ചില വാര്‍ത്തകള്‍ക്കുള്ളില്‍ ഉഗ്രവിഷം ഒളിഞ്ഞിരിപ്പുണ്ട്

മുസ്‌ലിംകളുടെ ആരാധനയുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ നടന്ന ഒരു സംഭവത്തെ ഇവിടുത്തെ മീഡിയകള്‍ സമീപിച്ച രീതിയില്‍ ചില ആപത്‌സൂചനകളുണ്ട്. അത്ര നിഷ്‌കളങ്കമായല്ല ഇന്ത്യാ ടുഡേ പോലുള്ള മാധ്യമങ്ങള്‍ ആ ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലാകും. സംഭവം ഇന്ത്യന്‍ മീഡിയ നിറങ്ങള്‍ ചേര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പിന്നിലെ മുഖ്യ ലക്ഷ്യം ദേശീയ തലത്തില്‍ അതുണ്ടാക്കുന്ന വികാര വിക്ഷോഭങ്ങള്‍ തന്നെയാണ്. ഈ വിഷയത്തിന് ഇന്ത്യന്‍ രാഷ്ട്രീയവുമായുള്ള പ്രത്യേക ബന്ധം മീഡിയക്ക് നന്നായറിയാം. പ്രത്യേകിച്ചും കേന്ദ്രത്തില്‍ ബി ജെ പി ഭരണത്തിലേറിയ ശേഷം മൃഗബലിയുമായി ബന്ധപ്പെട്ട് എന്തും ചൂടുള്ള വിഷയമാണ്. ധാക്കയുടെ തെരുവിലൂടെ ഒഴുകിയത് എന്ത് വെള്ളമാണെങ്കിലും, അതിനെ എടുത്തുദ്ധരിക്കുകയും ചിത്രീകരിക്കുകയും ചെയ്യുന്ന മാധ്യമ രീതിയില്‍ ഉഗ്രവിഷമുണ്ട.്
Posted on: September 17, 2016 6:00 am | Last updated: September 16, 2016 at 10:39 pm
SHARE

collag_dhaka_647_091616025243കഴിഞ്ഞ ദിവസം ഇന്ത്യാ ടുഡേയുടെ ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെട്ട ചില ചിത്രങ്ങളും അതുസംബന്ധമായ വാര്‍ത്തയും മാധ്യമ ധാര്‍മികതയെ സംബന്ധിച്ച് ഭീഷണമായ പല കാര്യങ്ങളുമുയര്‍ത്തുന്നുണ്ട്. ധാക്കയുടെ തെരുവുകളിലൂടെ ചുവപ്പ് കലര്‍ന്ന വെള്ളം പ്രളയമായി ഒഴുകുന്നതിന്റെ വിവിധ ആംഗിളുകളിലുള്ള ദൃശ്യങ്ങളായിരുന്നു അവ. അതേകുറിച്ച് ഈ മാധ്യമങ്ങള്‍ പരിചയപ്പെടുത്തുന്നിടത്ത് അപകടകരമായ ചില പ്രയോഗങ്ങള്‍ നടത്തിയതായി കാണാം. ചൊവ്വാഴ്ച നടന്ന ഈദുല്‍അള്ഹാ ആഘോഷത്തിന് ശേഷം ധാക്കാ തെരുവുകളില്‍ രൂപപ്പെട്ട രക്തപ്പുഴയുടെ ഞെട്ടിപ്പിക്കുന്ന കാഴ്ചകള്‍ എന്ന അര്‍ഥത്തിലായിരുന്നു ഈ ചിത്രത്തിനെ ഇന്ത്യാ ടുഡേ പോലുള്ളവര്‍ അവരുടെ ഫേസ്ബുക്കില്‍ വിശദീകരിച്ചത്.
