Connect with us

Wayanad

ആയിരങ്ങള്‍ക്ക് ആശ്വാസമായി സൗജന്യ വീല്‍ചെയര്‍ വിതരണ പദ്ധതി

Published

|

Last Updated

കല്‍പ്പറ്റ: കോഴിക്കോട് ആസ്ഥാനമായുള്ള മിഡില്‍ഹില്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സൗജന്യ വീല്‍ചെയര്‍ വിതരണ പദ്ധതി ഇതിനകം ആശ്വാസമായത് ആയിരങ്ങള്‍ക്ക്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ സൊസൈറ്റി വയനാട് ഉള്‍പ്പെടെ മലബാറിന്റെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്തത് 15,000 ഓളം വീല്‍ ചെയറുകള്‍. വീല്‍ചെയര്‍ മിഷന്‍ യു എസ് എയുടെ സഹകരണത്തോടെയാണ് മലബാര്‍ മേഖല വീല്‍ചെയര്‍ വിതരണ പദ്ധതിയുടെ നടത്തിപ്പെന്ന് സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ.ടി.അബ്ദുല്‍ റസാഖ് പറഞ്ഞു. ജന്മനായുള്ള വൈകല്യം, രോഗം, അപകടം എന്നിവമൂലം കാലുകള്‍ക്ക് ശേഷി നഷ്ടപ്പെട്ടവര്‍ക്കാണ് സൊസൈറ്റി വീല്‍ചെയര്‍ നല്‍കുന്നത്. ഇതിനുള്ള അപേക്ഷകള്‍ വ്യക്തികളില്‍നിന്നു നേരിട്ടും ട്രസ്റ്റുകള്‍, ക്ലബ്ബുകള്‍, സഹകരണ സംഘങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ മുഖനേയും സ്വീകരിക്കുന്നുണ്ട്. ഗവ.ആശുപത്രികളിലെ ഉപയോഗത്തിനും വീല്‍ചെയറുകള്‍ നല്‍കുന്നുണ്ട്.
ഹാന്‍ഡലിംഗ് ചാര്‍ജ് മാത്രം ഈടാക്കിയാണ് വ്യക്തികള്‍ക്കും സംഘടനകള്‍കക്കും വീല്‍ചെയര്‍ നല്‍കുന്നതെന്ന് സൊസൈറ്റി വയനാട് ജില്ലാ രക്ഷാധികാരിയും കല്‍പറ്റ സ്വദേശിയുമായ ജോണി പാറ്റാനി പറഞ്ഞു. ജനറേഷന്‍-ഒന്ന്, ജനറേഷന്‍ രണ്ട് വീല്‍ചെയറുകളാണ് സൊസൈറ്റിക്ക് വീല്‍ചെയര്‍ മിഷന്‍ ലഭ്യമാക്കുന്നത്. 550 വീല്‍ചെയറുകള്‍ പുതുതായി വിതരണത്തിനു എത്തിയിട്ടുണ്ട്. അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് ഇവ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് നല്‍കും. വീല്‍ചെയര്‍ വിതരണ പദ്ധതിയോടുള്ള സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വന്നതായി സൊസൈറ്റി കോഴിക്കോട് ജില്ലാ രക്ഷാധികാരി സി.പി.ആലിക്കോയ പറഞ്ഞു. നിരവധി തവണ അപേക്ഷിച്ചിട്ടും മുന്‍ സര്‍ക്കാരുകള്‍ പദ്ധതി നടത്തിപ്പില്‍ സൊസൈറ്റിയുമായി സഹകരിച്ചിരുന്നില്ല. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന വീല്‍ചെയര്‍ ഭാഗങ്ങള്‍ യോജിപ്പിക്കുന്നതിനും സൂക്ഷിക്കുന്നതിനും സൗകര്യം ഒരുക്കുന്നതിനു അഞ്ച് സെന്റ് സ്ഥലം അനുവദിക്കാമെന്ന് നിലവിലെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വീല്‍ചെയര്‍ വിതരണത്തിനു ഉപയോഗപ്പെടുത്തുന്നതിനു കൊടുവള്ളി എം.എല്‍.എ റസാഖ് കാരാട്ട് ആസ്തി വികസന നിധിയില്‍നിന്നു നല്‍കിയ 1.4 ലക്ഷം രൂപ ഉള്‍പ്പെടെ 1.9 ലക്ഷം രൂപ വിനിയോഗിച്ചാണ് സൊസൈറ്റി ഈയിടെ ഗുഡ്‌സ് ഓട്ടോറിക്ഷ വാങ്ങിയത്.
സമീപഭാവിയില്‍ വീല്‍ചെയറുകള്‍ ഹാന്‍ഡ്‌ലിംഗ് ചാര്‍ജും ഒഴിവാക്കി ഗുണഭോക്താക്കള്‍ക്ക് നല്‍കാനാണ് സൊസൈറ്റിയുടെ നീക്കമെന്ന് പ്രവര്‍ത്തകരായ സലിം കടവന്‍ മുട്ടില്‍, എ.പി.ഹംസ അമ്പലപ്പുറം എന്നിവര്‍ പറഞ്ഞു. പദ്ധതി പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ ആദിവാസികളടക്കം ദുര്‍ബല ജനവിഭാഗങ്ങള്‍ ഏറെയുള്ള വയനാട്ടിലടക്കം സന്നദ്ധസംഘടനകള്‍ക്കിടയില്‍ സൊസൈറ്റി ബോധവല്‍ക്കരണം നടത്തിവരികയാണ്. വയനാട്ടില്‍ മാത്രം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 3000ല്‍പരം വീല്‍ചെയരാണ് വിതരണം ചെയ്തത്. സെന്റര്‍ ഫോര്‍ യൂത്ത് ഡവല്പ്പമെന്റ്, എസ് വൈ എസ്, വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂനിറ്റുകള്‍ എന്നിവ മുഖേനയാണിത്.