Connect with us

Kerala

പത്താം ബ്ലോക്കിലെ താമസം മാറും, ഗോവിന്ദച്ചാമി ഇനി ജയിലില്‍ ജോലി ചെയ്യും

Published

|

Last Updated

കണ്ണൂര്‍:സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ച കീഴ്‌ക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയതോടെ പ്രത്യേക ബ്ലോക്കില്‍ നിന്ന് മാറ്റുന്ന ഗോവിന്ദച്ചാമി ഇനി ജയിലില്‍ മറ്റു തടവുകാരെപ്പോലെ ജോലി ചെയ്യും. വധശിക്ഷക്ക് വിധിക്കപ്പെട്ടതിനെ തുടര്‍ന്ന് 2011 നവംബര്‍ 12ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലത്തെിച്ചതിനുശേഷം പത്താംബ്ലോക്കിലെ പ്രത്യേക സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്നത്.കേരളത്തിലെ വിവാദമായ കൊലപാത കേസിലെ പ്രതിയെന്ന നിലയില്‍ മറ്റ് പ്രതികളില്‍ നിന്നും വേറിട്ടായിരുന്നു ഇത്.എന്നാല്‍ വധ ശിക്ഷ റദ്ദുചെയ്ത വിധിയുമായി ബന്ധപ്പെട്ട രേഖകള്‍ ജയിലെത്തുന്നതോടെ ഗോവിന്ദച്ചാമിയുടെ ഇപ്പോഴത്തെ ജീവിത രീതികളിലും മാറ്റമുണ്ടാകും.പ്രത്യക ബ്ലോക്കില്‍ നിന്ന് ഇയാളെ ഇനി മറ്റു തടവുകാര്‍ കൂടി പാര്‍ക്കുന്ന ഡോര്‍മെട്രി സൗകര്യമുള്ള ബ്ലോക്കിലേക്കാണ് മാറ്റുക.ഇതോടൊപ്പം തന്നെ ഇയാള്‍ക്ക് ജയിലില്‍ സാധാരണ തടവുകാര്‍ക്ക് നല്‍കുന്നതു പോലുള്ള എന്തെങ്കിലും ജോലികളും നല്‍കും.ശാരീരിക അവശതകളുള്ളയാളാണെങ്കില്‍ ഭക്ഷണമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട മേഖലകളിലാണ് സാധാരണ ജോലി നല്‍കുക.അരിയും ഗോതമ്പും മറ്റും ശുദ്ധീകരിക്കുന്നതുള്‍പ്പടെയുള്ള ലളിത ജോലികളാണ് നല്‍കുക.എന്നാല്‍ ഗോവിന്ദച്ചാമിക്ക് അത്തരം ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ജയിലലധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.ഒരു കൈയ്യില്ലാത്തതിനാല്‍ വികലാംഗനെന്ന പരിഗണന വച്ചുള്ള ജോലിയായിരിക്കും ഇയാള്‍ക്കു നല്‍കുകയെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. ജയില്‍ വളപ്പിലെ പുല്ലുകളും കളകളും മറ്റും നീക്കം ചെയ്യുന്നതുപോലുള്ള ജോലികളോ മറ്റോ ആയിരിക്കും നല്‍കിയേക്കുകയെന്നും ഇവര്‍ സൂചിപ്പിക്കുന്നു.സാധാരണ ഗതിയില്‍ ഓരാഴ്്ചക്കകം ശിക്ഷറദ്ദുചെയ്തതുമായി ബന്ധപ്പെട്ട രേഖകള്‍ എത്തുമെന്നുമെന്ന് കരുതുന്നതായി ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള എസ് അശോക് കുമാര്‍ പറഞ്ഞു.
അതേ സമയം ഗോവിന്ദച്ചാമിക്ക്് വധശിക്ഷ റദ്ദാക്കിയ വിവരം അറിഞ്ഞിട്ടും പ്രത്യേക ഭാവഭേദങ്ങളൊന്നുമില്ലായിരുന്നു. കോടതിവിധിയുടെ പകര്‍പ്പ് ലഭിക്കാത്തതിനാല്‍ വധശിക്ഷ റദ്ദാക്കിയ വിവരം ജയിലധികൃതര്‍ ഗോവിന്ദച്ചാമിയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ചാനല്‍ വാര്‍ത്തകളിലൂടെ ഇക്കാര്യം അറിഞ്ഞ മറ്റു തടവുകാര്‍ ഗോവിന്ദച്ചാമിയെ വിവരം അറിയിച്ചെങ്കിലും പ്രത്യേകിച്ച് ഒരു ഭാവമാറ്റവും ഇയാളിലുണ്ടായിരുന്നില്ല.”സാധാരണഗതിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ എത്തുന്ന തടവുകാര്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദമൊന്നും തുടക്കം മുതലേ ഗോവിന്ദച്ചാമിയില്‍ കണ്ടിരുന്നില്ലെന്നും വധശിക്ഷയില്‍ നിന്നും രക്ഷപ്പെടുമെന്നുള്ള ഒരുതരം ആത്മവിശ്വാസം പലപ്പോഴും ഇയാളില്‍ പ്രകടമായിരുന്നെന്നും” ഒരു ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2011 നവംബര്‍ 11നാണ് സൗമ്യ വധക്കേസില്‍ തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ഗോവിന്ദച്ചാമിയെ വധശിക്ഷയ്ക്കു വിധിച്ചത്. അന്ന്് രാത്രി തന്നെ കനത്ത പോലീസ് ബന്തവസിലായിരുന്നു ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. ജയിലില്‍ പ്രത്യേക രീതിയിലായിരുന്നു ഇയാളുടെ പെരുമാറ്റം. ജയില്‍ചട്ടങ്ങളും മറ്റും തനിക്കു ബാധകമല്ലെന്നു രീതിയില്‍ പ്രവര്‍ത്തിച്ച ഇയാള്‍ പലപ്പോഴും ജീവനക്കാരോടു തട്ടിക്കയറുകയും ചെയ്തിരുന്നു. 2012 മാര്‍ച്ചില്‍ ബിരിയാണി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു സെന്‍ട്രല്‍ ജയിലില്‍ നിരാഹാര സമരവും നടത്തി. ജയിലധികൃതര്‍ വഴങ്ങാത്തതിനെ തുടര്‍ന്നു പിന്നീട് ആട്ടിറച്ചി നല്‍കിയാല്‍ നിരാഹാരം അവസാനിപ്പിക്കാമെന്നു പറഞ്ഞ് സമരം നിര്‍ത്തുകയായിരുന്നു. ജയില്‍ ജീവനക്കാരെ ആക്രമിക്കുകയും സെല്ലിനോടനുബന്ധിച്ചു സ്ഥാപിച്ച സിസിടിവി കാമറ തകര്‍ക്കുകയും ചെയ്തു. കൂടാതെ ജയിലില്‍ തടവുപുള്ളിക്കു വെള്ളം കുടിക്കാന്‍ അനുവദിച്ച പാത്രത്തില്‍ മൂത്രമൊഴിച്ചു വയ്ക്കുകയും സെല്ലില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. മാനസികപ്രശ്‌നമുണ്ടെന്നു വരുത്തി തീര്‍ക്കാനുള്ള തന്ത്രമായിരുന്നു ഇതെല്ലാം. വിദഗ്ധ പരിശോധനയക്കു വിധേയമാക്കിയപ്പോള്‍ ഒരുതരത്തിലുമുള്ള മാനസികപ്രശ്‌നവും ഇല്ലെന്ന് കണ്ടെത്തിയിരുന്നു. മൂന്ന്ു ജയില്‍ ജീവനക്കാരെ ഭക്ഷണം കഴിക്കുന്ന പാത്രം ഉപയോഗിച്ച് ആക്രമിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.ആദ്യകാലത്ത് ഏറെ പ്രകോപിതനായ ഗോവിന്ദച്ചാമി ജയില്‍ ജീവനക്കാര്‍ക്ക് തലവേദനയായിരുന്നു.
അതേസമയം ഗോവിന്ദച്ചാമി ആറു വര്‍ഷം കൂടി ജയിലില്‍ കഴിയേണ്ടി വരുമെന്നും ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള എസ് അശോക് കുമാര്‍ സൂചിപ്പിച്ചു. സൗമ്യ വധക്കേസിന് പുറമേ മറ്റ് രണ്ട് കേസുകളിലെ ശിക്ഷാ കാലാവധി കൂടി കഴിഞ്ഞാലേ ഗോവിന്ദച്ചാമിക്ക് പുറത്തിറങ്ങാനാകു. സേലത്തെ പിടിച്ചുപറി കേസില്‍ ഗോവിന്ദച്ചാമിക്ക് ഏഴ് വര്‍ഷം തടവ് വിധിച്ചിരുന്നു. മൂന്ന് വര്‍ഷത്തെ വിചാരണാ കാലയളവില്‍ ജയിലിലായിരുന്നതിനാല്‍ ഇനി നാല് വര്‍ഷം ബാക്കിയുണ്ട്.ഇതിനിടെ ജയിലിനുള്ളിലെ ക്യാമറ തല്ലിത്തകര്‍ത്ത കേസില്‍ പത്ത് മാസം ശിക്ഷ ലഭിച്ചു. ഇതില്‍ അഞ്ചു മാസത്തെ ഇളവ് ലഭിച്ചു. ഇനി അഞ്ച് മാസം ശിക്ഷ അനുഭവിക്കണം. സൗമ്യ വധക്കേസിലെ 16 മാസം ശിക്ഷയും കൂടിയാകുമ്പോള്‍ 2022ഒക്ടോബര്‍ മൂന്ന് വരെ ഗോവിന്ദച്ചാമി ജയിലില്‍ കഴിയേണ്ടിവരുമെന്ന് അശോക് കുമാര്‍ പറഞ്ഞു.
വധശിക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ ഗോവിന്ദച്ചാമി ജയില്‍ മാറ്റത്തിനു അപേക്ഷ സമര്‍പ്പിക്കാനുള്ള സാധ്യതയുണ്ട്. സംസ്ഥാനത്തിനകത്തെ ജയില്‍ മാറ്റമാണെങ്കില്‍ വിയ്യൂരിലേക്കോ തിരുവനന്തപുരത്തേക്കോ ആയിരിക്കും മാറ്റുക. അതേസമയം തമിഴ്‌നാട്ടിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ രണ്ടു സംസ്ഥാനങ്ങള്‍ ചേര്‍ന്നു തീരുമാനമെടുക്കേണ്ടിവരും. സംസ്ഥാനത്തിനകത്തെ ജയില്‍ മാറ്റം പോലെ എളുപ്പമല്ല പുറത്തേക്കുള്ള ജയില്‍ മാറ്റമെന്നതിനാല്‍ ഇതിനുള്ള സാധ്യത വിരളമാണ്.

 

Latest