ഒരു പെണ്‍കുട്ടിയും തോല്‍പ്പിക്കപ്പെടാതിരിക്കട്ടെ

Posted on: September 17, 2016 6:00 am | Last updated: September 16, 2016 at 10:40 pm

SIRAJആ പെണ്‍കുട്ടി പിന്നെയും തോല്‍പ്പിക്കപ്പെട്ടു എന്ന പൊതു വികാരമാണ് ഇപ്പോള്‍ കേരളത്തില്‍ അലയടിക്കുന്നത്. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതാണ് ഇങ്ങനെയൊരു സാമാന്യ സമീപനത്തിലേക്ക് ആളുകളെ തള്ളിവിട്ടത്. എന്നാല്‍, ജീവപര്യന്തം ഉറപ്പാക്കിയ സുപ്രീം കോടതി വിധി ആശ്വാസകരമാണെന്ന് പറയാതെ വയ്യ. കൊലക്കയര്‍ ഒഴിവായത് കൊണ്ട് മാത്രം കേസ് തോറ്റെന്ന് പറയാന്‍ കഴിയില്ലല്ലോ.
വിധിക്കുപിന്നാലെ അപലപിക്കലുകളും, ആരോപണങ്ങളും ആശ്വാസപ്പെടുത്തലുകളും ഔദാര്യപ്രഖ്യാപനങ്ങളും പതിവുപോലെ നടക്കുന്നു. പുനഃപരിശോധനാ ഹരജി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സൗമ്യയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ കിട്ടാവുന്ന ഏറ്റവും പ്രഗത്ഭരായ നിയമജ്ഞരുടെയും അഭിഭാഷകരുടെയും സഹായം തേടുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സഹകരിക്കാന്‍ ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കട്ജു സന്നദ്ധത അറിയിച്ചിട്ടുമുണ്ട്.
കൊലക്കുറ്റമാണ് സുപ്രീം കോടതിക്ക് ബോധ്യമാകാതിരുന്നത്. എന്നാല്‍ ന്യായാസനം അംഗീകരിച്ച ബലാത്സംഗ കുറ്റത്തെ കുറച്ചുകൂടി ഗൗരവത്തോടെ കാണണമായിരുന്നുവെന്ന് നിയമവൃത്തങ്ങളില്‍ അഭിപ്രായമുണ്ട്. പീഡനത്തിന് ഐ പി സി 376 വകുപ്പ് അനുസരിച്ച് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും, ഗുരുതരമായി മുറിവേല്‍പ്പിച്ചതിന് 325 പ്രകാരം ഏഴ് വര്‍ഷം കഠിന തടവും, മോഷണത്തിനായി മുറിവേല്‍പ്പിക്കുന്നതിനും കൊലപ്പെടുത്തിയോ മുറിവേല്‍പ്പിച്ചോ ഉള്ള മോഷണത്തിനും 394, 396 വകുപ്പുകള്‍ പ്രകാരം ഏഴ് വര്‍ഷം തടവും ആയിരം രൂപ പിഴയും, കുറ്റകരമായ കടന്നുകയറ്റത്തിന് 447ാം വകുപ്പ് പ്രകാരം മൂന്ന് മാസം കഠിന തടവും- ഇങ്ങനെയാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. കീഴ്‌കോടതികള്‍ വധശിക്ഷ വിധിച്ച കേസെന്ന പരിഗണന വെച്ച് ഈ തടവുകളെല്ലാം വെവ്വേറെ അനുഭവിക്കണമെന്ന് പറഞ്ഞ് കീഴ്‌കോടതി വിധിയോട് അനുഭാവം പ്രകടിപ്പിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല എന്നതാണ് ഖേദകരം. ജീവപര്യന്തം ജീവിത കാലം മുഴുവനുമാണെന്ന് വ്യക്തമാക്കാനും ഉന്നത ന്യായപീഠം തയ്യാറായില്ല. നിയമപരമായി പ്രതിക്ക് ലഭിക്കുമായിരുന്ന കഠിന ശിക്ഷ പോലും വിധിക്കപ്പെടാതെ പോയി എന്നു പറയാം. അപ്പോഴും കോടതിയുടെ നടപടിയെ കുറ്റപ്പെടുത്താനാകില്ല. കുറച്ചുകൂടി ഗൗരവത്തോടെ സമീപിക്കാമായിരുന്നു എന്നേ വാദിക്കാനാകൂ. ഇനിയിപ്പോള്‍ ജീവപര്യന്തം തടവ് പരമാവധി നീണ്ട കാലയളവിലേക്ക് ദീര്‍ഘിപ്പിക്കാനുള്ള നിയമപരമായ ജാഗ്രത വേണ്ടിവരും.
