Connect with us

National

ഡല്‍ഹിയില്‍ പശുസംരക്ഷകരുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പ്രേം നഗറിലെ മദ്രസയ്ക്കു സമീപം പശു സംരക്ഷകരുടെ മര്‍ദനത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. മര്‍ദ്ദനമേറ്റ ഒരാള്‍ മദ്രസ അധ്യാപകനായിരുന്നു. ബലി പെരുന്നാള്‍ ദിനത്തില്‍ അറുത്ത കാളകളുടെ മാംസാവശിഷ്ടം മാറ്റുന്നതിനിടെയായിരുന്നു മര്‍ദനം. മിനിലോറിയില്‍ മാംസാവശിഷ്ടവുമായിപോയ രണ്ടുപേരെ പശു സംരക്ഷകര്‍ തടഞ്ഞ് മര്‍ദിക്കുകയായിരുന്നു. ലോറിയില്‍നിന്നും പിടിച്ചിറക്കിയ ശേഷം വിവസ്ത്രരാക്കി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചു. ഏകദേശം 24 ഓളം ആളുകള്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

ഹാഫീസ് അബ്ദുള്‍ ഖാലിദ് (25), അലി ഹസന്‍ (35) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ വൈകീട്ട് ഏവ് മണിയോടെ മാലിന്യങ്ങള്‍ ചാക്കിലാക്കി മിനി ലോറിയില്‍ കയറ്റുമ്പോള്‍ പ്രദേശവാസികളായ രണ്ട് യുവാക്കള്‍ ബൈക്കിലെത്തി ഖാലിദിനെയും അലിയേയും തടഞ്ഞു. ബൈക്കിലെത്തിയവര്‍ അറിയിച്ചതനുസരിച്ച് കൂടുതല്‍ പേര്‍ എത്തുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. കാളകളുടെ മാംസാവശിഷ്ടമാണെന്ന് ഖാലിദും അലിയും വേദനയോടെ പറഞ്ഞിട്ടും അക്രമികള്‍ ഇത് കേള്‍ക്കാന്‍ തയ്യാറായില്ല. അക്രമത്തില്‍ ഗുരുതര പരിക്കേറ്റ ഖാലിദിനെയും അലിയേയും സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Latest