സാമൂഹിക മാധ്യമങ്ങളില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ഈ ചിത്രങ്ങള്‍ക്കും അതിന്റെ വാര്‍ത്തക്കും രണ്ട് രൂപത്തില്‍ വിശകലനങ്ങള്‍ വന്നു. കേവല കൃത്രിമമെന്ന് പറഞ്ഞ് തള്ളിക്കളയുക എന്നതാണ് ഒരു വിശകലനം. രണ്ടാമത്തേത്, മഴപെയ്തുണ്ടായ വെള്ളത്തില്‍ ബലിമൃഗങ്ങളുടെ രക്തം കലര്‍ന്നുണ്ടായ ദൃശ്യമാണെന്നതാണ്. ഇതിനെ സാധൂകരിക്കുന്ന ചില അഭിപ്രായങ്ങള്‍ പലരും പോസ്റ്റിന് കീഴെ കമന്റുകളായി നല്‍കിയിട്ടുമുണ്ട്. ധാക്കയില്‍ പെരുന്നാള്‍ ദിവസം ഘോരമായ മഴയുണ്ടായിരുന്നുവെന്നും കുത്തിയൊലിച്ചുവന്ന ജലപ്രവാഹത്തില്‍ ബലി മൃഗങ്ങളുടെ രക്തം കലര്‍ന്നതാണ് സംഭവമെന്നും സ്വാഭാവികമായ ഒരു നിറംമാറ്റാണിതെന്നും അവര്‍ പറയുന്നു. ധാക്കയിലെ പ്രത്യേക നിയമങ്ങള്‍ മൂലം പ്രദേശത്തെ മുഴുവന്‍ ബലി മൃഗങ്ങളെയും ഒരൊറ്റ സ്ഥലത്ത് ഒരുമിച്ചു കൂട്ടി അറുക്കേണ്ടതുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തീര്‍ത്തും അപ്രസക്തമായ ഒരു ചിത്രത്തെ ഇന്ത്യന്‍ മീഡിയ പൊലിപ്പിച്ചു കാട്ടുകയാണ് ഉണ്ടായതെന്ന് ഇതിനെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ജീവികളില്‍ നിന്ന് പുറപ്പെട്ടുവരുന്ന രക്തം അഞ്ച് മിനിറ്റ് മുതല്‍ എട്ട് മിനുറ്റിനുള്ളില്‍ കട്ടപിടിക്കുന്നത് കൊണ്ട് തന്നെ പുഴപോലെ ഒഴുകിപ്പരക്കാനാകില്ലെന്നും ‘രക്തപ്പുഴയൊഴുകുന്നു’ എന്ന രീതിയിലുള്ള അവതരണങ്ങള്‍ ഭീമന്‍ അബദ്ധമാണെന്ന് സയന്‍സിന്റെ പിന്തുണയോടെ വിശദീകണവുമായി മറ്റു ചിലരും എത്തി.
ഏത് രൂപത്തിലാണെങ്കിലും മുസ്‌ലിംകളുടെ ആരാധനയുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ നടന്ന ഒരു സംഭവത്തെ ഇവിടുത്തെ മീഡിയകള്‍ സമീപിച്ച രീതിയില്‍ ചില ആപത്‌സൂചനകളുണ്ട്. അത്ര നിഷ്‌കളങ്കമായല്ല ഇവിടുത്തെ ചില മാധ്യമങ്ങള്‍ ആ ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലാകും. ബംഗ്ലാദേശില്‍ നടന്ന ഒരു സംഭവം ഇന്ത്യന്‍ മീഡിയ നിറങ്ങള്‍ ചേര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പിന്നിലെ മുഖ്യലക്ഷ്യം ദേശീയ തലത്തില്‍ അതുണ്ടാക്കുന്ന വികാര വിക്ഷോഭങ്ങള്‍ തന്നെയാണ്. ഈ വിഷയത്തിന് ഇന്ത്യന്‍ രാഷ്ട്രീയവുമായുള്ള പ്രത്യേക ബന്ധം മീഡിയക്ക് നന്നായറിയാം. പ്രത്യേകിച്ചും കേന്ദ്രത്തില്‍ ബി ജെ പി ഭരണത്തിലേറിയ ശേഷം ബലിയുമായി ബന്ധപ്പെട്ട് എന്തും ചൂടുള്ള വിഷയമാണ്.
