അനന്തരം അമേരിക്ക പുതിയ വേട്ടക്കൊരുങ്ങുകയാണ്

Posted on: September 16, 2016 6:00 am | Last updated: September 16, 2016 at 12:48 am
SHARE

petroleo-brasileiro-petrobras-sa-adr-pbr-scandal-entraps-eletrobrasആഗോള രാഷ്ട്രീയത്തില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സ്ഥാനം സവിശേഷമാകുന്നത് സാമ്രാജ്യത്വത്തെ അവ ഉജ്ജ്വലമായി പ്രതിരോധിച്ചത് കൊണ്ടാണ്. ബൊളിവേറിയന്‍ വിപ്ലവ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായി ക്യൂബയും വെനിസ്വേലയും ബൊളീവിയയും അര്‍ജന്റീനയുമെല്ലാം വര്‍ത്തമാന കാലത്തും ശക്തമായ പ്രതിരോധം ഉയര്‍ത്തുന്നു. അത് ബദല്‍ സ്വപ്‌നങ്ങളെ സജീവമാക്കുന്നു. മുതലാളിത്ത സാമ്പത്തിക ക്രമം മാത്രമാണ് പരിഹാരമെന്ന ശാഠ്യത്തെ ഡെമോക്രാറ്റിക് സോഷ്യലിസം കൊണ്ട് വെല്ലുവിളിക്കാനാകുമെന്ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കമ്പോള, ഉദാരവത്കരണ നയത്തിന്റെ ബദലായി നിയന്ത്രിത, പൊതു സാമ്പത്തിക നയം സാധ്യമാണെന്ന പ്രതീക്ഷയും ഈ രാജ്യങ്ങള്‍ നല്‍കുന്നു. അതുകൊണ്ട് ഇവയെ ദുര്‍ബലമാക്കുകയെന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ എക്കാലത്തെയും വലിയ ലക്ഷ്യമാണ്. സ്വയം നിര്‍ണായവകാശത്തെയും ബദല്‍ സാമ്പത്തിക സഖ്യങ്ങളെയും തകര്‍ക്കാന്‍ തലപുണ്ണാക്കുകയും പണമിറക്കുകയും ചെയ്യുന്ന അമേരിക്കന്‍ ചേരിക്ക് സന്തോഷം പകരുന്ന വാര്‍ത്തകളാണ് വടക്കന്‍ അമേരിക്കയില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ബ്രസീലില്‍ 13 വര്‍ഷത്തെ വര്‍ക്കേഴ്‌സ് പാര്‍ട്ടി ഭരണത്തിന് അന്ത്യം കുറിച്ച് പ്രസിഡന്റ് ദില്‍മാ റൂസഫിനെ ഇംപീച്ച് ചെയ്തിരിക്കുന്നു. വെനിസ്വേലയില്‍ ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമി നിക്കോളാസ് മദുറോക്കെതിരെ ശക്തമായ പ്രക്ഷോഭം നടക്കുകയാണ്. അദ്ദേഹത്തെ തിരിച്ചു വിളിക്കുന്നതിനായുള്ള ഹിതപരിശോധനയിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങിയേക്കാം. ക്യൂബ അതിന്റെ തനതായ രാഷ്ട്രീയ, സാമ്പത്തിക നിലപാടുകളില്‍ നിന്ന് ബഹുദൂരം അകലുകയാണെന്ന് വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോ തന്നെ പരിതപിക്കുന്നു. പുതിയ ഭരണാധികാരിയും തന്റെ സഹോദരനുമായ റൗള്‍ കാസ്‌ട്രോ അമേരിക്കയുമായി നടത്തുന്ന നീക്കു പോക്കുകളില്‍ കാസ്‌ട്രോ പൂര്‍ണ തൃപ്തനല്ല. ബൊളീവിയയിലും അര്‍ജന്റീനയിലുമെല്ലാം ഇടതുപക്ഷം തിരിച്ചടികള്‍ നേരിടുന്നുണ്ട്. ഈ സംഭവവികാസങ്ങളെല്ലാം അമേരിക്കന്‍ കുതന്ത്രങ്ങളുടെ ഫലമാണെന്ന് അടച്ച് പറയാനാകില്ല. എന്നാല്‍ യു എസ് ഏജന്‍സികള്‍ക്ക് ഇതിലെല്ലാം പങ്കുണ്ട്.
