സിറിയയിലേക്ക് പ്രവേശിക്കാനാകാതെ യു എന്‍ സന്നദ്ധ സംഘം

Posted on: September 16, 2016 1:01 am | Last updated: September 16, 2016 at 1:01 am
SHARE
യു എന്നിന്റെ സഹായ സംഘത്തിന് രാജ്യത്തേക്ക് കടക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അലെപ്പോയില്‍ നടന്ന പ്രതിഷേധ പ്രകടനം
യു എന്നിന്റെ സഹായ സംഘത്തിന് രാജ്യത്തേക്ക് കടക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അലെപ്പോയില്‍ നടന്ന പ്രതിഷേധ പ്രകടനം

ജനീവ: വെടിനിര്‍ത്തല്‍ കരാര്‍ ഏര്‍പ്പെടുത്തിയ സിറിയയിലെ അലെപ്പോയിലേക്ക് അടിയന്തര മനുഷ്യാവകാശ സഹായം എത്തിക്കാന്‍ അനുമതി നല്‍കണമെന്ന് യു എന്‍. ഏറ്റുമുട്ടല്‍ രൂക്ഷമായ അലെപ്പോയില്‍ ദുരിതം അനുഭവിക്കുന്ന മൂന്ന് ലക്ഷം വരുന്ന ജനങ്ങളിലേക്ക് സഹായം എത്തിക്കുന്ന യു എന്‍, മനുഷ്യാവകാശ സംഘടനകളുടെ വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് യു എന്‍ പ്രത്യേക പ്രതിനിധി സ്റ്റഫാന്‍ ഡി മിസ്തുര ആവശ്യപ്പെട്ടു. തുര്‍ക്കി- സിറിയ അതിര്‍ത്തിയില്‍ അഭയാര്‍ഥികള്‍ക്കുള്ള സഹായങ്ങളുമായി 20 ട്രക്ക് അനുമതി കാത്തുനില്‍ക്കുന്നുണ്ടെന്നാണ് ജനീവയില്‍ വെച്ച് മിസ്തുര വ്യക്തമാക്കിയത്.
യു എന്റെ അലെപ്പോയിലേക്കുള്ള സന്നദ്ധ സംഘങ്ങള്‍ക്ക് രാജ്യത്തേക്ക് വരാന്‍ അനുമതി നല്‍കുമെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് സിറിയ വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ ഇത് ലംഘിക്കുന്ന രീതിയാണ് കാണുന്നതെന്നും യ എന്‍ വൃത്തങ്ങള്‍ അറിയിച്ചു. സിറിയയിലെ മറ്റ് നഗരങ്ങളില്‍ നിന്ന് അലെപ്പോയിലേക്കുള്ള പാതകള്‍ താറുമാറായതിനെ തുടര്‍ന്നാണ് തുര്‍ക്കി വഴി സന്നദ്ധ സംഘങ്ങള്‍ അലെപ്പോയിലേക്ക് വരാന്‍ തീരുമാനിച്ചത്.
മാസങ്ങളായി കനത്ത ഏറ്റുമുട്ടല്‍ നടക്കുന്ന അലെപ്പോയില്‍ പതിനായിരക്കണക്കിനാളുകള്‍ക്ക് ഭക്ഷണമോ താമസ സൗകര്യമോ ലഭിക്കുന്നില്ലെന്നാണ് യു എന്‍ വൃത്തങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ട്. ഭക്ഷണവും ചികിത്സയുമില്ലാതെ കുട്ടികളടക്കം നിരവധി പേര്‍ മരിക്കുന്നുണ്ട്. സിറിയയിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് അലെപ്പോയുടെ സ്ഥിതി ഭീതിജനകമാണ്.
യു എന്‍ അടക്കുള്ള അന്താരാഷ്ട്ര സംഘനകളുടെയും വിവിധ രാജ്യങ്ങളുടെയും അഭ്യര്‍ഥന മാനിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിറിയയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ യു എസും റഷ്യയും തമ്മില്‍ ധാരണയിലെത്തിയത്. സിറിയന്‍ സര്‍ക്കാറിനെ റഷ്യന്‍ സൈന്യവും സര്‍ക്കാര്‍വിരുദ്ധ വിമത സായുധ സംഘത്തെ യു എസും പിന്തുണക്കുന്നുണ്ട്. ഇവര്‍ക്ക് വേണ്ട സൈനിക സഹായവും ഇരുവരും നല്‍കുന്നുണ്ട്. ഒരാഴ്ചയിലധികം നീളുന്ന വെടിനിര്‍ത്തല്‍ കാലാവധി പൂര്‍ത്തിയായാല്‍ അമേരിക്കയും റഷ്യയും ചേര്‍ന്ന് സിറിയയിലെ ഇസിലടക്കമുള്ള തീവ്രവാദ സംഘടനകള്‍ക്കെതിരെ സംയുക്ത സൈനിക ഓപറേഷന്‍ നടത്താനാണ് തീരുമാനം. ഇസില്‍ തീവ്രവാദികളെ നേരിട്ടുകഴിഞ്ഞതിന് ശേഷം സിറിയയുടെ ആഭ്യന്തര പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് യു എന്‍.