ആഹാരത്തിലൂടെ ആരോഗ്യം

Posted on: September 16, 2016 7:04 pm | Last updated: September 16, 2016 at 7:04 pm
SHARE

ലോക ജനസംഖ്യയില്‍ അറുപത് ശതമാനത്തിലധികം പേരും ദുര്‍മേദസ്സുള്ളവരാണ്. അഥവ, ഇന്നു കണ്ടുവരുന്ന രോഗങ്ങളില്‍ മുഖ്യമാണ് അമിതവണ്ണം. ആവശ്യത്തിലധികമുള്ള ഭക്ഷണമാണ് അമിതവണ്ണത്തിന് കാരണം. ഇന്ന് ഭക്ഷിക്കാന്‍ വേണ്ടി ജീവിക്കുകയാണ് പലരും. പാചകവും ഭക്ഷണവും ലോകത്തെ പ്രധാന വാണിജ്യമായി മാറിയതിനു കാരണം മനുഷ്യന്റെ അമിത ഭക്ഷണാസക്തിയാണ്. അതുകൊണ്ടാണ് മാരകമായ കോഴിയിറച്ചിയും അമോണിയ ചേര്‍ന്ന മത്സ്യവും കൃത്രിമ പാലുമെല്ലാം ഭക്ഷിച്ചു നാം ദുരന്തങ്ങള്‍ വിലകൊടുത്തു വാങ്ങുന്നത്. പശുമേയുന്ന പുല്‍ത്തകിടില്‍ ഉപ്പിന്റെ കട്ട വെച്ചാല്‍, രക്തത്തിലെ ഉപ്പിന്റെ അളവ് കുറയുന്ന സമയത്തു മാത്രമേ പശു ഉപ്പുകട്ടയില്‍ നക്കുകയുള്ളൂ. അങ്ങനെ വിവിധ തരത്തിലുള്ള ഭക്ഷണങ്ങളുടെ കുറവ് സ്വയം അറിയുവാനും അതനുസരിച്ചു ഭക്ഷണവസ്തുക്കളുടെ അളവ് കൂട്ടാനും കുറക്കുവാനും പല ജന്തുക്കള്‍ക്കും കഴിവുണ്ട്. എന്നാല്‍, നല്ലതും ചീത്തയും തിരിച്ചറിയാതെ നാവിന് രുചിയുള്ളതെല്ലാം ഭക്ഷിച്ച് രോഗങ്ങള്‍ക്ക് അടിമകളാകുകയാണ് നാം.
വയര്‍ നിറക്കുന്നതിന്റെയും വിശപ്പിന്റെയും ഇസ്‌ലാമികമാനം നോക്കാം. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) അദ്കിയയില്‍ പറയുന്നു: ‘അന്നപാനാദികള്‍ കുറക്കുന്നതിനെക്കാള്‍ ശരീരത്തിനും മത ഉന്നതിക്കും പ്രയോജനകരമായ മറ്റൊരു കാര്യവുമില്ല.’ശരീരസൗഖ്യത്തിനും രോഗപ്രതിരോധത്തിനും നല്ലത് ഭക്ഷണം കുറക്കുന്നതാണ്. അമിതഭക്ഷണം അനവധി രോഗങ്ങള്‍ക്കു കാരണമാകാറുണ്ട്. ശരീരത്തെ കീഴ്‌പ്പെടുത്താനും ഭക്ഷണം കുറക്കുന്നതുവഴി സാധിക്കും. വിശപ്പുകൊണ്ടൊതുങ്ങും പോലെ മറ്റൊന്നുകൊണ്ടും ശരീരം ഒതുങ്ങുന്നില്ല. അധികഭക്ഷണം ശീലിച്ചവന്‍ അത് കുറയ്ക്കാനാഗ്രഹിക്കുന്നുവെങ്കില്‍ ഒറ്റയടിക്കാവരുത്. അല്‍പാല്‍പമായി ശീലിക്കുകയാണ് വേണ്ടത്.
ഇബ്‌റാഹിമുബ്‌നു അദ്ഹം(റ) പറഞ്ഞു: ‘ലുബ്‌നാന്‍ പര്‍വതത്തിലെ ധാരാളം ആബിദീങ്ങളുമായി ഞാന്‍ സൗഹൃദത്തിലായി. അവര്‍ എന്നോട് ഉപദേശിച്ചത് ഇപ്രകാരമായിരുന്നു. ഇഹലോകത്തിന്റെ മക്കളുടെ അടുത്തേക്കു നീ തിരിച്ചുചെന്നാല്‍ അവരോട് നാലു കാര്യം ഉപദേശിക്കണം. അമിതഭക്ഷണം കഴിക്കുന്നവന് ആരാധനയുടെ മാധുര്യം നുകരാന്‍ കഴിയില്ല. അധികം ഉറങ്ങുന്നവന് ആയുസ്സില്‍ ബറകത്തുണ്ടാവില്ല. ദുഷ്ടജനങ്ങളുമായി സഹവസിക്കുന്നവനു പരലോകത്തേക്കു നേര്‍വഴി കാണുകയില്ല. അനാവശ്യം വര്‍ധിപ്പിച്ചവന് ഇഹലോകത്ത് നിന്ന് ഇസ്‌ലാം ഉപേക്ഷിച്ചുപോകേണ്ടി വരും.’

LEAVE A REPLY

Please enter your comment!
Please enter your name here