Connect with us

Gulf

സിന്‍ബാദിന്റെ മാസ്മരിക ലോകം തുറന്ന് കതാറ

Published

|

Last Updated

കതാറയില്‍ നടന്ന സിന്‍ബാദ് നാവികന്റെ രംഗാവിഷ്‌കാരം

ദോഹ: ആയിരത്തൊന്ന് രാവുകളിലെ സിന്‍ബാദിന്റെ വീരേതിഹാസ നാവിക കഥകള്‍ പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ കതാറയില്‍ പ്രദര്‍ശിപ്പിച്ചു. നാടകീയ കഥാവതരണവും ഹരം കൊള്ളിക്കുന്ന കായിക പ്രകടനങ്ങളും സാങ്കേതികവിദ്യയുടെ അകമ്പടിയോടുള്ള ദൃശ്യാവതരണവും മറ്റും കതാറയെ ഒരിക്കല്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലുള്ള കാഴ്ചാ ലോകമാക്കി.
സമുദ്രത്തിലെ സിന്‍്ബാദിന്റെ സാഹസികതയും യാത്രയും പശ്ചാത്തല സ്‌ക്രീനില്‍ നിറഞ്ഞുനിന്നു. സ്റ്റേജിന്റെ മധ്യത്തില്‍ കപ്പലിന്റെ മാതൃകയില്‍ സെറ്റൊരുക്കിയിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കഥയുടെ ദൃശ്യാവിഷ്‌കാരം യാഥാര്‍ഥ്യതലത്തില്‍ അവതരിപ്പിക്കാന്‍ ഇതിലൂടെ സാധിച്ചു. അറബിയിലായിരുന്നു അവതരണമെങ്കിലും ഭാഷാഭേദമന്യെ ഏവര്‍ക്കും മനസ്സിലാകുന്ന രീതിയിലായിരുന്നു രംഗാവിഷ്‌കാരം. എണ്ണയെ പ്രധാന ആശ്രയ മാര്‍ഗമായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് മുത്ത് മുങ്ങിത്തപ്പിയും മത്സ്യം പിടിച്ചും കടലുമായി അഭേദ്യ ബന്ധമുണ്ടായിരുന്ന ഖത്വരികളുടെ പാരമ്പര്യത്തിന് യോജിക്കുന്ന അവതരണമായിരുന്നു. 50 മിനുട്ട് നീണ്ട സിന്‍ബാദ് രംഗാവിഷ്‌കാരത്തിനിടെ തന്നെ സാഹസികത മുറ്റിനിന്ന കായിക പ്രകടനങ്ങളുമായി കലാകാരന്മാര്‍ രംഗത്തെത്തി. കരിമരുന്ന് പ്രകടനത്തോടെയാണ് പരിപാടികള്‍ അവസാനിച്ചത്. വിദേശികളടക്കം ആയിരങ്ങളാണ് കതാറയിലെത്തിയത്. ഈദിയ്യ എന്ന പേരുള്ള പെരുന്നാള്‍ സമ്മാന വിതരണവുമായാണ് കുട്ടികളെ കതാറയിലേക്ക് സ്വീകരിച്ചത്.
സിറ്റി സെന്റര്‍ അടക്കമുള്ള വന്‍കിട ഷോപ്പിംഗ് സെന്ററുകളിലും വിനോദപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സിറ്റി സെന്ററില്‍ ടാര്‍സന്‍, ദാറുസ്സലാമില്‍ ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റ്, അല്‍ഖോര്‍ മാളില്‍ ഫ്‌ളൈയിംഗ് സൂപ്പര്‍കിഡ്‌സ്, ഇസ്ദാന്‍ മാളില്‍ അല്‍വിന്‍ ആന്‍ഡ് ചിപ്മങ്ക്‌സ്, ലഗൂണ മാളില്‍ കരീബിയന്‍ കടല്‍ക്കൊള്ളക്കാര്‍ എന്നിവയുടെ തത്‌സമയ രംഗാവിഷ്‌കാരം ഉണ്ടായിരുന്നു. ഹയാത് പ്ലാസയിലും സിന്‍ബാദ് നാവിക കഥയാണ് അരങ്ങേറിയത്.
പ്രവാസികള്‍ക്കായി ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധയിടങ്ങളില്‍ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിച്ചു. വക്‌റ സ്‌പോര്‍ട്‌സ് ക്ലബ്, ഏഷ്യന്‍ ടൗണ്‍, ബര്‍വ വര്‍കേഴ്‌സ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് എന്നിവിടങ്ങളിലായിരുന്നു പരിപാടികളുടെ വേദികള്‍ ഒരുക്കിയത്.

Latest