Connect with us

Kerala

'നമുക്ക് ജാതിയില്ല' ക്യാമ്പയിന്‍ 15 ലക്ഷം പേരിലെത്തിക്കും: മന്ത്രി എ കെ ബാലന്‍

Published

|

Last Updated

തിരുവനന്തപുരം: “നമുക്ക് ജാതിയില്ല” എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശം എല്ലാവരിലുമെത്തിക്കാന്‍ വിപുലമായ പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തതായി സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 21ന് സെനറ്റ് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വിവിധ വകുപ്പുകളുടെ സഹായത്തോടെ ജില്ലാ പരിപാടിയും ഗ്രന്ഥശാലകളുടെ നേതൃത്വത്തില്‍ ഗ്രാമങ്ങളില്‍ കുടുംബ സംഗമവും നടത്തും. ഇതുവഴി ഗുരു സന്ദേശം 15 ലക്ഷം പേരിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ജാതിരഹിത- മതനിരപേക്ഷ സംസ്‌കാരം ഊട്ടിയുറപ്പിക്കുന്നതിനാണ് ഇത്തരം വിപുലമായ ക്യാമ്പയിന്‍. ആദിവാസികുട്ടികള്‍ക്ക് അയ്യായിരം പഠനമുറികള്‍ നിര്‍മിച്ചു നല്‍കുമെന്നും മന്ത്രി അറിയിച്ചു. 40 കോടി രൂപ വീതം ചെലവഴിച്ച് ജില്ലയില്‍ നിര്‍മിക്കാനുദേശിക്കുന്ന സാംസ്‌കാരിക സമുച്ഛയങ്ങളുടെ പ്രവൃത്തി ഉടന്‍ തുടങ്ങും. നാടകശാല, സിനിമാശാല, പുസ്തക ശാല, സെമിനാര്‍ഹാള്‍, താമസ സൗകര്യം എന്നിവയടങ്ങിയതാകും ഈ കേന്ദ്രങ്ങള്‍. ഇതിനൊപ്പം ജില്ലകളില്‍ ചെറിയ സാംസ്‌കാരിക കേന്ദ്രങ്ങള്‍ വേറെയും നിര്‍മിക്കും. ശിവഗിരിയില്‍ അഞ്ച് കോടിരൂപ ചെലവിട്ട് കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മിക്കും.
സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട 100 ഗ്രാമങ്ങളില്‍ സിനിമാ തിയറ്റര്‍ സമുച്ചയങ്ങള്‍ നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാകുമിത്. ഇക്കാര്യത്തില്‍ സ്വകാര്യസ്ഥാപനങ്ങളുടെ പങ്കാളിത്തത്തിന്റെ കാര്യം സര്‍ക്കാര്‍ ആലോചിക്കും. 1,52,000 ഓണക്കിറ്റാണ് ആദിവാസി മേഖലയില്‍ നല്‍കിയത്. പ്രാക്തന ആദിവാസികള്‍ക്ക് മാത്രമായി 49,000 ഓണക്കിറ്റ് നല്‍കി.- മന്ത്രി അറിയിച്ചു.

Latest