Connect with us

Gulf

കാര്‍ഗോ എക്‌സ് എം എല്‍ ഉപയോഗിക്കുന്ന ആദ്യ വിമാന കമ്പനിയായി ഖത്വര്‍ എയര്‍വേയ്‌സ്‌

Published

|

Last Updated

ദോഹ: കാര്‍ഗോ എക്‌സ്റ്റെന്‍സിബിള്‍ മാര്‍ക് അപ് ലാംഗ്വേജ് എന്ന കാര്‍ഗോ എക്‌സ് എം എല്‍ പൂര്‍ണതോതില്‍ ഉപയോഗിക്കുന്ന ആദ്യ വിമാന കമ്പനിയായി ഖത്വര്‍ എയര്‍വേയ്‌സ് കാര്‍ഗോ. അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടനയായ ഇയാട്ട രൂപപ്പെടുത്തിയ സന്ദേശ കൈമാറ്റ സംവിധാനമാണ് കാര്‍ഗോ എക്‌സ് എം എല്‍. മറ്റ് വ്യോമ ചരക്ക് കടത്തില്‍ പങ്കാളികളായ ഷിപ്പേഴ്‌സ്, ഫ്രീറ്റ് ഫോര്‍വാര്‍ഡേഴ്‌സ്, ഏജന്റുമാര്‍, കസ്റ്റംസ്, സുരക്ഷാ ഏജന്‍സികള്‍ തുടങ്ങിയവരുമായെല്ലാം ഇലക്‌ട്രോണിക് രൂപത്തില്‍ ആശയവിനിമയം നടത്താന്‍ സാധിക്കുന്നതാണിത്.
സാധാരണ ഉപയോഗിക്കുന്ന കാര്‍ഗോ ഇന്റര്‍ചേഞ്ച് മെസ്സേജ് പ്രോസീജ്യേഴ്‌സ് (കാര്‍ഗോ ഐ എം പി) എന്ന സംവിധാനത്തില്‍ വരുന്ന തടസ്സങ്ങളെ ഇല്ലാതാക്കാന്‍ കാര്‍ഗോ എക്‌സ് എം എല്ലിലൂടെ സാധിക്കും. പരിധിയില്ലാതെ വിവരം കൈമാറാനും കഴിയും. വിമാന കമ്പനിയും മറ്റ് ചരക്ക് കടത്ത് പങ്കാളികളും തമ്മിലുള്ള വിവര കൈമാറ്റം എളുപ്പമാക്കാനും ഗുണമേന്മയോടെ പ്രവര്‍ത്തിപ്പിക്കാനും ഇതിലൂടെ സാധിക്കും. ഇ വാണിജ്യം മെച്ചപ്പെടുത്താനുള്ള ആഗോള ഭാഷയെന്ന നിലക്ക് കാര്‍ഗോ എക്‌സ് എം എല്‍ മാറിയിട്ടുണ്ട്. വിമാന ചരക്ക് കടത്തില്‍ എല്ലാ വിവരങ്ങളും ഇലക്‌ട്രോണിക് രൂപത്തില്‍ സമര്‍പ്പിക്കാന്‍ സാധിക്കുന്നതിലൂടെ ആഗോള വാണിജ്യം പുഷ്ടിപ്പെടാനും ഇത് ഇടയാക്കും. കൂടുതല്‍ ഇലക്‌ട്രോണിക് രേഖകളുടെ കൈമാറ്റം വേഗത്തില്‍ നടത്താനും ചരക്ക് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും കഴിയുന്നതിന് പുറമെ ചെലവ് കുറക്കാനും ഇത് ഇടയാക്കും.
ഇയാട്ടയുടെ മാനദണ്ഡപ്രകാരമുള്ള കാര്‍ഗോ എക്‌സ് എം എല്‍ സംവിധാനം ഉപയോഗിക്കുന്ന ആദ്യ വിമാന കമ്പനിയായി മാറിയതില്‍ അഭിമാനമുണ്ടെന്ന് ഖത്വര്‍ എയര്‍വേയ്‌സ് കാര്‍ഗോ ചീഫ് ഓഫീസര്‍ ഉള്‍റിക് ഒജീര്‍മന്‍ പറഞ്ഞു. കാര്‍ഗോ എക്‌സ് എം എല്‍ ഉപയോഗിക്കുന്ന റഗുലേറ്ററി അതോറിറ്റികളും കസ്റ്റംസും അടക്കമുള്ള ശൃംഖലകളെ പങ്കാളികളുമായി ബന്ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. മരുന്നുകള്‍ മുതല്‍ സുപ്രധാന ഇലക്‌ട്രോണിക് ഘടകങ്ങള്‍ അടക്കമുള്ള ലക്ഷക്കണക്കിന് ടണ്‍ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ എത്തിക്കാന്‍ ഇതിലൂടെ ഖത്വര്‍ എയര്‍വേയ്‌സിന് സാധിക്കുമെന്ന് ഇയാട്ട കാര്‍ഗോ ഗ്ലോബല്‍ ഹെഡ് ഗ്ലിന്‍ ഹ്യൂസ് പറഞ്ഞു. വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍, ഇന്റര്‍നാഷനല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ പോലുള്ളവയുടെ മാനദണ്ഡം അനുസരിച്ചാണ് കാര്‍ഗോ എക്‌സ് എം എല്‍ വികസിപ്പിച്ചത്.
ഖത്വര്‍ എയര്‍വേയ്‌സിന്റെ സ്മാര്‍ട്ട് ചരക്ക് സംവിധാനങ്ങളായ ഇ എ ഡബ്ല്യു ബി, ഇ ഫ്രീറ്റ്, ഇ സി എസ് ഡി, ഇ ബുക്കിംഗ് തുടങ്ങിയവയെ കൂടുതല്‍ ശക്തമാക്കാനും സാധിക്കും. ആഗോള ഐ ടി സേവനദാതാക്കളായ വിപ്രോയുമായി ചേര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ഖത്വര്‍ എയര്‍വേയസ് കാര്‍ഗോ റിസര്‍വേഷന്‍സ്, ഓപറേഷന്‍സ്, അക്കൗണ്ടിംഗ് ആന്‍ഡ് മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ക്രോമിസ്) എന്ന സംവിധാനത്തിന് രൂപം നല്‍കിയത്.

Latest