രേഖകളുടെ അപ്‌ലോഡിംഗ് ഒഴിവായില്ല; അപേക്ഷകര്‍ക്ക് ദുരിതം

Posted on: September 16, 2016 3:10 pm | Last updated: September 16, 2016 at 3:10 pm
SHARE

കൊടുവള്ളി: ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പ്ലസ് ടു (പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍) വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ്, ഡിഗ്രിതലം മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കുള്ള മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് എന്നിവയുടെ ഓണ്‍ലൈന്‍ അപേക്ഷ ഒമ്പതോളം രേഖകള്‍ അപ്‌ലോഡ് ചെയ്ത് അയക്കണമെന്ന നിബന്ധനയില്‍ മാറ്റമില്ലാത്തത് അപേക്ഷകരെ ദുരിതത്തിലാക്കുന്നു. അപേക്ഷ സമര്‍പ്പിക്കുന്നതിന് വന്‍ സാമ്പത്തിക ബാധ്യത വരുന്നതായും മറ്റുമുള്ള പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ രേഖകളുടെ അപ്‌ലോഡിംഗ് ഈ മാസം ആറ് മുതല്‍ ഒഴിവാക്കിയിരുന്നു. ഇതാവട്ടെ ഭൂരിഭാഗം വിദ്യാര്‍ഥികളും അപേക്ഷ സമര്‍പ്പിച്ച ശേഷമാണ് ഒഴിവാക്കിയത്.
പോസ്റ്റ് മെട്രിക് അപേക്ഷ സമര്‍പ്പണത്തിനുള്ള അവസാന ദിവസം ഈ മാസം മുപ്പതിനാണ് അവസാനിക്കുന്നത്. ഡിഗ്രി തലം തൊട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ സമര്‍പ്പണം ഈ മാസം എട്ട് മുതല്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നതിന് അവസാന ദിവസം ഒക്ടോബര്‍ 31 ആണ്. മാര്‍ക്ക് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ, റേഷന്‍ കാര്‍ഡ്, അല്ലെങ്കില്‍ താമസസ്ഥലം തെളിയിക്കുന്ന മറ്റ് രേഖകള്‍, ബേങ്ക് പാസ്ബുക്ക്, വരുമാനം, ജാതി തെളിയിക്കുന്ന സെല്‍ഫ് ഡിക്ലറേഷന്‍, സ്ഥാപന മേലധികാരി ഒപ്പിട്ടുനല്‍കുന്ന കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ അപ്‌ലോഡ് ചെയ്ത് അപേക്ഷക്കൊപ്പം സബ്മിറ്റ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് അനുബന്ധ രേഖകളുടെ പകര്‍പ്പ് സഹിതം വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപന മേലധികാരിക്ക് സമര്‍പ്പിക്കണമെന്നതില്‍ മാറ്റം വരുത്തിയിട്ടില്ല. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷയില്‍ രേഖകളുടെ അപ്‌ലോഡിംഗ് ഭാഗം സൈറ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് അപേക്ഷക്കും രേഖകളുടെ അപ്‌ലോഡിംഗ് നിബന്ധന ഒഴിവാക്കി അപേക്ഷാ സമര്‍പ്പണം സുതാര്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നടപടി വൈകുന്നപക്ഷം പ്രീമെടിക് അപേക്ഷാസമര്‍പ്പണം പോലെ ഗുണഫലം അപേക്ഷകര്‍ക്ക് നഷ്ടപ്പെടാനിടയാക്കും.
സ്‌കോളര്‍ഷിപ്പ് അപേക്ഷാ സമര്‍പ്പണത്തിന് അക്ഷയ കേന്ദ്രങ്ങള്‍ തോന്നിയപോലെ ചാര്‍ജ് ഈടാക്കി ചൂഷണം ചെയ്യുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അപേക്ഷ സമര്‍പ്പണത്തിനുള്ള ഫീസ് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചാല്‍ ഈ ചൂഷണം തടയാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദ്യാര്‍ഥിക്ക് സ്‌കോളര്‍ഷിപ്പിന് ഒരു തവണ രജിസ്‌ട്രേഷന്‍ നടത്താനും ഈ രജിസ്റ്റര്‍ നമ്പര്‍ പ്രകാരം തുടര്‍പഠന കാലത്തും പുതിയ മാര്‍ക്ക് ലിസ്റ്റും വരുമാന ഡിക്ലറേഷനും മാത്രം പുതുക്കിനല്‍കാനും അവസരം നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here