Connect with us

Editorial

ആ ആശംസയുടെ സൂക്ഷ്മ രാഷ്ട്രീയം

Published

|

Last Updated

സംഘ്പരിവാറിന്റെ “ജാതി”യില്‍ ഇനിയും സംശയമുള്ളവര്‍ക്ക് നിവാരണത്തിന് അവസരം നല്‍കുന്നതാണ് ബി ജെ പി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ ഓണത്തലേന്നത്തെ വാമനജയന്തി ആശംസ. ഓണം വാമനജയന്തിയാണെന്ന സംഘ്പരിവാര്‍ മുഖപത്രത്തിന്റെ പ്രചാരണത്തിന് പിന്നാലെയാണ് അമിത് ഷാ “ഹൃദയം നിറഞ്ഞ വാമനജയന്തി” ആശംസിച്ചത്. മഹാബലിയെ ഇകഴ്ത്തി, വാമനനെ വാഴ്ത്തുന്നു എന്ന് വായിക്കാവുന്ന ഹിന്ദു ഐക്യവേദി അധ്യക്ഷയുടെ സംസാരവും പുറത്തുവന്നു. ഉത്തരേന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ ഉലാത്തുന്ന അമിത് ഷാക്ക് പിണഞ്ഞ ഒരക്ഷരത്തെറ്റല്ല ആശംസ എന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.
പ്രചുരപ്രചാരം സിദ്ധിച്ച ഓണ ഐതിഹ്യത്തെ കീഴ്‌മേല്‍ മറിക്കാന്‍ സംഘ്പരിവാറിനെ നിര്‍ബന്ധിക്കുന്നത് എന്തായിരിക്കാം? ഐതിഹ്യത്തിലെ അസുര രാജാവാണ് മഹാബലി. ദ്രാവിഡ പാരമ്പര്യമുള്ള, കീഴാള മുഖമുള്ള അദ്ദേഹത്തിന്റെ സുവര്‍ണ ഭരണകാല സങ്കല്‍പ്പമാണ് ഓണം ഓര്‍മയിലെത്തിക്കുന്നത്. കള്ളവും ചതിയുമില്ലാത്ത വര്‍ണ-വര്‍ഗ വ്യത്യാസങ്ങളില്ലാത്ത സ്വപ്‌നകാലം. ആ രാജാവിനെ കൗശലത്തില്‍ വന്ന് ചവിട്ടിത്താഴ്ത്തുന്നതാണ് ഓണക്കഥയിലെ വാമനന്റെ പ്രതിനിധാനം. വാമനനാകട്ടെ വിഷ്ണുവിന്റെ അവതാരമാണ്താനും. സംഘ്പരിവാര്‍ പരിപാലിക്കുന്ന ബ്രാഹ്മണ മൂല്യബോധമാണ് കേരളത്തില്‍ ഇത്രമാത്രം പ്രചുരപ്രചാരം നേടിയ സങ്കല്‍പ്പത്തെ പോലും അട്ടിമറിക്കാന്‍ അവരെ ധൃഷ്ടരാക്കുന്നത് എന്നാണ് ഇത് പറഞ്ഞുതരുന്നത്. ഒരു മഹാബലിയെയും വാമനനേക്കാള്‍ മഹത്വവത്കരിച്ചുകൂടാ എന്നിടത്താണ് അതിന്റെ സൂക്ഷ്മ രാഷ്ട്രീയം.
മിത്തുകളിലെ അപൂര്‍വം കീഴാള വായനകളിലൊന്നാണ് ഓണക്കഥ. മിത്തുകള്‍ മിക്കവയും കീഴാളവിരുദ്ധവും ബ്രാഹ്മണാഭിമുഖ്യമുള്ളവയുമാണെന്നിരിക്കെ ഇത്തിരിപ്പോന്ന കീഴാള ആഭിമുഖ്യങ്ങളെ പോലും സമ്മതിക്കാന്‍ സംഘ്പരിവാറിനാകുന്നില്ല എന്നതാണ് ദളിതരും കീഴാളരും പേടിക്കേണ്ടത്. രാക്ഷസവത്കരിക്കപ്പെട്ട കീഴാള ജീവിതങ്ങളാണ് മിത്തുകളില്‍ കിടന്നു പിടയുന്നത് എന്നൊരു പാഠമുണ്ടല്ലോ. ആദിവാസികളെ വനവാസികളെന്ന് വിളിക്കുന്നതിന്റെ സൂക്ഷ്മ രാഷ്ട്രീയവും ആര്യ/ദ്രാവിഡരോടുള്ള സംഘ്പരിവാര്‍ സമീപനവും ഈയൊരു തലത്തില്‍ നിന്ന് തന്നെ വായിക്കണം.