ഏറ്റവും വലിയ ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ ഇടത് നേതാവ് ‘പാര്‍ലിമെന്ററി അട്ടിമറി’ക്ക് വിധേയയാകുകയും വലത് കണ്‍സര്‍വേറ്റീവ് നേതാവ് അധികാരം പിടിച്ചതുമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും മാരകമായ പതനം. പല തലങ്ങളിലൂടെ കടന്നുവന്ന് ഒടുവില്‍ സെനറ്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയം വോട്ടിനിട്ടപ്പോള്‍ 61നെതിരെ 20 വോട്ടുകളുടെ വന്‍ മാര്‍ജിനില്‍ ദില്‍മ റൂസഫ് എന്ന ആദ്യ വനിതാ ബ്രസീലിയന്‍ പ്രസിഡന്റിന്റെ പ്രതിരോധം അവസാനിക്കുകയായിരുന്നു. വലതുപക്ഷ ബ്രസീലിയന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് പാര്‍ട്ടി നേതാവും ആക്ടിംഗ് പ്രസിഡന്റുമായ മൈക്കല്‍ ടെമര്‍ പ്രസിഡന്റായി. 2014ല്‍ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ദില്‍മയുടെ കാലാവധി അവസാനിക്കുന്ന 2018 വരെ ടെമര്‍ രാജ്യത്തെ നയിക്കും. എന്നുവെച്ചാല്‍ ടെമറിന്റെ കീഴിലാകും തിരഞ്ഞെടുപ്പ് നടക്കുക. തനിക്കെതിരായ ജനരോഷത്തെ കുറിച്ച് ദില്‍മ ബോധവതിയായിരുന്നു. ജനകീയ വിചാരണയില്‍ താന്‍ പുറത്താകുന്നതില്‍ വിഷമമില്ലെന്നും എന്നാല്‍ ഇംപീച്ച്‌മെന്റിലൂടെയുള്ള പുറന്തള്ളല്‍ താന്‍ അര്‍ഹിക്കുന്നില്ലെന്നും അവര്‍ പ്രതികരിച്ചിരുന്നു. ആ നിലപാട് ശരിയോടടുത്തു നില്‍ക്കുന്നതാണ്. ഇപ്പോള്‍ ടെമര്‍ അധികാരം പിടിച്ചിരിക്കുന്നത് ജനാധിപത്യപരമായല്ല. ജനകീയ വിധിയുടെ ബലത്തിലല്ല അദ്ദേഹം പ്രസിഡന്റായിരിക്കുന്നത്. രണ്ട് വര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ദില്‍മയെ ജനങ്ങള്‍ തന്നെ ശിക്ഷിക്കട്ടെയെന്ന് വെക്കാന്‍ തയ്യാറാകാതിരുന്നത് വഴി പുറമേ നിന്നുള്ള കരങ്ങളുടെ സാധ്യതയെ സാധൂകരിക്കുകയാണ് ടെമറും സംഘവും ചെയ്തത്.