ജാഗ്രതയോടെ വിഷയങ്ങളില്‍ ഇടപെടുകയെന്നതാണ് മാധ്യമ ധര്‍മം. അങ്ങനെ നോക്കുമ്പോള്‍ ഇവിടെ ആലോചിക്കേണ്ടതായി രണ്ട് കാര്യങ്ങള്‍ ഉയര്‍ന്നുവരുന്നു. സെക്യൂലറിസത്തെ തച്ചുടക്കുന്ന ചില മാധ്യമങ്ങളുടെ ജുഗുപ്‌സാവഹമായ നിലപാടുകളാണ് ഒന്ന്. മറ്റൊന്ന് ബലി പെരുന്നാള്‍ പ്രമാണിച്ച് മാത്രം രംഗം കൈയടക്കുന്ന മൃഗ സ്‌നേഹവും.
ജനാധിപത്യത്തിന്റെ നാലാം തൂണെന്നത് മാധ്യമങ്ങളെ കുറിച്ചുള്ള പഴംപുരാണം മാത്രമാണെന്നാണ് ഇത്തരം സംഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രത്തിന്റെ അടിസ്ഥാന വികസനത്തെ ചര്‍ച്ചയാക്കേണ്ടവര്‍, അടിച്ചമര്‍ത്തപ്പെട്ടവരുടെ രോദനങ്ങളെ പകര്‍ത്തെഴുതേണ്ടവര്‍ ക്ഷോഭജനകമായ വാര്‍ത്തകള്‍ക്ക് പിന്നാലെ പായുന്നുവെന്ന് മാത്രമല്ല അത്തരം വാര്‍ത്തകള്‍ പടച്ചുണ്ടാക്കാനും വ്യഗ്രതപ്പെടുകയാണ്. സംഘ്പരിവാര്‍ ഫാഷിസ്റ്റുകളുമായി കുത്തക മാധ്യമങ്ങള്‍ ഉണ്ടാക്കിയെടുത്ത അവിശുദ്ധ ബാന്ധവത്തെ ഒന്നുകൂടി അടയാളപ്പെടുത്തുകയാണ് ഈ ചിത്രങ്ങളും വാര്‍ത്തയും.
മോദി വാഴ്ചയുടെ കാലത്ത് അതിശക്തമായി രൂപപ്പെട്ടുവന്ന മുസ്‌ലിംവിരുദ്ധ നിലപാടുകളില്‍ ഏറ്റവും തീവ്രമായത് ഗോവധവുമായി ബന്ധപ്പെട്ട വിഷയം തന്നെയാണ്. ഹിന്ദുക്കളുടെ ദൈവത്തെ മുസ്‌ലിംകള്‍ കഴുത്തറുത്ത് കൊന്ന് രസിക്കുന്നുവെന്നാണ് സംഘ്പരിവാരിന്റെ വര്‍ഗീയ പ്രചാരണം. ഗോവധ നിരോധം സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും വഴിനോക്കുന്ന, തന്ത്രങ്ങള്‍ മെനയുന്ന കാലത്താണ് നാം ജീവിക്കുന്നത്. പശുമാതാവിനെ സംരക്ഷിക്കുന്നതിന് വേണ്ടി പ്രജകളെ തല്ലിക്കൊല്ലാന്‍ വരെ മൗന സമ്മതം മൂളുന്ന നേതാക്കള്‍ ഈ രാജ്യത്തുണ്ട്. ദാദ്രിയിലെ അഖ്‌ലാഖ് അടക്കമുള്ളവര്‍ക്ക്ക്ക് പശുസംരക്ഷണത്തിന്റെ പേരില്‍ ‘വധശിക്ഷ’ കൊടുത്തു ഇവിടുത്തെ വര്‍ഗീയവാദികള്‍. നിലവിലെ ഇന്ത്യയുടെ ഒരു വശത്തെ വരച്ചുകാട്ടുന്നതാണ് ഈ പശുസംരക്ഷണത്തിന്റെ പേരിലുള്ള ഇത്തരം ശിക്ഷകള്‍. ഇത്തരം സംഭവങ്ങള്‍ ദിനേന വര്‍ധിച്ചുവരികയും അതൊരു നിത്യസംഭവമായി മാറുകയും ചെയ്യുന്ന സാഹചര്യത്തില്‍ ‘രക്തപ്പുഴ’യൊഴുകുന്നതിന്റെ ദൃശ്യം ആഘോഷിക്കുന്നിടത്താണ് ആശങ്കകള്‍ പൊന്തിവരുന്നത്. ബലിപെരുന്നാള്‍ വരുമ്പോള്‍ ചിലര്‍ കൂടുതല്‍ അസഹിഷ്ണുക്കളാകുന്നുവെന്നതിന്റെ അടയാളങ്ങള്‍ ഈ വര്‍ഷവും രാജ്യത്തുണ്ടായി. ബക്രീദിന് പശുക്കളെ അറുത്താല്‍ ശിക്ഷ നടപ്പാക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. രക്തച്ചൊരിച്ചിലില്ലാത്ത