വികസനം കാത്ത് കടലുണ്ടി അഴിമുഖം

Posted on: September 16, 2016 2:37 pm | Last updated: September 16, 2016 at 2:37 pm
SHARE
 കടലുണ്ടിക്കടവ് അഴിമുഖത്ത് ഓണം, ബക്രീദ് ആഘോഷ ദിനത്തില്‍ എത്തിച്ചേര്‍ന്ന സഞ്ചാരികള്‍
കടലുണ്ടിക്കടവ് അഴിമുഖത്ത് ഓണം, ബക്രീദ് ആഘോഷ ദിനത്തില്‍ എത്തിച്ചേര്‍ന്ന സഞ്ചാരികള്‍

വള്ളിക്കുന്ന്: ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്ന വള്ളിക്കുന്ന് പഞ്ചായത്തിലെ പ്രദേശമാണ് കടലുണ്ടിക്കടവ്. പുഴയും ആഴിയും അതിരിടുന്ന ഇവിടം കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മേഖല കൂടിയാണ്. നിത്യവും സഞ്ചാരികള്‍ എത്തുന്നതിന് പുറമേ വിശേഷാവസരങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടാറുള്ളത്. കടലുണ്ടി പക്ഷിസങ്കേതം, കണ്ടല്‍ സംരക്ഷിത പ്രദേശം, അഴിമുഖം തുടങ്ങിയവ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ്.
എന്നാല്‍ ഇവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ വികസിപ്പിച്ചിട്ടില്ല. സഞ്ചാരികള്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല. അതിനാല്‍ പാതയുടെ ഇരുഭാഗങ്ങളിലും ക്രമരഹിതമായി പാര്‍ക്കിംഗ് നടത്തുകയാണ്. പാലം മുതല്‍ ഹീറോസ് നഗര്‍ റോഡ് വരെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുക യാണ്. പാലത്തിന് ചുവട്ടില്‍ അഴിമുഖ ഭാഗത്ത് പാറക്കെട്ടിന് മുകളില്‍ സായാഹ്നം ആസ്വദിക്കുന്നവര്‍ കടലിലിറങ്ങുന്നതും കുളിക്കുന്നതും അപകടത്തിന് വഴിവെക്കും. ഇവിടെ നിന്ന് സെല്‍ഫിയെടുക്കുമ്പോള്‍ പാറയിലെ പൂപ്പലില്‍ വഴുതി വീഴാനും സാധ്യത ഏറെയാണ്. മുന്നറിയിപ്പ് ബോര്‍ഡുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല. സഞ്ചാരികള്‍ക്കായി ശൗചാലയങ്ങളും ഷെല്‍ട്ടറുകളും പണിയണം. രാത്രി ഇവിടെ വെളിച്ചമില്ല. പാലത്തിന് മുകളിലെ കൈവരികളില്‍ വിളക്ക് സ്ഥാപിക്കണമെന്നത് പ്രദേശത്തുകാരുടെ പ്രധാന ആവശ്യമാണ്. കൈവരികളില്‍ നിന്ന് തെന്നി വീണ് മരണവും അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്കായി ബോട്ട് യാത്ര ആരംഭിക്കണം. ഗ്രാമപഞ്ചായത്തിന് വലിയൊരു വരുമാന മാര്‍ഗവുമാകുമിത്. ഹരിതവത്കരണത്തിനും ശുചീകരണത്തിനും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here