അഴിമതിയും ചട്ടവിരുദ്ധമായ വകമാറ്റി ചെലവഴിക്കലുമാണ് ലൂല ഡിസല്‍വയുടെ പ്രിയ അനുയായിയായ ദില്‍മക്കെതിരെ ചുമത്തപ്പെട്ടത്. സാമ്പത്തിക മാന്ദ്യം മറച്ചു വെക്കാന്‍ അവര്‍ ബജറ്റില്‍ കൃത്രിമം കാണിച്ചുവെന്നായിരുന്നു ഒരു ആരോപണം. ഇത് അഴിമതിയെന്ന് പറയാനാകില്ല. ക്ഷേമ പദ്ധതികള്‍ക്കായി കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ പണം വകയിരുത്തുകയായിരുന്നു. കമ്പോളത്തില്‍ ഭീതി പടരാതിരിക്കാനും ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരാനും മുമ്പും സര്‍ക്കാറുകള്‍ ഇത്തരം തന്ത്രങ്ങള്‍ പയറ്റിയിട്ടുണ്ട്. സാങ്കേതികമായി ഇത് ക്രമക്കേടാണെങ്കിലും ഖജനാവിന് പണം നഷ്ടപ്പെടുന്നില്ല. ഇക്കാര്യത്തില്‍ ദില്‍മാ റൂസഫ് നടത്തിയ ന്യായവാദങ്ങള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ സാധിച്ചതും അതുകൊണ്ടാണ്. എന്നാല്‍ രണ്ടാമത്തെ പ്രധാന ആരോപണം കഴമ്പുള്ളത് തന്നെയാണ്. പൊതു മേഖലാ എണ്ണക്കമ്പനിയായ പെട്രോബ്രാസില്‍ നടന്ന കോടികളുടെ അഴിമതിയില്‍ ഭരണ കക്ഷിയിലെ നിരവധി ഉന്നതരുടെ പങ്ക് തെളിയിക്കപ്പെട്ടു. 2014ല്‍ ദില്‍മയെ വീണ്ടും തിരഞ്ഞെടുത്ത വോട്ടെടുപ്പില്‍ ഭരണ സഖ്യം പെട്രോബ്രാസില്‍ നിന്നുള്ള കോടിക്കണക്കിന് രൂപ ഇടിച്ചു തള്ളി. ഈ പ്രവണതയും ഏറെക്കാലമായി ബ്രീസില്‍ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നതാണ്. പ്രാദേശിക, പ്രവിശ്യാ, ദേശീയ തിരഞ്ഞെടുപ്പ് പ്രക്രിയ ഇവിടെ ചെലവേറിയതാണ്. തിരഞ്ഞെടുപ്പിന് ശേഷമാകട്ടെ ഒറ്റക്കക്ഷിക്ക് ഭൂരിപക്ഷം കിട്ടാറില്ല. അപ്പോള്‍ ചെറു കക്ഷികളുടെ സഹായം വേണം. ഇവിടെയും പണത്തിന്റെ കളികള്‍ നടക്കുമെന്നത് പരസ്യമായ രഹസ്യമാണ്. ഏതായാലും പൊതു മേഖലാ സ്ഥാപനത്തില്‍ നിന്ന് പണം ഏതൊക്കെയോ കീശകളിലേക്ക് ഒഴുകിയെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ ഇതിന്റെ പങ്ക് ദില്‍മക്ക് കിട്ടിയെന്ന് തെളിയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. മാത്രമല്ല ദില്‍മ വ്യക്തിപരമായി സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്നാണ് ഏറ്റവും ഒടുവില്‍ വന്ന കോടതി വിധി.
അതുകൊണ്ടായില്ല. അവരുടെ പാര്‍ട്ടി ഫണ്ട് വകമാറ്റിയിട്ടുണ്ട്. അതിന്റെ നേതാക്കളുടെ കള്ളത്തരങ്ങള്‍ നിയന്ത്രിക്കാന്‍ അവര്‍ ശ്രമിച്ചില്ല. ആ അര്‍ഥത്തില്‍ അവര്‍ അഴിമതിക്ക് കൂട്ടു നിന്നുവെന്ന് തന്നെയാണ് സെനറ്റ് വിധിയെഴുതിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ഏറ്റവും വിചിത്രമായ കാര്യം ഇപ്പോള്‍ ദില്‍മക്കെതിരെ ശക്തമായ നിലപാടെടുത്ത പലരും അഴിമതിക്കേസില്‍ ഉള്‍പ്പെട്ടവരാണെന്നതാണ്. ഇപ്പോള്‍ പ്രസിഡന്റ്പദം കൈവന്ന മൈക്കല്‍ ടെമര്‍ പൊതു മേഖലാ സ്ഥാപനമായ ഇലക്‌ട്രോ ന്യൂക്ലിയറിന്റെ കരാറുമായി ബന്ധപ്പെട്ട കേസില്‍ ആരോപണ വിധേയനാണ്. മൂന്ന് ലക്ഷം