Connect with us

Malappuram

ചാലിയാറില്‍ മത്സ്യങ്ങള്‍ കുറവ്: മത്സ്യ തൊഴിലാളികള്‍ പ്രതിസന്ധിയില്‍

Published

|

Last Updated

എടവണ്ണപ്പാറ: ചാലിയാറിലെ ഊര്‍ക്കടവ് പാലത്തിന് മുകള്‍ ഭാഗത്ത് മത്സ്യങ്ങളുടെ കുറവ് തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ ധാരാളം ആളുകള്‍ ചാലിയാറില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്നു. കടുത്ത പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് തൊഴിലാളികള്‍ പലരും മറ്റ് പല മേഖലകളിലേക്ക് ചേക്കേറിയിരിക്കുകയാണ്. കരിമീന്‍, ചെമ്പല്ലി, തിരുത, മാലാന്‍, വാള, കോര, കടുങ്ങാലി, പരല്‍, കോട്ടി മീന്‍, പൂസാന്‍, ചെമ്മീന്‍, മഞ്ഞളേട്ട തുടങ്ങിയ മത്സ്യങ്ങള്‍ ചാലിയാറില്‍ സുലഭമായിരുന്നു. ഇതു പോലെ മത്സ്യഫെഡിന്റെ കീഴില്‍ വളര്‍ത്തുന്ന മത്സ്യക്കുഞ്ഞുങ്ങളെ ചാലിയാറില്‍ നിക്ഷേപിക്കാറുണ്ട്. രോഹു, കട്‌ല, സൈപ്രന്‍സ്, മൃഗാല തുടങ്ങിയവയാണ് വളര്‍ത്തു മത്സ്യങ്ങള്‍. വളര്‍ത്തു മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാത്തതിനാല്‍ വളര്‍ത്തു മത്സ്യങ്ങളും കുറവാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. അഞ്ഞൂറിനോടടുത്ത് തൊഴിലാളികളുണ്ടായിരുന്ന ചാലിയാറില്‍ ഇപ്പോള്‍ തൊഴിലാളികള്‍ കുറവാണ്. മഴക്കാലങ്ങളില്‍ ധാരാളമായി ലഭിക്കാറുണ്ടായിരുന്ന ചെമ്മീനും ഇപ്പോള്‍ വളരെ കുറവാണ്. വലിയ ചെമ്മീനുകള്‍ വിദേശത്തേക്ക് കയറ്റി അയക്കുകയാണ് ചെയ്തിരുന്നത്. ഇതിനായി ഏജന്റുമാര്‍ മത്സ്യതൊഴിലാളികളെ തേടി ഇവിടെ വരാറുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന തോണിയും വലകളും വന്‍ വില നല്‍കി വാങ്ങിയ തൊഴിലാളികളും തോണികള്‍ വാടകക്ക് വാങ്ങി ഉപയോഗിക്കുന്ന തൊഴിലാളികളും എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ഇപ്പോള്‍.

Latest