ഹമീദ് മാസ്റ്റര്‍ക്ക് സമസ്ത സെന്ററില്‍ സ്വീകരണം നല്‍കി

Posted on: September 17, 2016 11:47 am | Last updated: September 17, 2016 at 11:47 am

കോഴിക്കോട്: രാഷ്ട്രപതിയുടെ ദേശീയ അധ്യാപക അവാര്‍ഡ് നേടിയ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അക്കാദമിക് ഡയറക്ടര്‍ ഡോ. പി കെ അബ്ദുല്‍ ഹമീദ് കാരശ്ശേരിക്ക് കോഴിക്കോട് സമസ്ത സെന്ററില്‍ സുന്നി സംഘകുടുംബത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.
മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. സാമൂഹിക സേവനരംഗത്ത് നിറ സാന്നിദ്ധ്യമായ ഹമീദ് മാസ്റ്ററുടെ പ്രതിഭയും ആത്മാര്‍ഥതയുമാണ് രാജ്യത്തെ തന്നെ പ്രമുഖ ബഹുമതികളിലൊന്നായ ദേശീയ അധ്യാപക അവാര്‍ഡ് ഇദ്ദേഹത്തെ തേടിയെത്താന്‍ ഇടയായതെന്ന് എന്‍ അലി അബ്ദുല്ല പറഞ്ഞു.
സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ മുഅല്ലിം പരിശീലന പരിപാടികളിലും മറ്റു സംസ്ഥാനങ്ങളിലെ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസകളിലേക്കായി പ്രസിദ്ധീകരിക്കുന്ന ബഹുഭാഷ പാഠപുസ്തക നിര്‍മാണ സമിതിയിലും സേവനം ചെയ്യുന്ന ഹമീദ് മാസ്റ്റര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അക്കാദമിക് ഡയറക്ടറായി സ്ഥാനമേറ്റെടുത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ദേശീയ അവാര്‍ഡ് തേടിയെത്തിയത്.
സയ്യിദ് അലി ബാഫഖി തങ്ങള്‍ ഹമീദ് മാസ്റ്റര്‍ക്ക് ഉപഹാരം നല്‍കി. എസ് എം എ സംസ്ഥാന സെക്രട്ടറി കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ പൊന്നാട അണിയിച്ചു.
വി പി എം ഫൈസി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, സി മുഹമ്മദ് ഫൈസി, പ്രൊഫ. കെ എം എ റഹീം, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, എം എന്‍ സിദ്ദീഖ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. അവാര്‍ഡ് ജേതാവ് ഡോ. അബ്ദുല്‍ ഹമീദ് കാരശ്ശേരി മറുപടി പ്രസംഗം നടത്തി.