ഡോളര്‍ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. മാത്രമല്ല, ദില്‍മയുടെ വൈസ് പ്രസിഡന്റായിരിക്കെ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളെല്ലാം അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ചോര്‍ത്തി നല്‍കിയെന്ന ആക്ഷേപവും അദ്ദേഹം നേരിടുന്നുണ്ട്. ദില്‍മയെ ഇംപീച്ച് ചെയ്യുന്നതിന് ആദ്യം വോട്ടെടുപ്പ് നടന്ന അധോസഭയുടെ സ്പീക്കര്‍ എഡ്വേര്‍ഡ് കന്‍ഹക്ക് സ്വിസ് ബേങ്കില്‍ അനധികൃത നിക്ഷേപമുണ്ടെന്ന് മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവന്നിരുന്നു. ഇത് സംബന്ധിച്ചും കൈക്കൂലി കേസിലും ഇദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുകയാണ്. അധോസഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്ന ബ്രൂണോ അരാഞ്ചോ, പെട്രോബ്രാസ് അഴിമിതിയില്‍ ഉള്‍പ്പെട്ടയാളാണ്. ദില്‍മയെ ഇംപീച്ച് ചെയ്ത സെനറ്റിന്റെ പ്രസിഡന്റ് റിനാം കാള്‍ഹിരോസിനെതിരെയും കള്ളപ്പണ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദില്‍മക്കെതിരെ വോട്ട് ചെയ്ത കോണ്‍ഗ്രസിലെ 539 അംഗങ്ങളില്‍ 60 ശതമാനം പേരും അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്നവരാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വ്യക്തിപരമായി അഴിമതിക്കറ പുരളാത്ത ദില്‍മ റൂസഫിനെ വ്യക്തിപരമായി അഴിമതിക്കാരായവരാണ് വിചാരണക്ക് വിധേയമാക്കിയതെന്ന് ചുരുക്കം. ഈ വൈരുധ്യം റിയോ ഒളിമ്പിക്‌സ് വേദിയില്‍ പോലും മുഴച്ചുനിന്നു. ഇടക്കാല പ്രസിഡന്റ് സ്ഥാനത്തിരുന്ന ടെമര്‍ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോള്‍ ഗ്യാലറിയില്‍ നിന്ന് കൂവലുയര്‍ന്നു. ടെമറിന് പ്രസംഗം വെട്ടിച്ചുരുക്കേണ്ടി വന്നു. മറ്റൊരു തിയറി കൂടി അന്തരീക്ഷത്തിലുണ്ട്. പെട്രോബ്രാസ് അഴിമതിക്കേസ് കന്‍ഹയിലേക്കും ടെമറിലേക്കും നീണ്ടപ്പോള്‍ അന്വേഷണം മരവിപ്പിക്കാന്‍ ഇവര്‍ ദില്‍മക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയത്രേ. പക്ഷേ അവര്‍ വഴങ്ങിയില്ല. ഇതിലുള്ള പ്രതികാര നടത്തിപ്പാണ് ഇംപീച്ച്‌മെന്റ്. ഈ വിലയിരുത്തല്‍ ശരിയെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലുകള്‍ വരും ദിനങ്ങളില്‍ വരുമെന്നാണ് അണിയറ വൃത്താന്തം.
എന്നിട്ടും ദില്‍മാ റൂസഫിനെ ഇംപീച്ച് ചെയ്യാന്‍ സെനറ്റിന് സാധിച്ചത് എന്തുകൊണ്ടാണ്? ഇവിടെയാണ് അഴിമതിയാരോപണങ്ങള്‍ക്കപ്പുറം അവര്‍ക്ക് സംഭവിച്ച വീഴ്ചകളും നയരാഹിത്യവും ചര്‍ച്ചാ വിധേയമാകുന്നത്. ലാറ്റിനമേരിക്കയില്‍ ഷാവേസും കാസ്‌ട്രോയും ഇവോ മൊറേല്‍സും മുന്നോട്ട് വെച്ച സാമ്രാജ്യത്വവിരുദ്ധ കൂട്ടായ്മയില്‍ അംഗമാകാന്‍ സ്വയം ഇടതുപക്ഷക്കാരിയായിട്ടും ദില്‍മ വിമുഖത കാണിച്ചിരുന്നു. (ബ്രിക്‌സ് സഖ്യത്തിനാണ് അവര്‍ പ്രാധാന്യം