സെമിറ്റിക് സമൂഹത്തിന്റെ വടിവൊത്ത ചരിത്രവും സ്ഫുടമായ പുരാവൃത്തവും സംഘ്പരിവാറിനെ മോഹിപ്പിക്കുന്നുണ്ട്. ഭൂരിപക്ഷ സമുദായത്തിനിടയിലെ സാംസ്‌കാരിക വൈജാത്യങ്ങള്‍ തങ്ങളുടെ സാംസ്‌കാരിക ദേശീയതയെന്ന ഹിംസാത്മക ഹിന്ദുത്വത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നവര്‍ പരിഭവിക്കുന്നു. വൈവിധ്യത്തിന്റെ ഈ സങ്കീര്‍ണതയാണ് ഇപ്പോള്‍ അവരെ ചെറിയ നിലയിലെങ്കിലും നിസ്സഹായമാക്കുന്നത്. ഒരിടത്ത് വാമനന്‍ മഹാനായിരിക്കുമ്പോള്‍ മറ്റൊരിടത്ത് അപലപിക്കപ്പെടുന്നുണ്ടല്ലോ. ഹിന്ദി സംസാരിക്കുന്ന, തനി വെജിറ്റേറിയനായ, ചാതുര്‍വര്‍ണ്യത്തെ പരിപാലിക്കുന്ന, ഒരേ ആഘോഷങ്ങള്‍ നടത്തുന്ന, ഒരേതരം മൂര്‍ത്തികളെ ആരാധിക്കുന്ന ഉത്തരേന്ത്യന്‍ ബ്രാന്‍ഡ് ഹിന്ദുത്വമാണ് സംഘ്പരിവാര്‍ ഇന്ത്യയൊട്ടാകെ വിഭാവനം ചെയ്യുന്നത്. അതിന് വിലങ്ങുതടിയാകുന്ന എതിര്‍പാഠങ്ങളെ തമസ്‌കരിക്കുന്നതിന്റെ കൂടി ഭാഗമായും ഈ ആശംസയെ കാണാം.
വലിയ ലക്ഷ്യങ്ങളോടെയുള്ള ഈ ആശംസക്ക് ഒരു വിപരീതഫലം കൂടിയുണ്ടായി. ദളിത് ആക്ടിവിസ്റ്റുകളും കീഴാള ചരിത്രകാരന്മാരും മാത്രം മുന്നോട്ട് വെച്ചിരുന്ന മഹാബലിയുടെ കീഴാള മുഖം പൊതുസമ്മിതി നേടി എന്നതാണ് അത്. പൂണൂലും കുടവയറും സ്ഥാപിക്കപ്പെട്ടപ്പോള്‍ അന്യാധീനപ്പെട്ടുകൊണ്ടിരുന്ന മഹാബലിയെ കീഴാളര്‍ക്ക് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞു. മാത്രമല്ല, വിശാലഹിന്ദു ബോധങ്ങളെ പ്രഹരിക്കുന്ന ഇഴകീറിയ ചര്‍ച്ചകള്‍ക്ക് ഈ സന്ദര്‍ഭം സാക്ഷ്യം വഹിക്കുകയും ചെയ്തു.
സംസ്ഥാനത്ത് വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഇക്കഴിഞ്ഞ നാളുകളില്‍ സംഘ്പരിവാര്‍ ശ്രമിച്ചത് ഓണത്തെ തന്നെ മുന്‍നിര്‍ത്തിയായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണാഘോഷം ഒഴിവു സമയങ്ങളില്‍ ക്രമീകരിക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചപ്പോള്‍; സംസ്‌കാരം നശിപ്പിക്കുന്നു, ഓണത്തെ എതിര്‍ക്കുന്നു എന്നൊക്കെ വിമര്‍ശിച്ചവരാണിപ്പോള്‍ വാമനജയന്തിക്കായി വാദിക്കുന്നത്. ഇത് വ്യക്തമാക്കുന്നത് ഭൂരിപക്ഷ സമുദായത്തിനെന്ന പേരില്‍ ഇവര്‍ നടത്തുന്ന വക്കാലത്തുകള്‍ സത്യസന്ധമല്ല എന്നാണ്.
സംഘ്പരിവാറിന്റെ സവര്‍ണച്ചാര്‍ച്ചയില്‍ സന്ദേഹമുള്ള ദളിത് പിന്നാക്ക ആദിവാസി സമൂഹങ്ങള്‍ കണ്ണാടി നോക്കേണ്ട സന്ദര്‍ഭമാണിത്. അതിനുള്ള അവസരമാണ് ബി ജെ പി ദേശീയ കൗണ്‍സില്‍ കോഴിക്കോട്ട് നടക്കാനിരിക്കെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മലയാളികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇങ്ങനെ കണ്ണാടി നോക്കിത്തുടങ്ങിയതുകൊണ്ടാണ് ഗുജറാത്തിലും മറ്റും കീഴാളര്‍ സ്വന്തം വഴി അന്വേഷിച്ചു തുടങ്ങിയത്.

Latest