Connect with us

International

ഫിലിപ്പൈന്‍സ് പ്രസിഡന്റ് വിവാദക്കുരുക്കില്‍

Published

|

Last Updated

മനില: മയക്കുമരുന്ന് മാഫിയക്കെതിരെയും അമേരിക്കക്കെതിരെയും ശക്തമായ നിലപാട് സ്വീകരിക്കുന്ന ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടേര്‍ട്ടെ വിവാദക്കുരുക്കില്‍. ഡാവോര്‍ കോര്‍പറേഷന്റെ മേയര്‍ ആയിരിക്കുമ്പോള്‍ നിരവധി പേരെ വധിക്കാന്‍ ഡ്യൂടേര്‍ട്ടെ തന്നെ സമീപിച്ചെന്ന ആരോപണവുമായി ക്വട്ടേഷന്‍ നേതാവ് രംഗത്തെത്തിയതാണ് പുതിയ വിവാദങ്ങള്‍ക്കിടയായത്.
യു എസ് പ്രസിഡന്റ് ബരാക് ഒബാമ, യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ എന്നിവരെ അധിക്ഷേപിക്കുകയും യു എസ് സൈന്യത്തോട് രാജ്യം വിടാന്‍ ആവശ്യപ്പെടുകയും ചെയ്ത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായ ഡ്യൂടേര്‍ട്ടിനെതിരെ ഗൗരവമായ ആരോപണങ്ങളാണ് പ്രതി ഉന്നയിച്ചത്.
1988 മുതല്‍ 2013 വരെയുള്ള കാലയളവില്‍ ക്വട്ടേഷന്‍ രംഗത്ത് കുപ്രസിദ്ധിയാര്‍ജിച്ച എഡ്ഗര്‍ മൊടോബാട്ടോ, സെനറ്റ് നിയമിച്ച അന്വേഷണ സംഘത്തോടാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഡ്യൂടേര്‍ട്ടിന്റെ നിര്‍ദേശം അനുസരിച്ച് ക്രിമിനലുകള്‍, മയക്കുമരുന്ന് മാഫിയക്കാര്‍, കൊള്ളക്കാര്‍, പീഡനം നടത്തുന്നവര്‍ എന്നിങ്ങനെയുള്ള കുറ്റവാളികളെ താനും തന്റെ സംഘവും കൊന്നിട്ടുണ്ടെന്നും ഡാവോ നഗരത്തിലെ പള്ളിയില്‍ ബോംബിടാനും ഇപ്പോഴത്തെ പ്രസിഡന്റ് ആവശ്യപ്പെട്ടെന്നും പ്രതി ആരോപിക്കുന്നു. പ്രമുഖ വ്യാപാരിയെ കൊലപ്പെടുത്താന്‍ ഡ്യൂടേര്‍ട്ടിന്റെ മകന്‍ തന്നോട് ആവശ്യപ്പെട്ടതായി എഡ്ഗര്‍ 2014ല്‍ ആരോപിച്ചിരുന്നു.
ഡ്യൂടേര്‍ട്ടെ പ്രസിഡന്റായത് തന്നെ ജീവന് ഭീഷണിയാണെന്നും തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റും കൂട്ടാളികയും തന്നെ വധിക്കുമെന്ന് ഭയക്കുന്നതായും കൊലയാളി നേതാവ് സെനറ്റ് സംഘത്തെ അറിയിച്ചു. സെനറ്റ് കമ്മിറ്റി ചെയര്‍മാന്‍ ലെയ്‌ല ഡി ലിമയാണ് കൊലയാളി നേതാവിന്റെ ആരോപണം പുറത്തുവിട്ടത്.
അതേസമയം, വാടകക്കൊലയാളി നേതാവിന്റെ ആരോപണം പ്രസിഡന്റ് തള്ളി. പിച്ചുപേയും പറയുന്നയാളുടെ ആരോപണത്തിന് താന്‍ മറുപടി പറയില്ലെന്നും തെളിവില്ലാത്ത ആരോപണം സെനറ്റ് കമ്മിറ്റി ചെയര്‍മാന്‍ പൊതു സമൂഹത്തിനിടയില്‍ എന്തിനാണ് ചര്‍ച്ചയാക്കുന്നതെന്നും പ്രസിഡന്റ് ചോദിച്ചു.
എഡ്ഗറിന്റെ ആരോപണത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡ്യൂടേര്‍ട്ടിന്റെ അനുയായികള്‍ രംഗത്തെത്തിയപ്പോള്‍ ഈ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

---- facebook comment plugin here -----

Latest