മങ്കട ഗവ. കോളജ് കെട്ടിട നിര്‍മാണം ആദ്യഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാകും

Posted on: September 17, 2016 10:51 am | Last updated: September 17, 2016 at 10:51 am
SHARE

കൊളത്തൂര്‍: മങ്കട ഗവ. കോളജിന്റെ കെട്ടിട നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാകും. മൂര്‍ക്കനാട് പുന്നക്കാട് കെട്ടിടത്തിന്റെ പ്രവൃത്തികള്‍ പുരോഗമിച്ച് വരികയാണ്. മുന്‍ഭാഗത്തെ ഒന്നാം നിലയുടെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായി. 2015 സെപ്തംബറിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെട്ടിടത്തിന് തറക്കല്ലിട്ടത്.
എന്നാല്‍ 2016 ഫെബ്രുവരിയിലാണ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാനായത്. ഏഴ് കോഴ്‌സുകളോട് കൂടി 2013 സെപ്തംബറിലാണ് മൂര്‍ക്കനാട് ഗ്രാമ പഞ്ചായത്തിലെ കൊളത്തൂരില്‍ മങ്കട കോളജ് പ്രവര്‍ത്തനം ആരംഭിച്ചത്. കൊളത്തൂര്‍ ജംഗ്ഷനിലെ താത്കാലിക കെട്ടിടങ്ങളിലാണ് മൂന്ന് വര്‍ഷത്തോളമായി കോളജ് പ്രവര്‍ത്തിച്ച് വരുന്നത്. ബി എസ് സി സൈക്കോളജി, ബി എസ് സി മാത് സ്, ബി കോം, ബി ബി എ, ബി എ ഇംഗ്ലീഷ്, ബി എ ഹിസ്റ്ററി, ബി എ എക്‌ണോമിക്‌സ് എന്നീ ഏഴ് പ്രാധാന കോഴ്‌സുകളാണ് ഇവിടെയുള്ളത്. പെരിന്തല്‍മണ്ണ വളാഞ്ചേരി സംസ്ഥാനപാതയില്‍ നിന്നും മൂര്‍ക്കനാട് പുന്നക്കാട് റോഡില്‍ മേജര്‍ ശുദ്ധജല പദ്ധതിയുടെ പ്ലാന്റിന് സമീപം മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് വിട്ട് നല്‍കിയ സ്ഥലത്താണ് കെട്ടിടം ഉയരുന്നത്. 4.6 കോടി രൂപ ചെലവിലാണ് കെട്ടിടത്തിന്റെ നിര്‍മാണം. പ്രഥമ ഘട്ടത്തില്‍ 23 ക്ലാസ് മുറികളടങ്ങിയ കെട്ടിടമാണ് നിര്‍മിക്കുന്നത്.