ബക്രീദ് എന്നായിരുന്നു ആര്‍ എസ് എസിന്റെ ഇസ്‌ലാമിക വിഭാഗം എന്നറിയപ്പെടുന്ന മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ ക്യാമ്പയിന്‍ തലക്കെട്ട്. ഉത്തര്‍പ്രദേശിലെ അവാധ് യൂനിറ്റില്‍ ആടിന്റെ രൂപത്തിലുള്ള കേക്ക് മുറിച്ചായിരുന്നു മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ വിശേഷപ്പെട്ട ‘ബലികര്‍മം.’ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ സെക്ഷന്‍ ഇരുപത്തിയെട്ടിലുള്‍പ്പെടുത്തി മൃഗബലി നിരോധിക്കണമെന്ന ഹരജി സുപ്രീം കോടതിയിലെത്തിയതും ഈ ബലിപെരുന്നാള്‍ പ്രമാണിച്ച്തന്നെയാണ്.
മൃഗബലി, ഗോവധം തുടങ്ങിയ പദാവലികളാല്‍ പ്രക്ഷുബ്ധമാകുന്ന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ വാര്‍ത്തക്ക് പിന്നില്‍ വലിയ അജന്‍ഡകള്‍ തന്നെയുണ്ടെന്ന് വേണം അനുമാനിക്കാന്‍. എരിതീയില്‍ എണ്ണയൊഴിക്കാന്‍ മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നതിന്റെ ഉദാഹരണമായി ഈ സംഭവത്തെ കാണാം. മതസൗഹാര്‍ദത്തിനും മതേതരത്വത്തിനും ഇതെത്ര മേല്‍ ഭീഷണിയാണെന്ന് തിരിച്ചറിയാന്‍ ഇത്തരം വാര്‍ത്തകള്‍ക്ക് താഴെ വന്ന കമന്റുകള്‍ ഒരാവര്‍ത്തി വായിച്ചാല്‍ മതി. വര്‍ഗീയ വിഷം ചീറ്റുന്ന വരികളാല്‍ സമൃദ്ധമാണ് കമന്റുകള്‍.
സാമുദായിക ധ്രുവീകരണവും വര്‍ഗീയ സംഘട്ടനങ്ങളും സൃഷ്ടിച്ച് കൊണ്ട് മാത്രം വളരാന്‍ സാധിക്കുന്ന പ്രത്യയശാസ്ത്രമാണ് സംഘ്പരിവാറിന്റെത്. കാലങ്ങളായുള്ള കുത്തക മാധ്യമങ്ങളുടെ അകമഴിഞ്ഞ സഹായം കൊണ്ട് തന്നെയാണ് അവര്‍ വളര്‍ന്ന് വികാസം പ്രാപിച്ചതും. കിംവദന്തികള്‍ പടച്ച് രക്തച്ചൊരിച്ചിലുകള്‍ ഉണ്ടാക്കാന്‍ ചില മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നീചമായ നിലപാടുകള്‍ തന്നെയാണ് ഇന്ത്യന്‍ ജനാധിപത്യത്തെ ക്ഷയോന്മുഖമാക്കിക്കൊണ്ടിരിക്കുന്നത്. മൃഗസ്‌നേഹത്തെ കുറിച്ച് ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം വാചാലമാകുന്ന മാധ്യമങ്ങള്‍ മനുഷ്യരുടെ കെടുതികളെകുറിച്ചും അവരുടെ പട്ടിണിയെ കുറിച്ചും മിണ്ടാന്‍ തുനിയുന്നില്ല. ഇവിടെയാണ് മാധ്യങ്ങളുടെ ഇരട്ടത്താപ്പിനെ കുറിച്ചും കാപട്യത്തെ സംബന്ധിച്ചും ചര്‍ച്ച ചെയ്യേണ്ടിവരുന്നത്. കശ്മീരില്‍ വര്‍ഷിക്കുന്ന പെല്ലറ്റുകളെ കുറിച്ചും താഴ്‌വരകളില്‍ കട്ടപിടിക്കുന്ന മനുഷ്യ രക്തത്തെ കുറിച്ചും മൗനം പാലിക്കുന്നവര്‍ ധാക്കയിലെ ചുവന്ന വെള്ളത്തെ കുറിച്ച് കണ്ണീരൊഴുക്കുന്നതിന് പിന്നിലെ താത്പര്യങ്ങള്‍ എങ്ങനെ നിരുപദ്രവകരമാകാനാണ്?
