കര്‍ണാടകയിലും തമിഴ്‌നാട്ടിലും കാവേരി വിഷയം: വയനാട്ടിലേക്ക് സഞ്ചാരി പ്രവാഹം

Posted on: September 16, 2016 3:26 pm | Last updated: September 16, 2016 at 3:26 pm

wayanadകല്‍പ്പറ്റ: തമിഴ്‌നാട്ടിലും കര്‍ണാടകയിലും കാവേരി ജലത്തിന്റെ പേരില്‍ കലാപം പടരുന്നതിനാല്‍ സഞ്ചാരികളെല്ലാം ഇക്കുറി വയനാട്ടിലേക്ക്. വയനാട്ടിലെ ടൂറിസ്റ്റ് സങ്കേതങ്ങള്‍ സ്ഥിതിചെയ്യുന്ന ഊടുവഴികളില്‍ പോലും വാഹന തിരക്കാണ് കഴിഞ്ഞ നാലഞ്ച് ദിവസമായി അനുഭവപ്പെടുന്നത്. ഇതിനൊപ്പം സംസ്ഥാനത്തിന് അകത്തുനിന്നുള്ള ആഭ്യന്തര ടൂറിസ്റ്റുകള്‍ കൂടിയായതോടെ പ്രധാന പാതകളില്‍ പലതിലും മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കും അനുഭവപ്പെടുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി വയനാട് ചുരത്തില്‍ വാഹനങ്ങളുടെ ബാഹുല്യം മൂലമുള്ള കുരുക്ക് അതിരൂക്ഷമായി അനുഭവപ്പെടുകയാണ്. രണ്ടും മൂന്നും മണിക്കൂറെടുത്താണ് അടിവാരം മുതല്‍ ലക്കിടി വരെയുള്ള 12 കിലോമീറ്ററോളം വാഹനങ്ങള്‍ നീങ്ങിയത്. ഇതിനിടെ വലിയ ഭാരവണ്ടികള്‍ കൂടിയായപ്പോള്‍ കുരുക്കിന്റെ തീവ്രതയേറി. സാധാരണഗതിയില്‍ കല്‍പറ്റയില്‍ നിന്ന് ഒരു മണിക്കൂര്‍ കൊണ്ട് അടിവാരത്തെത്തുന്നതാണ് ബസുകള്‍.സ്വകാര്യ വാഹനങ്ങള്‍ക്ക് ഇത്രയും സമയം വേണ്ട. മാനന്തവാടിയില്‍ നിന്ന് ഒന്നേമുക്കാല്‍ മണിക്കൂറും ബത്തേരിയില്‍ നിന്ന് ഒന്നര മണിക്കൂറും സഞ്ചരിച്ചാല്‍ ബസില്‍ അടിവാരത്ത് എത്താം. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലും കാറുകള്‍ അടക്കമുള്ള സ്വകാര്യ വാഹനങ്ങളും പൊതുവാഹനമായ ബസും അടിവാരത്ത് എത്തെത്താന്‍ ഇതിന്റെ ഇരട്ടിയോളം സമയം എടുത്തു. ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ സമയാസമയങ്ങളില്‍ ഇടുപെടുന്നതിനായി അടിവാരത്ത് ആരംഭിച്ച പോലീസ് ഔട്ട്‌പോസ്റ്റിന്റെ സേവനം പോലും ഫലപ്രദമായി ലഭിച്ചിട്ടില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.
