Connect with us

Malappuram

സാമൂഹിക ക്ഷേമ പെന്‍ഷന്‍ വിതരണം: തൊണ്ണൂറ് ശതമാനം പൂര്‍ത്തിയായി

Published

|

Last Updated

പെരിന്തല്‍മണ്ണ: ജില്ലയില്‍ സാമൂഹിക ക്ഷേമ പെന്‍ഷന്‍ വിതരണം നിശ്ചിത തീയതിക്കകം 90 ശതമാനം പൂര്‍ത്തിയാക്കിയത് 20 സഹകരണ ബേങ്കുകള്‍. ഓണത്തിന് മുമ്പ് ഈ മാസം ഒമ്പതിനകം പൂര്‍ത്തിയാക്കണമെന്നാണ് സഹകരണ ബേങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഇരുപത് സര്‍വീസ് സഹകരണ ബേങ്കുകള്‍ 90 ശതമാനം പൂര്‍ത്തിയാക്കിയപ്പോള്‍ നാല് സഹകരണ ബേങ്കുകള്‍ നിശ്ചിത തീയതിക്കകം നൂറ് ശതമാനം പൂര്‍ത്തിയാക്കിയിരുന്നു.
പെരിന്തല്‍മണ്ണ താലൂക്കിലെ കടന്നമണ്ണ സര്‍വീസ് സഹകരണ ബേങ്ക്, കോഡൂര്‍ സര്‍വീസ് സഹകരണ ബേങ്ക്. തിരുവാലി സര്‍വീസ് സഹകരണ ബേങ്ക്, പോരൂര്‍ സര്‍വീസ് സഹകരണ ബേങ്ക് എന്നീ ബേങ്കുകളാണ് നിശ്ചിത തീയതിക്കകം നൂറ് ശതമാനം പൂര്‍ത്തിയാക്കിയത്. വണ്ടൂര്‍ സര്‍വീസ് സഹകരണ ബേങ്ക്, ചാലിയാര്‍ സര്‍വീസ് സഹകരണ ബേങ്ക്, കരുളായി സര്‍വീസ് സഹകരണ ബേങ്ക്, മൂത്തേടം സര്‍വീസ് സഹകരണ ബേങ്ക്, പെരുമണ്ണ ക്ലാരി സര്‍വീസ് സഹകരണ ബേങ്ക് എന്നിവ നിശ്ചിത സമയ പരിധിക്കകം 95 ശതമാനവും പൂര്‍ത്തിയാക്കിയിരുന്നു. ജില്ലാ സഹകരണ ബേങ്കിന്റെ ചങ്ങരംകുളം, താനൂര്‍ ബ്രാഞ്ചുകള്‍ ഉള്‍പ്പെടെ 123 സഹകരണ ബേങ്കുകള്‍ വഴിയാണ് പെന്‍ഷന്‍ വിതരണം നടക്കുന്നത്. അമ്പതോളം സഹകരണ ബേങ്കുകളില്‍ മന്ദഗതിയിലായിരുന്നു വിതരണം നടന്നിരുന്നത്. പെന്‍ഷന്‍ വിതരണത്തിനായി നല്‍കിയ പട്ടികയില്‍ ഭര്‍ത്താവിന്റെയോ, അച്ചന്റെയോ പേര് വിവരം ഉള്‍ക്കൊള്ളിക്കാതിരുന്നതും. പെന്‍ഷന്‍ തുകയുമായി വീട്ടിലെത്തുമ്പോള്‍ ബന്ധു വീട്ടിലേക്ക് വിരുന്ന് പോയവരും, വിവിധ കാരണങ്ങളാല്‍ സ്ഥലത്തില്ലാത്തതും വിതരണം മന്ദഗതിയിലാവാന്‍ കാരണമായിട്ടുണ്ട്. അത് കൊണ്ട് തന്നെ ഓണത്തിനും പെരുന്നാളിനും മുമ്പ് പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നതുമാണ്.
എന്നാല്‍ മിക്ക സഹകരണ ബേങ്കുകളും കഴിയുന്നത്ര പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. മലപ്പുറം ജില്ലാ ബേങ്കിന്റെ നേതൃത്വത്തില്‍ ആവശ്യമായ ക്രമീകരണങ്ങളെല്ലാം നടത്തിയാണ് വിതരണം ഏകോപിപ്പിക്കുന്നത്.
കാര്‍ഷിക തൊഴിലാളി പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍, വിധവ പെന്‍ഷന്‍, അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ എന്നീ അഞ്ചിനങ്ങളാണ് പ്രാഥമിക സഹകരണ ബേങ്കുകളിലൂടെ വിതരണം ചെയ്യുന്നത്. പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് പ്രാഥമിക സഹകരണ ബേങ്കുകളില്‍ കലക്ഷന്‍ ഏജന്റുമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പെന്‍ഷന്‍ വിതരണം കുറ്റമറ്റ രീതിയിലാക്കുന്നതിന് തികഞ്ഞ ജാഗ്രതയോടെയാണ് സഹകരണ ബേങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. വിതരണം പൂര്‍ത്തിയായിട്ടില്ലാത്ത പ്രദേശങ്ങളില്‍ കഴിഞ്ഞ ഒഴിവ് ദിവസങ്ങളില്‍ വിതരണം നടന്നിരുന്നു. അടുത്ത ദിവസങ്ങളിലും വിതരണം നടക്കും. ഇതു വരെയുള്ള കണക്കനുസരിച്ച് ജില്ലയില്‍ പെന്‍ഷന്‍ വിതരണം 90 ശതമാനവും പൂര്‍ത്തിയായതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം ടി ദേവസ്യ അറിയിച്ചു.

 

---- facebook comment plugin here -----

Latest