ഷാര്‍ജ യൂണിവേഴ്‌സിറ്റിയിലേക്ക് മര്‍കസില്‍ നിന്ന് എട്ടുപേര്‍

Posted on: September 17, 2016 12:16 am | Last updated: September 17, 2016 at 12:16 am
SHARE
അല്‍ ഖാസിമിയ്യ യൂണിവേഴിസിറ്റിയില്‍ അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ഥികള്‍ക്ക്  ഷാര്‍ജയില്‍  നല്‍കിയ സ്വീകരണം.
അല്‍ ഖാസിമിയ്യ യൂണിവേഴിസിറ്റിയില്‍ അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ഥികള്‍ക്ക്
ഷാര്‍ജയില്‍ നല്‍കിയ സ്വീകരണം.

കോഴിക്കോട്: ഷാര്‍ജ അല്‍ ഖാസിമിയ്യ യൂണിവേഴ്‌സിറ്റിയില്‍ എട്ട് മര്‍കസ് വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ലഭിച്ചു. ഖാസിമിയ്യയിലെ പഠനത്തിനായി മര്‍കസിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എട്ടു പേര്‍ ഷാര്‍ജയിലെത്തി. 2014ല്‍ ആരംഭിച്ച അല്‍ ഖാസിമിയ്യ യൂണിവേഴ്‌സിറ്റിയുമായി 2015ലാണ് മര്‍കസ് എം ഒ യു ഉണ്ടാക്കുന്നത്. കഴിഞ്ഞ വര്‍ഷം മര്‍കസില്‍ നിന്ന് മൂന്ന് വിദ്യാര്‍ഥികള്‍ ഇവിടെ പഠനത്തിന് അര്‍ഹത നേടിയിരുന്നു. കുല്ലിയ്യ ശരീഅ, അറബിക് സാഹിത്യം, ഇക്കണോമിക്‌സ്, ടെലി കമ്മ്യൂണിക്കേഷന്‍ എന്നിങ്ങനെ നാല് ഡിപ്പാര്‍ട്ട്‌മെന്റുകളാണ് യൂണിവേഴിസിറ്റിയിലുള്ളത്. നാല് വര്‍ഷമാണ് കോഴ്‌സ് കാലാവധി. എഴുപത്തി രണ്ട് രാഷ്ട്രങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇപ്പോള്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നു.
ഷാര്‍ജ ഭരണാധികാരിയായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് യൂണിവേഴ്‌സിറ്റിയുടെ മുഖ്യ രക്ഷാധികാരി. ഡോ. റഷാദ് സാലമാണ് ചാന്‍സിലര്‍, അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയുടെ മാതൃകയില്‍ യഥാര്‍ത്ഥ ഇസ്്‌ലാമിക വിജ്ഞാനത്തെ അക്കാദമികമായും ധൈഷണികമായും ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഷാര്‍ജ ഗവണ്‍മെന്റ് അല്‍ ഖാസിമിയ്യ ആരംഭിച്ചത്.
ഷാര്‍ജ ഗവണ്‍മെന്റിന് കീഴില്‍ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായി നടക്കുന്ന നൂതനമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് അല്‍ ഖാസിമിയ്യ ആരംഭിച്ചത്. ഇന്ത്യയില്‍ നിന്ന് എം ജി ഒയുള്ള ഏക സ്ഥാപനം മര്‍കസാണ്. മര്‍കസിന്റെ യു എ ഇ അക്കാദമിക് കോര്‍ഡിനേറ്റര്‍ നാസര്‍ വാണിയമ്പലം, പി കെ മുഹമ്മദ് മാസ്റ്റര്‍, മൂസ കിണിശ്ശേരി, ഇബ്രാഹീം സഖാഫി, അല്‍ ഖാസിമിയ്യ പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു. മുഹമ്മദ് മുബീന്‍ പള്ളങ്കോട്, അഹ്മദ് മുഷ്താഖ് പഴയ കടപ്പുറം, ജാബിര്‍ ഹംദാന്‍ ചേളന്നൂര്‍, മുഹമ്മദ് ജുബൈര്‍ പൂനൂര്‍, മുഹമ്മദ് ജുവൈദ് കൊണ്ടോട്ടി, റമീസ് പടിഞ്ഞാറത്തറ, അബൂബക്കര്‍ സാബിത്ത് എളേറ്റില്‍, സുഹൈല്‍ കാക്കവയല്‍ എന്നിവരാണ് ഷാര്‍ജയില്‍ ഉപരിപഠനത്തിനു പോയ മര്‍കസ് വിദ്യാര്‍ഥികള്‍.