ഡിവൈഡ് ആന്‍ഡ് റൂള്‍ പോളിസി പ്രയോഗിച്ച് വായനക്കാരില്‍ വിഷം വമിക്കുന്ന തന്ത്രം തന്നെയാണ് ഇവിടെയും പ്രയോഗിച്ചിരിക്കുന്നതെന്ന് ബോധ്യമാകും. സോഷ്യല്‍ മീഡിയകളെ കുത്തക മാധ്യമങ്ങളുടെ ബദലെന്ന് വിശേഷിപ്പിക്കുമ്പോഴും കുത്തകമാധ്യമങ്ങള്‍ എങ്ങനെയാണ് സാമൂഹിക മാധ്യമങ്ങളെ പോലും ഹൈജാക്ക് ചെയ്യുന്നതെന്നതിന്റെ വ്യക്തമായ ഉദാഹരണം കൂടിയാണ് ഈ സംഭവം.
ഇസ്‌ലാമികാചാരങ്ങള്‍ക്ക് പിന്നാലെ കൂടുന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ നിലപാട് കൂടി ഇവിടെ വിശകലന വിധേയമാക്കേണ്ടതുണ്ട്. മുസ്‌ലിം വ്യക്തി നിയമങ്ങളുമായി ബന്ധപ്പെട്ട് ആരെങ്കിലും എന്തെങ്കിലും മിണ്ടിയാല്‍ അത് വലിയ വാര്‍ത്തയാകുന്നതും രാത്രി ചര്‍ച്ചകളിലേക്ക് കടന്നുവരുന്നതും അതുകൊണ്ടാണ്. സോഷ്യല്‍ മീഡിയകളില്‍ ഒരു വാര്‍ഷികാചാരമായി തന്നെ ബലിപെരുന്നാള്‍ പ്രമാണിച്ച് മൃഗസ്‌നേഹം തുളുമ്പുകയാണ് ചിലര്‍ക്ക്. ധാക്കയുടെ തെരുവിലൂടെ ഒഴുകിയത് എന്ത് വെള്ളമാണെങ്കിലും, അതിനെ എടുത്തുദ്ധരിക്കുകയും ചിത്രീകരിക്കുകയും ചെയ്യുന്ന മാധ്യമ രീതിയില്‍ ഉഗ്രവിഷമുണ്ട്.
