐ20 ഓട്ടോമാറ്റിക് വിപണിയിലെത്തി

Posted on: September 17, 2016 12:14 pm | Last updated: September 17, 2016 at 12:14 pm
SHARE

1474087862ന്യൂഡല്‍ഹി: ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്കായ ഐ 20 യുടെ ഓട്ടോമാറ്റിക് വകഭേദം വിപണിയിലെത്തി. കരുത്തന്‍ 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമായാണ് ഓട്ടോമാറ്റിക്കിന്റെ വരവ്. നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് 98.6 ബിഎച്ച്പി 132 എന്‍എം ആണ് ശേഷി. നാല് സ്പീഡാണ് ഓട്ടോമാറ്റിക് ഗീയര്‍ബോക്‌സ്. മാഗ്‌ന എന്ന ഒറ്റ വകഭേദത്തിലാണ് ഓട്ടോമാറ്റിക് ലഭ്യമായിക്കിയിരിക്കുന്നത്. കൊച്ചിയിലെ എക്‌സ്!ഷോറൂം വില 9.23 ലക്ഷം രൂപ.
ഹ്യുണ്ടായി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഐ 20 ലേത്. വെര്‍നയില്‍ 1396 സിസി പെട്രോള്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഐ 20 യിലേത് പുതിയ 1368 സിസി പെട്രോള്‍ എന്‍ജിനാണ്.
എ ടി ( ഓട്ടോമാറ്റിക് ) ബാഡ്ജ് ഒഴികെ സാധാരണ ഐ 20 യുമായി ഓട്ടോമാറ്റിക് വകഭേദത്തിന് ബാഹ്യരൂപത്തില്‍ മാറ്റമില്ല. രണ്ട് എയര്‍ബാഗുകള്‍ , എസി, പവര്‍ സ്റ്റിയറിങ് , പവര്‍ വിന്‍ഡോകള്‍, ഇലക്ട്രിക്കലായി മടക്കാവുന്ന മിററുകള്‍ , സെന്‍ട്രല്‍ ലോക്കിങ്, ടൂ ഡിന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ മാഗ്‌ന വകഭേദത്തിനുണ്ട്.

ഓട്ടോമാറ്റിക് കാറുകള്‍ക്ക് ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ജനപ്രീതി കണക്കിലെടുത്താണ് പുതിയ വകഭേദത്തെ ഹ്യുണ്ടായി വിപണിയിലിറക്കിയത്. എതിരാളികളായ ഹോണ്ട ജാസ്, മാരുതി ബലേനോ മോഡലുകള്‍ക്ക് ഓട്ടോമാറ്റിക് വകഭേദമുണ്ട്.