Connect with us

Kerala

സപ്ലൈകോ എം ഡിയെ മാറ്റാന്‍ നീക്കം തുടങ്ങി

Published

|

Last Updated

കൊല്ലം: സര്‍ക്കാര്‍ നിലപാട് നടപ്പാക്കുന്നതിലുള്ള നിസ്സഹകരണത്തെ തുടര്‍ന്ന് ഭക്ഷ്യവകുപ്പ് സെക്രട്ടറി സഞ്ജയ് കൗളിന് പിന്നാലെ സപ്ലൈകോ എം ഡി ഡോ. ആശാതോമസിനെയും മാറ്റാന്‍ ആലോചന. ഇതുസംബന്ധിച്ച് അടുത്തമന്ത്രിസഭായോഗം തീരുമാനമെടുക്കും.
സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കുന്നതില്‍ കാണിക്കുന്ന അലംഭാവത്തെ തുടര്‍ന്നാണ് ആശാതോമസിനെ മാറ്റാന്‍ തയ്യാറെടുക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഓണപ്പരീക്ഷക്ക് മുമ്പ് എല്ലാ കുട്ടികള്‍ക്കും അഞ്ച് കിലോ അരി വീതം വിതരണം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഫണ്ട് മുന്‍കൂട്ടി നല്‍കാതെ അരി നല്‍കില്ലെന്ന് സപ്ലൈകോ എം ഡി ആശാതോമസ് നിലപാടെടുത്തു. മുഖ്യമന്ത്രി ഒരുമാസം മുമ്പേ പ്രഖ്യാപിച്ചിട്ടും ഫണ്ട് ലഭിച്ചിട്ടേ അരി വാങ്ങൂവെന്ന നിലപാടില്‍ എം ഡി ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് മിക്ക സ്‌കൂളുകളിലും അരി വിതരണം മുടങ്ങിയിരുന്നു. സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലുണ്ടാക്കിയ സംഭവത്തില്‍ ബന്ധപ്പെട്ട വകുപ്പുകളോട് സര്‍ക്കാര്‍ വിശദീകരണം തേടിയിരുന്നു.
സപ്ലൈകോ എം ഡിയുടെ പിടിവാശിയാണ് അരിവിതരണം മുടങ്ങാന്‍ കാരണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഭക്ഷ്യ- വിദ്യാഭ്യാസ മന്ത്രിമാരെ അറിയിയിച്ചിരുന്നു. നേരത്തെ ഭക്ഷ്യവകുപ്പ് സെക്രട്ടറി സഞ്ജയ് കൗളും സപ്ലൈകോ എം ഡിയും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മാവേലി സ്‌റ്റോറുകളും സപ്ലൈകോ ഔട്ട് ലെറ്റുകളും അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്നു. സമയത്ത് ഓര്‍ഡര്‍ നല്‍കാത്തതിനെ തുടര്‍ന്ന് സാധനങ്ങള്‍ ലഭിക്കാതിരുന്നതായിരുന്നു പ്രതിസന്ധിയുണ്ടാക്കിയത്. തുടര്‍ന്ന് വകുപ്പ് മന്ത്രി പി തിലോത്തമന്‍ നേരിട്ട് ആന്ധ്രയിലെ മില്ലുടമകളുമായി സംസാരിച്ചാണ് അരി ഇറക്കുമതി ചെയ്തത്. ഓണക്കാലത്ത് മാവേലി, സപ്ലൈകോ ഔട്ട് ലെറ്റുകളില്‍ ക്ഷാമം അനുഭവപ്പെടാതിരുന്നതും സര്‍ക്കാറിന്റെ സജീവശ്രദ്ധയെത്തുടര്‍ന്നാണ്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത ഇത്തരം ഉദ്യോഗസ്ഥരുമായി ഇനിയും മുന്നോട്ടുപോകുന്നത് സര്‍ക്കാറിന്റെയും പൊതുവിതരണ വകുപ്പിന്റെയും പ്രതിച്ഛായക്ക് കോട്ടം തട്ടുമെന്നാണ് ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയുടെ വിലയിരുത്തല്‍. ഇക്കാര്യം മന്ത്രി പി തിലോത്തമന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.
മുഖ്യമന്ത്രിയും എം ഡിയെ മാറ്റാന്‍ സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ട്. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ജൂണ്‍ ഒന്നിന് ഐ എ എസ് തലപ്പത്ത് നടത്തിയ ആദ്യഅഴിച്ചുപണിയിലാണ് ഡോ. ആശാതോമസിനെ സപ്ലൈകോ എം ഡിയായി നിയമിച്ചത്. ഭക്ഷ്യവകുപ്പ് സെക്രട്ടറി സഞ്ജയ് കൗളും ആശാതോമസും തമ്മിലുള്ള ശീതസമരത്തെ തുടര്‍ന്ന് ആഗസ്റ്റ് 11 നാണ് സര്‍ക്കാര്‍ സഞ്ജയ് കൗളിനെ മാറ്റിയത്.

---- facebook comment plugin here -----

Latest