നല്‍കിയത്) ബദല്‍ സാമ്പത്തിക നയങ്ങള്‍ക്ക് പകരം മുതലാളിത്ത, കമ്പോള നയങ്ങള്‍ പിന്തുടരുകയാണ് അവര്‍ ചെയ്തത്. തന്റെ സമ്പദ്‌വ്യവസ്ഥയുടെ ശക്തിയില്‍ അവര്‍ അമിത വിശ്വാസം പുലര്‍ത്തിയെന്നതാണ് സത്യം. എന്നാല്‍ സംഭവിച്ചത് നേര്‍ വിപരീതമാണ്. ലാറ്റിനമേരിക്കയിലെ മറ്റു രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തെ മറികടന്നപ്പോള്‍ ബ്രസീല്‍ തകര്‍ന്നടിഞ്ഞു. പണപ്പെരുപ്പവും തൊഴിലില്ലായ്മയും കുതിച്ചു. പെട്രോബ്രാസില്‍ മാത്രം 2,76,000 പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. ദില്‍മ സര്‍ക്കാറിന്റെ മുഖമുദ്രയായിരുന്ന ജനക്ഷേമ പദ്ധതികളില്‍ നിന്ന് സര്‍ക്കാറിന് പിന്‍വലിയേണ്ടി വന്നു. അതോടെ ദില്‍മയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. മുന്‍ പ്രസിഡന്റ് ലുല ഡിസല്‍വക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ അറസ്റ്റ് ഒഴിവാക്കാന്‍ അദ്ദേഹത്തെ ഫസ്റ്റ് മിനിസ്റ്ററാക്കി ദില്‍മ കളിച്ച കളി അവരുടെ നില കൂടുതല്‍ പരുങ്ങലിലാക്കി. ഈ ഘടകങ്ങളെല്ലാം ഒത്തു വന്നപ്പോഴാണ് അവര്‍ക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ രാഷ്ട്രീയ അസ്ഥിരതയിലേക്ക് കൂപ്പുകുത്തുകയും ഇടതുപക്ഷ സര്‍ക്കാറുകള്‍ വീഴുകയും ചെയ്യുമ്പോള്‍ ഒരിക്കല്‍ പുറത്താക്കപ്പെട്ട ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് പുനഃപ്രവേശിക്കാന്‍ കളമൊരുങ്ങുകയാണ്. പെട്രോ സമ്പന്നമായ വെനിസ്വേല പോലുള്ള ഒരു രാജ്യത്ത് തങ്ങളുടെ പക്ഷത്ത് നില്‍ക്കാന്‍ തയ്യാറുളള സര്‍ക്കാര്‍ ഉണ്ടാകുകയെന്നത് യു എസിന് വലിയ ആവേശം പകരുന്നുണ്ട്. തനിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് എരിവ് പകരുന്നത് അമേരിക്കയാണെന്ന് മദുറോ തുറന്നടിക്കുന്നു. യു എസ് പ്രസിഡന്റിനെ ചെകുത്താനെന്ന് വിളിച്ച നേതാവിന്റെ പിന്‍മുറക്കാരനാണ് താനെന്ന് അദ്ദേഹം അഭിമാനം കൊള്ളുകയും ചെയ്യുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം അമേരിക്കയുടെ വിദേശനയത്തില്‍ വലിയ അട്ടിമറിയുണ്ടാക്കിയിരുന്നു. മുന്‍ഗണനകള്‍ അപ്പടി മാറി. ഭീകരവാദത്തിന്റെ പേരില്‍ പുതിയ പുതിയ ശത്രു രാജ്യങ്ങളെ കണ്ടെത്തുന്ന തിരക്കിലായിരുന്നു അവര്‍. ആ തിരക്കിനിടെ ലാറ്റിനമേരിക്കയില്‍ വേണ്ടത്ര ശ്രദ്ധ വെക്കാന്‍ അവര്‍ക്കായില്ല. ഒരു ഇടവേളക്ക് ശേഷം ‘അയല്‍പ്പക്കത്തെ അലോസര’ത്തിലേക്ക് അമേരിക്ക ചുഴിഞ്ഞിറങ്ങുകയാണ്. ഈ ഘട്ടത്തില്‍ ബ്രസീലില്‍ യു എസുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധം പുലര്‍ത്തുന്നയാള്‍ പ്രസിഡന്റാകുന്നതും എണ്ണ വിലയിടിവിന്റെ സമ്മര്‍ദത്തില്‍ വെനിസ്വേലയില്‍ നിക്കോളാസ് മദുറോ ആടിയുലയുന്നതും തീര്‍ത്തും ആഭ്യന്തരമായ കാര്യമായി കാണാനാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here