വ്യാകുലപ്പെടലുകള്‍ വ്യാപകമാകുമ്പോഴും ഓര്‍ക്കേണ്ട കാര്യം പൊതുസമൂഹത്തിന്റെ അഭിലാഷങ്ങളെ എപ്പോഴും തൃപ്തിപ്പെടുത്താന്‍ ന്യായാസനങ്ങള്‍ക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല എന്ന യാഥാര്‍ഥ്യമാണ്. ഈ കേസില്‍ തന്നെ ബലാത്സംഗത്തിന് അപൂര്‍വമായെങ്കിലും വിധിക്കാവുന്ന വധശിക്ഷയുണ്ട്. പക്ഷേ, അത് 2013ലെ നിയമഭേദഗതിയിലൂടെ കൊണ്ടുവന്നതാണ്. സംഭവം നടന്ന 2011ല്‍ ഈ നിയമം പ്രാബല്യത്തിലില്ലാത്തതിനാല്‍ കോടതിക്ക് അത് നല്‍കാനാകില്ല.
ഭയാനകരമായ ലൈംഗികാക്രമണത്തിന് വിധേയയായി ക്രൂരമായി കൊലചെയ്യപ്പെട്ട സൗമ്യയുടെ കേസ് കുറ്റകരമാംവിധം അലസമായി കൈകാര്യം ചെയ്യപ്പെട്ടു എന്ന് കരുതുന്നവരുണ്ട്. അത്തരം പരിഭവങ്ങളെ അഭിസംബോധന ചെയ്യുന്നതാകണം, ഇനി സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്ന നിയമപരമായ പരിഹാര നടപടികള്‍. സുപ്രീം കോടതി വിധി ആയിരം ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുമെന്ന സൗമ്യയുടെ മാതാവിന്റെ വാക്കുകള്‍ വൈകാരികമെങ്കിലും അതിന്റെ സന്ദേശം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാറിനാകണം.
ഒരു പെണ്‍കുട്ടിയുടെ ശരീരത്തിനും ജീവനും നേരെ നടന്ന ഒറ്റപ്പെട്ട കൈയേറ്റം എന്നതിനപ്പുറം ശക്തമായ നടപടികളിലൂടെ സൗമ്യയോട് ഐക്യദാര്‍ഢ്യപ്പെടാന്‍ നമ്മുടെ ഔദ്യോഗിക സംവിധാനങ്ങള്‍ പരാജയപ്പെട്ടു എന്നത് കാണാതിരിക്കരുത്. സ്ത്രീകള്‍ക്കും സ്ത്രീ യാത്രക്കാര്‍ക്കും റെയില്‍വേ യാത്രക്കാര്‍ക്കും ലഭിക്കേണ്ട പരിരക്ഷ നല്‍കുക എന്ന തലത്തിലേക്ക് വിഷയത്തെ ഉദ്ഗ്രഥിപ്പിക്കുന്നതില്‍ പൊതുസമൂഹവും പരാജയപ്പെട്ടു. ഇപ്പോഴും അത്ര സുരക്ഷിതമൊന്നുമല്ലല്ലോ തീവണ്ടികളിലെ സ്ത്രീയാത്രക്കാരുടെ പോക്കുവരവുകള്‍. ഗോവിന്ദച്ചാമിയെ പോലെ ഒരാള്‍ക്ക് ഇത്ര ബൃഹത്തായ നിയമസഹായം കിട്ടിയതിന്റെ പൊരുള്‍ ആരായുമ്പോള്‍ തന്നെ ഒരുപാട് നിഗൂഢ ലോകങ്ങള്‍ അനാവൃതമാകും. അത്തരം അന്വേഷണങ്ങള്‍ക്ക് ഒരുപക്ഷേ, റെയില്‍വേ കേന്ദ്രീകരിച്ച് നടക്കുന്ന മാഫിയാ സംഘങ്ങളെ നിയന്ത്രിക്കാനും അതുവഴി ഒരുപാട് സൗമ്യമാരെ രക്ഷിക്കാനുമായേക്കും. ഇത്തരം കാര്യങ്ങളെ അതിന്റെ സമഗ്രതയില്‍ സ്പര്‍ശിക്കുന്ന ആലോചനകളോ നടപടികളോ ഉണ്ടാകുന്നില്ല എന്നതാണ് നമ്മുടെ ദുരന്തം.