ജിഷ വധക്കേസ്; അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു

Posted on: September 17, 2016 10:57 am | Last updated: September 17, 2016 at 7:42 pm
SHARE

JISHAകൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആസാം സ്വദേശി അമിറുള്‍ ഇസ്‌ലാമിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഏപ്രില്‍ 28നാണു കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന കുറ്റിക്കാട്ടുവീട്ടില്‍ രാജേശ്വരിയുടെ മകള്‍ ജിഷ(30) ക്രൂരമായി കൊല്ലപ്പെട്ടത്. കൂലിപ്പണിക്കു പോയിരുന്ന അമ്മ രാജേശ്വരി അന്നു വൈകിട്ട് എട്ടിനു തിരിച്ചെത്തിയപ്പോള്‍ വീടിന്റെ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. സമീപവാസികളെ വിളിച്ച് വാതില്‍ തുറന്ന് നോക്കുമ്പോഴാണ് ജിഷയെ മരിച്ചനിലയില്‍ കണ്ടത്.

കുറുപ്പംപടി പോലീസ് രജിസ്റ്റര്‍ ചെയ്ത 909/16 നമ്പര്‍ കേസില്‍ അമിറുളിനെതിരേ ഐപിസി 449, 376, 302 എന്നിവയും പട്ടികജാതി/വര്‍ഗ പീഡനം തുടങ്ങിയ വകുപ്പുകളും ചേര്‍ത്താണ് കുറ്റപത്രം തയാറാക്കിയത്. വീട്ടില്‍ അതിക്രമിച്ചുകയറല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്കാണു കേസ്. ബലാത്സംഗശ്രമത്തെ ചെറുത്ത ജിഷയെ അമിറുള്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നേരത്തേ കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കിയിട്ടുള്ളത്.

കുറ്റം ചെയ്തതായി അമിറുള്‍ പോലീസ് ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. തനിക്കൊപ്പം സുഹൃത്ത് അനാറുള്‍ ഇസ്‌ലാമും ഉണ്ടായിരുന്നുവെന്നും അമിറുള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ജിഷ സംഭവത്തിനുമുമ്പ് അനാറുള്‍ പെരുമ്പാവൂരില്‍നിന്ന് വിട്ടുപോയിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണെ്ടത്തി. കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം നല്‍കാനാണ് കോടതി പോലീസിന് സമയം അനുവദിച്ചിരുന്നത്. ഇതനുസരിച്ച് 12ന് കുറ്റപത്രം നല്‍കണമായിരുന്നു. എന്നാല്‍ ഓണം-ബക്രീദ് അവധിയായതിനാല്‍ കുറ്റപത്രം നല്‍കുന്നത് ശനിയാഴ്ചത്തേക്കു മാറ്റുകയായിരുന്നു. എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണസംഘമാണ് ജൂണ്‍ 16ന് അമിറുളിനെ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്നു പിടികൂടിയത്.

ഡിഎന്‍എ പരിശോധനയുടെയും സാഹചര്യത്തെളിവുകളുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനാ ഫലങ്ങളുടെയും അടിസ്ഥാനത്തിലാണ് അമിറുളിനെ പ്രതിയാക്കി കേസെടുത്തത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി മുപ്പത് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ 23പേരുടെ ഡിഎന്‍എ സാംപിള്‍ പരിശോധിച്ചു. 1500 പേരെ ചോദ്യം ചെയ്തു. 21 ലക്ഷം ഫോണ്‍ കോളുകളും 5000 പേരുടെ വിരലടയാളവും പോലീസ് പരിശോധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here