ചോപ്രയുടേത് കാലം തെറ്റി വന്ന ഉത്സാഹം

Posted on: September 17, 2016 11:39 am | Last updated: September 17, 2016 at 11:39 am

michael-chopra-008ന്യൂഡല്‍ഹി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇംഗ്ലീഷ് താരം മൈക്കല്‍ ചോപ്രക്ക് ഇന്ത്യയുടെ ദേശീയ ടീമില്‍ കളിക്കാനുള്ള കാലം കഴിഞ്ഞു പോയെന്ന് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍. മുപ്പത്തിരണ്ടുകാരനായ ചോപ്ര ഇന്ത്യക്ക് വേണ്ടി കളിക്കുവാന്‍ താത്പര്യം പ്രകടിപ്പിക്കുകയും ഭാവിയില്‍ സെലക്ഷന് പരിഗണിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്ത്യന്‍ പൗരത്വം നേടിയെടുക്കുമ്പോഴേക്കും രണ്ട് വര്‍ഷം കൂടി കഴിയും. അപ്പോള്‍ ചോപ്രയുടെ പ്രായം മുപ്പത്തിനാലാകും. ദേശീയ ടീമില്‍ കളിക്കുവാനുള്ള കാലമെല്ലാം കഴിഞ്ഞു- ഇന്ത്യയുടെ ഇംഗ്ലീഷ് കോച്ച് കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിച്ച ആദ്യ ഇന്ത്യന്‍ വംശജനാണ് ചോപ്ര. ന്യൂകാസില്‍ യുനൈറ്റഡ്, സണ്ടര്‍ലാന്‍ഡ് ക്ലബ്ബുകളുടെ താരമായിരുന്നു. എന്നാല്‍, ഇംഗ്ലണ്ട് ദേശീയ ടീമിലിടം നേടുവാന്‍ ചോപ്രക്ക് സാധിച്ചിരുന്നില്ല.
2002 ല്‍ കോണ്‍സ്റ്റന്റൈന്‍ ഇന്ത്യന്‍ ടീമിന്റെ കോച്ചായിരുന്ന കാലത്ത് മൈക്കല്‍ ചോപ്രയെ സമീപിച്ചിരുന്നു. ഇന്ത്യന്‍ പൗരത്വം നേടി ദേശീയ ടീമില്‍ കളിക്കുവാന്‍ ക്ഷണിച്ചുകൊണ്ട്. അന്ന് പക്ഷേ, ചോപ്ര വലിയ താത്പര്യം കാണിച്ചില്ല. ഇപ്പോഴത്തെ ഉത്‌സാഹം അന്നുണ്ടായിരുന്നെങ്കില്‍ ചോപ്രക്കും ഇന്ത്യക്കും ഗുണമുണ്ടായേനെ എന്ന് കോണ്‍സ്റ്റന്റൈന്‍ പറയുന്നു.