രക്തസാക്ഷിത്വം വരിച്ച സൈനികരില്‍ ഗള്‍ഫ് യുദ്ധത്തിലെ പോരാളിയും

Posted on: September 16, 2016 7:02 pm | Last updated: September 22, 2016 at 7:42 pm
യമനില്‍ രക്തസാക്ഷികളായ സൈനികര്‍ക്ക് വേണ്ടിയുള്ള മയ്യിത്ത് നിസ്‌കാരത്തില്‍ പങ്കെടുക്കുന്ന അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി  തുടങ്ങിയവര്‍
യമനില്‍ രക്തസാക്ഷികളായ സൈനികര്‍ക്ക് വേണ്ടിയുള്ള മയ്യിത്ത് നിസ്‌കാരത്തില്‍ പങ്കെടുക്കുന്ന അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി
തുടങ്ങിയവര്‍

ദോഹ: കഴിഞ്ഞ ദിവസം യമനില്‍ രക്തസാക്ഷിത്വം വരിച്ച ഖത്വര്‍ സൈനികരില്‍ അല്‍ ഖഫ്ജി പോരാട്ടത്തില്‍ പങ്കെടുത്ത വീരസാഹസികനും. രക്തസാക്ഷിയായ ലാന്‍സ് കോര്‍പറല്‍ മുഹമ്മദ് അവദ് സാലിമാണ് 1991ലെ ഗള്‍ഫ് യുദ്ധകാലത്തെ പ്രധാന പോര്‍ക്കളമായിരുന്ന ഖഫ്ജി പോരാട്ടത്തില്‍ പങ്കെടുത്തതെന്ന് അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞു. മരിക്കുന്നതിന് മുമ്പ് കുടുംബത്തെ വിളിച്ച് ഈദ് ആശംസകള്‍ നേര്‍ന്നിരുന്നു അദ്ദേഹമെന്നും മകന്‍ ഓര്‍മിച്ചു. പ്രാദേശിക പത്രമായ ദി പെനിന്‍സുലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മകന്റെ കാര്യത്തില്‍ ഏറെ അഭിമാനിക്കുന്നുവെന്ന് രക്തസാക്ഷിയായ സൈനികനായ മുഹമ്മദ് നാസറി (24)ന്റെ പിതാവ് പറഞ്ഞു. നാല് വര്‍ഷം മുമ്പാണ് മകന്‍ സൈന്യത്തില്‍ ചേര്‍ന്നത്. പെരുന്നാള്‍ ദിവസം കുടുംബത്തിലേക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. യമനിന്റെ നിയമപ്രകാരമുള്ള അവകാശങ്ങള്‍ നിറവേറ്റുന്നതിനും സുരക്ഷയും സ്ഥിരതയും കൊണ്ടുവരുന്നതിനുമാണ് അവന്‍ പോരാടിയതെന്നും അദ്ദേഹം പറഞ്ഞു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇഷ്ടക്കാരനായിരുന്നു നാസര്‍. അറഫ ദിനം തന്നെയും കുടുംബത്തെയും വിളിച്ച് സംസാരിച്ചതായി മുഹമ്മദ് അബ്ദുല്ലയെന്ന നാസറിന്റെ ബന്ധു പറഞ്ഞു. ബന്ധുവും അടുത്ത സുഹൃത്തുമായിരുന്നു നാസര്‍. കര്‍ത്തവ്യം നിര്‍വഹിച്ച് ഉടനെ നാട്ടിലെത്തുമെന്ന് അവന്‍ പറഞ്ഞെങ്കിലും തിരിച്ചുവരാത്ത ലോകത്തേക്ക് അവന്‍ യാത്രയായതായും അബ്ദുല്ല പറഞ്ഞു.
തിങ്കളാഴ്ച സഊദി- യെമന്‍ അതിര്‍ത്തി പ്രദേശത്തെ ചെക്ക് പോയിന്റിലേക്ക് പോകവെ ഇവര്‍ സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വാഹനം രണ്ട് തവണ മലക്കം മറിഞ്ഞു. രണ്ട് പേര്‍ തത്ക്ഷണം മരിച്ചു. മൂന്നാമത്തെയാളെ ജീവനോടെ രക്ഷപ്പെടുത്തിയെങ്കിലും തലക്ക് ഗുരുതരമായി പരുക്കേറ്റതിനാല്‍ പിന്നീട് മരിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റൊരു സൈനികന്‍ ക്യാംപില്‍ ചികിത്സയിലാണ്. യമന്‍ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയെ വിളിച്ച് അനുശോചനം അറിയിച്ചു. യു എ ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ്, ഖത്വറിലെ കുവൈത്ത് ആക്ടിംഗ് കൗണ്‍സലര്‍ നാസിര്‍ അകര്‍ അല്‍ ഗാനിം തുടങ്ങിയവര്‍ അനുശോചനം അറിയിച്ചിട്ടുണ്ട്. മിസൈമീര്‍ ഖബര്‍സ്ഥാനിലാണ് മൂന്ന് പേരെയും ഖബറടക്കിയത്.