ബലി അറുക്കാമായിരുന്നു, പക്ഷേ ഇത്ര ക്രൂരത വേണ്ടായിരുന്നു എന്ന തരത്തിലുള്ള ഫേസ്ബുക്ക് കമന്റുകള്‍ ഇത്തരം മാധ്യമങ്ങളുടെ ഗൂഢതാത്പര്യങ്ങളെ സാധൂകരിക്കുന്നുമുണ്ട്. മാംസാഹാരികളും മൃഗം കൊല്ലികളുമായി മുസ്‌ലിംകളെ മാത്രം ചിത്രീകരിക്കുകയെന്നത് സംഘ്പരിവാര്‍ അജന്‍ഡയുടെ ഭാഗമാണ്. അറിഞ്ഞോ അറിയാതെയോ ചില മാധ്യമങ്ങള്‍ അതിന് ഓശാന പാടുകയും ചെയ്യുന്നു. ദ മിത്ത് ഓഫ് ഹോളി കൗ എന്ന പുസ്തകത്തില്‍ ടി എന്‍ ഝാ ഈ വാദത്തെ കൃത്യമായി ഖണ്ഡിക്കുന്നുണ്ട്. മുസ്‌ലിം ഭരണാധികാരികളാണ് ഈ സമ്പ്രദായത്തെ കൊണ്ടുവന്നതെന്ന് പറയുന്ന ആര്‍ എസ് എസ് വാദത്തെ വേദങ്ങളുദ്ധരിച്ച് ഗ്രന്ഥകാരന്‍ പൊളിച്ചടുക്കുന്നത് കാണാം.
ബലിപെരുന്നാള്‍ മൃഗങ്ങള്‍ക്ക് ഹോളോ കോസ്റ്റ് പോലെയാണ്, വര്‍ഷാവര്‍ഷം കടന്നുവരുന്ന അസന്തോഷത്തിന്റെ ദിനങ്ങളാണ് ഈദ് തുടങ്ങിയ ചിലരുടെ കമന്റുകള്‍ ഇത്തരം മാധ്യമങ്ങള്‍ ആരെയാണ് പ്രീതിപ്പെടുത്തുന്നത് എന്നതിന്റെ തെളിവാണ്. എന്നാല്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് മാത്രം പ്രത്യേക മൃഗസ്‌നേഹികളാകുന്നവര്‍ മൂടിവെക്കാന്‍ ശ്രമിക്കുന്ന ചില വസ്തുതകള്‍ കൂടി വിശകലനം ചെയ്യേണ്ടതുണ്ട്. ലോകത്തെ തന്നെ ബീഫ് കയറ്റുമതിയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യാ രാജ്യത്ത് കയറ്റുമതിയില്‍ മുന്നില്‍ നില്‍ക്കുന്ന കമ്പനികളുടെ ഉടമകള്‍ ഹിന്ദുക്കളാണ്. അതിനെ കുറിച്ച് പറയുമ്പോള്‍ നാവിറങ്ങിപ്പോകും. ദിനം പ്രതി മില്യന്‍ കണക്കിന് ജീവികളെ കഴുത്തറുക്കുന്ന കെ എഫ് സി അടക്കമുള്ള കമ്പനികളെ കുറിച്ച് ഇവര്‍ക്കെന്ത് കൊണ്ട് ആശങ്കയില്ല.? ചിക്കന്‍ കഴിക്കുന്നവരും മുട്ടകഴിക്കുന്നവരും ജീവനുകളെയാണ് ബലികഴിക്കുന്നതെന്ന യാഥാര്‍ഥ്യം സമര്‍ഥമായി വിസ്മരിക്കാനും ഇവര്‍ ശ്രമിക്കുന്നു.
അത്തരം ഭീമന്‍ കമ്പനികളെ കുറിച്ചോ അവര്‍ നടത്തുന്ന ഹത്യകളെ കുറിച്ചോ മാധ്യമങ്ങള്‍ക്കോ മൃഗ്‌സ്‌നേഹികള്‍ക്കോ ആശങ്ക ഉയരുന്നില്ല. എന്തായാലും ജനാധിപത്യത്തിന്റെ കാവല്‍തൂണുകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളുടെ മെല്ലെമെല്ലെയുള്ള നിലപാട് മാറ്റങ്ങളും വാര്‍ത്തകളിലെ അപകടകരമായ അവതരണ രീതിയും ആശങ്കയുണ്ടാക്കുന്നതാണ്. മതേതരത്വത്തില്‍ വിശ്വസിക്കുന്ന സൗഹാര്‍ദത്തോടെ ജീവിച്ചുപോകണമെന്ന് കരുതുന്ന ഇന്ത്യക്കാരെ മുഴുവന്‍ ഈ ഭീതി വേട്ടയാടിക്കൊണ്ടിരിക്കുകയും ചെയ്യും.