ചുരത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ കോഴിക്കോട്,മലപ്പുറം ഭാഗങ്ങളില്‍ നിന്ന് കുടുംബത്തോടെ കാറുകളിലും മറ്റും എത്തിവരും തമിഴ്‌നാട്, കര്‍ണാടക ഭാഗങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളും ചുരത്തിന്റെ മൂന്നാം വളവ് മുതല്‍ ഇടംപിടിച്ചതോടെ ഉത്സവത്തിന്റെ തിരക്കാണ് ഈ പാതയില്‍ അനുഭവപ്പെട്ടത്. റോഡ് സൈഡില്‍ തന്നെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിടുക കൂടിയായപ്പോള്‍ ഗതാഗത കുരുക്ക് അതീവ തീവ്രതയിലേക്ക് എത്തി. ചുരത്തിന്റെ ഒന്‍പതാം വളവ് വരെയുള്ള ഭാഗങ്ങള്‍ കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ ഉള്‍പ്പെട്ടതാണ്. മുന്‍പ് കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഇവിടെ താല്‍ക്കാലിക ജീവനക്കാരെ നിയോഗിച്ചിരുന്നു. ഇപ്പോള്‍ ആരും നിയന്ത്രിക്കാനില്ലാത്ത അവസ്ഥയാണ്. ചുരത്തില്‍ അനുഭവപ്പെട്ട വാഹന ഗതാഗത കുരുക്ക് കിലോമീറ്ററുകളോളം ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു.
ചുരത്തില്‍ മാത്രമല്ല, വയനാട്ടിലെ പ്രധാന ടൂറിസം സങ്കേതങ്ങളായ പൂക്കോട് തടാകം, ബാണാസുരസാഗര്‍ ഡാം, എടക്കല്‍ ഗുഹ, സൂചിപ്പാറ വെള്ളച്ചാട്ടം തുടങ്ങിയേടങ്ങളിലെല്ലാം വലിയ തിരക്കാണ് കഴിഞ്ഞ ഒരാഴ്ചയായി അനുഭവപ്പെടുന്നത്. ഇവിടേക്ക് എത്തുന്നതില്‍ ഏറെയും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണ്. കാവേരി നദീജല പ്രശ്‌നത്തിന്റെ പേരില്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും ഇടയ്ക്കിടെ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിനാല്‍ അവിടേക്കുള്ള സഞ്ചാരികളുടെ പോക്കും വരവും ഏറെക്കുറെ നിലച്ചു.പകരം സൈ്വരമായി പ്രകൃതി ഭംഗി ആസ്വദിക്കാനുള്ള ഇടം എന്ന നിലയിലാണ് കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും സഞ്ചാരികള്‍ കുടുംബ സമേതവും ചെറുചെറു ഗ്രൂപ്പുകളായും വയനാട്ടിലേക്ക് തിരിച്ചത്.
കേരളത്തില്‍ ഓണം-ബക്രീദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഒരാഴ്ച തുടര്‍ച്ചയായി അവധിയായതിനാല്‍ ആഭ്യന്തര ടൂറിസ്റ്റുകളും വന്‍തോതില്‍ വയനാട്ടിലേക്ക് പ്രവഹിക്കുകയായിരുന്നു. ഓണത്തലേന്ന് വരെ വയനാടന്‍ പട്ടണങ്ങള്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ജനത്തിരക്കില്‍ അമര്‍ന്നിരുന്നു.എന്നാല്‍ തിരുവോണ ദിവസവും ഇന്നലെയും തുടര്‍ന്ന ജനത്തിരക്ക് സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള സഞ്ചാരികളുടേതായിരുന്നു. മുന്‍പെല്ലാം വിജയദശമി,നവമി ആഘോഷവേളകള്‍, ക്രിസ്മസ് പുതുവല്‍സരാഘോഷങ്ങള്‍, മധ്യവേനല്‍ അവധി തുടങ്ങിയ സീസണുകളില്‍ മാത്രം പ്രകടമായിരുന്നത്ര തിരക്കാണ് ഈ ആഴ്ച വയനാട്ടില്‍ കാണുന്നത്.റോഡ് നിറയെ ടൂറിസ്റ്റ് ബസുകളും കാറുകളും ഇരുചക്രവാഹനങ്ങളും ആയതോടെ കാല്‍നട യാത്രക്കാര്‍ അടക്കമുള്ളവര്‍ വീര്‍പ്പ്മുട്ടി. തിരക്ക് മുന്‍കൂട്ടി കണ്ടുകൊണ്ട് ഇത് നിയന്ത്രിക്കാനുള്ളനടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായതുമില്ല.