Connect with us

International

യു എസില്‍ കറുത്തവര്‍ഗക്കാരനായ 13കാരനെ പോലീസ് വെടിവെച്ച് കൊന്നു

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഓഹിയോ സംസ്ഥാനത്ത് വെള്ളക്കാരനായ പോലീസുകാരന്‍ 13കാരനായ കറുത്ത വര്‍ഗക്കാരനെ വെടിവെച്ചുകൊന്നു. കവര്‍ച്ചക്കാരനെന്ന സംശയത്തില്‍ പോലീസ് പിന്തുടര്‍ന്നാണ് കുട്ടിയെ വെടിവെച്ചു കൊന്നത്. എന്നാല്‍ പിന്നീട് കുട്ടിയില്‍ നിന്ന് കണ്ടെടുത്തത് പെല്ലറ്റ് തോക്കായിരുന്നുവെന്നും പറയപ്പെടുന്നു. കറുത്ത വര്‍ഗക്കാര്‍ക്കെതിരായ പോലീസ് അതിക്രമങ്ങളില്‍ രാജ്യത്താകമാനം വന്‍ പ്രതിഷേധങ്ങള്‍ നിലനില്‍ക്കെയാണ് കൊളംബസ് പട്ടണത്തില്‍ നടന്ന സംഭവത്തില്‍ ടയര്‍ കിംഗ് എന്ന കുട്ടി പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നത്.
ആയുധവുമായെത്തിയവര്‍ കവര്‍ച്ച നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അവിടെയെത്തിയതെന്ന് പോലീസ് തലവന്‍ കിം ജേക്കബ്ബ്‌സ് വാര്‍ത്താ സമ്മേനത്തില്‍ പറഞ്ഞു. ഇവിടെ നിന്ന് സംശയകരമായ രീതിയില്‍ കണ്ടവരെ കീഴടക്കാന്‍ ശ്രമിക്കുകയാണ് പോലീസ് ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പില്‍ കുട്ടി മരിക്കുകയായിരുന്നുവെന്നും കിം പറഞ്ഞു. കിംഗിനെ നിരവധി തവണ വെടിയേറ്റുവെന്നും കുട്ടിയില്‍ നിന്ന് ശക്തി കുറഞ്ഞ എയര്‍ ഗണ്‍ കണ്ടെടുത്തുവെന്നും പോലീസ് പറഞ്ഞു. പോലീസുകാരും ദൃക്‌സാക്ഷികളും നല്‍കുന്ന വിവരത്തില്‍ വൈരുധ്യമുള്ളതിനാല്‍ വെടിവെപ്പ് സംബന്ധിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്ന് കിംഗിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

Latest