പാലക്കാട് കരുണ, കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം റദ്ദാക്കി

Posted on: September 15, 2016 9:39 pm | Last updated: September 15, 2016 at 9:59 pm
SHARE

തിരുവനന്തപുരം: രണ്ടു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം റദ്ദാക്കി. സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളായ പാലക്കാട് കരുണ, കണ്ണൂര്‍ അഞ്ചരക്കണ്ടി എന്നിവ നടത്തിയ പ്രവേശനമാണ് ജെയിംസ് കമ്മിറ്റി റദ്ദാക്കിയത്. സുതാര്യതയില്ലാതെ പ്രവേശനം നടത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ പട്ടിക പ്രസിദ്ധപ്പെടുന്നതില്‍ വീഴ്ച വരുത്തിയ ഗോകുലം, പി. കെ. ദാസ്, മൗണ്ട്് സിയോന്‍, ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് എന്നീ കോളജുകള്‍ക്ക് ജെയിംസ് കമ്മിറ്റി നോട്ടീസും നല്‍കിയിട്ടുണ്ട്.

പാലക്കാട് കരുണയും കണ്ണൂര്‍ മെഡിക്കല്‍ കോളജും ഇതുവരെ നേരിട്ടു നടത്തിയ എംബിബിഎസ് പ്രവേശനമാണ് ജെയിംസ് കമ്മിറ്റി റദ്ദാക്കിയത്. ഓണ്‍ലൈനായി വീണ്ടും അപേക്ഷ സ്വീകരിച്ചു പ്രവേശനം നടത്താന്‍ ഇരു കോളജുകള്‍ക്കും നിര്‍ദേശം നല്‍കി. ഇരു കോളജുകളും സര്‍ക്കാരുമായി ഇതുവരെ കരാര്‍ ഒപ്പുവെച്ചിട്ടില്ല.
മെഡിക്കല്‍ കൗണ്‍സിലിന്റെയും ആരോഗ്യ സര്‍വകലാശാലയുടെയും അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണു രണ്ടിടത്തും ജെയിംസ് കമ്മിറ്റി പ്രവേശനാനുമതി നല്‍കിയത്.