30 വര്‍ഷത്തിനിടെ ഇല്ലാതായത് ആറ് ലക്ഷം ഹെക്ടര്‍ നെല്‍വയല്‍

Posted on: September 17, 2016 6:20 am | Last updated: September 17, 2016 at 12:21 am
SHARE

പാലക്കാട്: സംസ്ഥാനത്ത് 30 വര്‍ഷത്തിനിടെ ഇല്ലാതായത് ആറ് ലക്ഷം ഹെക്ടര്‍ നെല്‍വയല്‍. കൃഷി പ്രോത്സാഹനത്തിനും തരിശ് നിലം ഉപയോഗപ്പെടുത്താനും തീവ്രശ്രമം നടക്കുമ്പോഴാണ് വന്‍തോതില്‍ നെല്‍വയലുകള്‍ ഇല്ലാതായത്. കൃഷിഭൂമി സംബന്ധിച്ച് കൃഷി വകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് നെല്‍വയലുകളുടെ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. 2014-15 വര്‍ഷത്തെ കണക്ക് പ്രകാരം 2,04,000 ഹെക്ടറിലാണ് നെല്‍കൃഷി. കേരളത്തിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കുന്ന പാലക്കാട്ടാണ് വന്‍തോതില്‍ പാടശേഖരങ്ങള്‍ ഇല്ലാതായത്.
63,000 ഹെക്ടര്‍ നെല്‍കൃഷി 30 വര്‍ഷം കൊണ്ട് പാലക്കാട്ട് ഇല്ലാതായി. 1981-82ല്‍ 8,06,851ഹെക്ടര്‍ നെല്‍ വയല്‍ ഉണ്ടായിരുന്നത് 1995-96ല്‍ 4,71,150 ഹെക്ടറായും 2005-06ല്‍ 2,75,744 ഹെക്ടറായും 2012-13ല്‍ 1,97,277 ഹെക്ടറായും കുറഞ്ഞു.
തണ്ണീര്‍ത്തട സംരക്ഷണ സംരക്ഷണ നിയമത്തിന്റെയും തരിശ് കൃഷിയിടങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിന്റെയും ഫലമായി 2013-14ല്‍ 1,99,611 ഹെക്ടറായും 2014-15ല്‍ 2,04,000 ഹെക്ടറായും വര്‍ധിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ 52,000ഉം തൃശൂരില്‍ 50,100ഉം ഹെക്ടര്‍ നെല്‍വയല്‍ ഇല്ലാതായി. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, നീര്‍വാര്‍ച്ച സൗകര്യങ്ങളുടെ അപര്യാപ്തത, തൊഴിലാളികളുടെ ദൗര്‍ലഭ്യവും ഉയര്‍ന്ന കൂലിയും, പാര്‍പ്പിട, വാണിജ്യാവശ്യങ്ങള്‍ക്കായി നെല്‍വയല്‍ നികത്തുന്ന പ്രവണത എന്നിവ നെല്‍കൃഷിയുടെ വിസ്തൃതി കുറയാന്‍ കാരണമായെന്ന് കൃഷി വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
1970-71ല്‍ സംസ്ഥാനത്ത് 12.8 ലക്ഷം ടണ്‍ അരി ഉത്പാദിപ്പിച്ചിരുന്നു. എന്നാല്‍, 2014-15ല്‍ ഉത്പാദനം 5.8 ലക്ഷം ടണ്ണായി കുറഞ്ഞു. ഒരു വര്‍ഷം സംസ്ഥാനത്ത് 40 ലക്ഷം ടണ്‍ അരി വേണമെന്നാണ് കണക്ക്. എന്നാല്‍, ഇതിന്റെ പത്ത് ശതമാനം പോലും ഉത്പാദിപ്പിക്കുന്നില്ല. നെല്‍പാടങ്ങള്‍ ഇല്ലാതായതോടെ പലയിടത്തും നാണ്യവിള ഉത്പാദനം കൂടി. അതേസമയം, കൃഷിയിറക്കാതെ വയല്‍ തരിശിടുന്ന പ്രവണത കുറഞ്ഞതായും കൃഷി വകുപ്പ് വിലയിരുത്തുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here