വധശിക്ഷയില്‍ നിന്ന് ജീവപര്യന്തത്തിലേക്ക്; വിവാദമൊഴിയാതെ സൗമ്യ വധക്കേസ്

Posted on: September 16, 2016 1:07 am | Last updated: September 16, 2016 at 1:07 am
SHARE

പാലക്കാട്: പെരുമ്പാമ്പൂര്‍ ജിഷ വധകേസ് പോലെ സംസ്ഥാനത്തെ ഞെട്ടിച്ച സംഭവമായിരുന്നു സൗമ്യവധക്കേസും. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദചാമിക്ക് വധശിക്ഷയായിരിക്കും വിധിയെന്ന് സൗമ്യയുടെ മാതാവും കേരളത്തെ ജനങ്ങളും പ്രതീക്ഷിച്ചെങ്കിലും അതെല്ലാം തകിടം മറിച്ച് സുപ്രീം കോടതി വിധി വന്നപ്പോള്‍ ഏറെ നടുക്കത്തോടെയാണ് അത് കേട്ടത്. വധശിക്ഷ റദ്ദാക്കിയതോടെ തുടര്‍ നടപടികളിലാണ് ഇനി പ്രതീക്ഷ. ഗോവിന്ദച്ചാമിക്ക് വധ ശിക്ഷയായിരിക്കും വിധിയെന്ന് സൗമ്യയുടെ മാതാവും കേരളത്തെ ജനങ്ങളും പ്രതീക്ഷിച്ചെങ്കിലും അതെല്ലാം തകിടം മറിച്ച് സുപ്രീം കോടതി വിധി ആളുകളില്‍ നടുക്കമുണ്ടാക്കിയിട്ടുണ്ട്.
2011 ഫെബ്രുവരി ഒന്നിന് രാത്രി ഒമ്പതരയോടെ എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വള്ളത്തോള്‍ നഗറില്‍ 23കാരിയായ സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയട്ടശേഷം ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയില്‍ മരിച്ചു. ഫെബ്രുവരി മൂന്നിന് തമിഴ്‌നാട് കൂടല്ലൂര്‍ വിരുധാചലം സ്വദേശിയായ ഗോവിന്ദചാമി എന്ന 30കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. സൗമ്യയുടെ ശരീരത്തില്‍ നിന്നും സംഭവം നടന്ന സ്ഥലത്ത് നിന്നും ലഭിച്ച ഡിഎന്‍ എ സാമ്പിളുകള്‍ പ്രതിയുടേതുമായി ഒത്തുനോക്കി. ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ ഗോവിന്ദചാമിയുടെ ഷര്‍ട്ടിന്റെ ബട്ടണ്‍ ലഭിച്ചു. പ്രതിയുടെ ബീജത്തിന്റെ സാന്നിധ്യം ഇരയുടെ ശരീരത്തിലും വസ്ത്രത്തിലും കണ്ടെത്തി. ഗോവിന്ദചാമിയുടെ നെഞ്ചിലും പുറത്തുമായുള്ള മാന്തിപ്പറിച്ച പാടുകള്‍, പാസഞ്ചര്‍ ട്രെയിനിലേക്ക് ഇയാള്‍ കയറുന്നത് കണ്ട ദൃക്‌സാക്ഷികള്‍, റെയില്‍വേ ഗാര്‍ഡ്, സഹ യാത്രികര്‍, നാട്ടുകാര്‍ തുടങ്ങിയവരുടെ മൊഴികള്‍, പ്രതിയുടെ കായിക ക്ഷമതാ പരിശോധന, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക് സര്‍ജന്‍ ഡോ ഹിതേഷ് ശങ്കറിന് മുമ്പാകെ പ്രതി നടത്തിയ കുറ്റസമ്മത മൊഴി തുടങ്ങിയവയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയ തെളിവുകള്‍. പ്രോസിക്യൂഷന്‍ സാക്ഷിയായി ആദ്യം വിസ്തരിച്ച ഫോറന്‍സിക് സര്‍ജന്‍ ഡോ ഉന്‍മേഷ് പിന്നീട് പ്രതിക്ക് അനുകൂലമായി മൊഴി നല്‍കിയത് ഏവരെയും ഞെട്ടിച്ചു. സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോ ഷെര്‍ളി വാസുവാണ് പോസ്റ്റുമോര്‍ട്ടം ചെയ്തതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ താനാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്ന് ഡോ ഉമേഷ് വിചാരണയുടെ അവസാന ഘട്ടത്തില്‍ മൊഴിമാറ്റുകയായിരുന്നു.
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജനായ ഡോ. ഹിതേഷ് ശങ്കര്‍ രേഖപ്പെടുത്തിയ കുറ്റസമ്മത മൊഴി എക്‌സ്ട്രാ ജുഡീഷ്യല്‍ കണ്‍ഫഷനായി കണക്കിലെടുത്താണ് അതിവേഗ കോടതി ഗോവിന്ദചാമിക്ക് വധശിക്ഷ വിധിച്ചത്.
ട്രെയിനില്‍ നിന്ന് സൗമ്യയെ തളളി താഴെയിട്ടു ബലാത്സംഗം ചെയ്തു എന്നായിരുന്നു മൊഴി. ഡോ ഹിതേഷ് ഇത് ഫയലില്‍ രേഖപ്പെടുത്തി. ഇത് വിചാരണ വേളയില്‍ കോടതിയെ ഡോക്ടര്‍ ബോധിപ്പിച്ചു. തുടര്‍ന്ന് മൊഴി കോടതി എക്‌സ്ട്രാ ജുഡീഷ്യറി കണ്‍ഫഷനായി അംഗീകരിക്കുകയായിരുന്നു. പ്രതിക്ക് നിയമസഹായവുമായി ബോംബെ ഹൈക്കോടതിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബിജു ആന്റണി ആളൂര്‍ എന്ന ബി എ ആളൂര്‍ രംഗത്തെത്തി. വിചാരണ കോടതിയിലും ഹൈക്കോടതിയിലും ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരായ ബി എ ആളൂര്‍ തന്നെയാണു സുപ്രീം കോടതിയിലും ഹാജരായത്.
ആളൂരിന്റെ വാദങ്ങള്‍ക്ക് മുന്നില്‍ പ്രോസിക്യൂഷന് ഉത്തരംമുട്ടിയതോടെയാണ് കൊലക്കയറില്‍ നിന്നും ഇപ്പോള്‍ ഗോവിന്ദചാമി രക്ഷപ്പെട്ടത്. സംഭവവുമായി ബന്ധമില്ലെന്നും തന്നെ കുടുക്കുകയായിരുന്നുവെന്നുമായിരുന്നു ഗോവിന്ദച്ചാമിയുടെ പ്രധാന വാദം. ഗോവിന്ദചാമിയെ കുറ്റക്കാരനാക്കിയത് മാധ്യമ വിചാരണ ആണെന്നും ആളൂര്‍ കോടതിയില്‍ വാദിച്ചു. 2011 നവംബര്‍ 11നായിരുന്നു തൃശൂര്‍ അതിവേഗ കോടതി ഗോവിന്ദചാമിക്ക് വധശിക്ഷ വിധിച്ചത്. ഈ വിധി ഹൈക്കോടതി ശരിവെച്ചു. ഇതേതുടര്‍ന്നാണ് ഗോവിന്ദചാമി സുപ്രീംകോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here