ഇനിയുള്ള ഹജ്ജുകാലങ്ങള്‍ കൊടും ചൂടിന്റേത്

Posted on: September 15, 2016 6:56 pm | Last updated: September 15, 2016 at 6:56 pm
SHARE

മക്ക: കഴിഞ്ഞ ആറേഴു വര്‍ഷങ്ങളിലെ ഹജ്ജ് സമസീതോഷ്ണ കാലത്തായിരുന്നുവെങ്കില്‍ ഈ വര്‍ഷം പുണ്യസ്ഥലങ്ങളില്‍ സാമാന്യം നല്ല ചൂടു തന്നെ അനുഭവപ്പെട്ടിരുന്നു. ഇക്കൊല്ലം മുതല്‍ ഹജ്ജുകാലം ഉഷ്ണകാലത്തേക്കു കടന്നെന്നര്‍ത്ഥം. ഇനിയുള്ള വര്‍ഷങ്ങളാകട്ടെ കൊടും ചൂടിലായിരിക്കും ഹജ്ജുകാലം വന്നെത്തുക.

ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് മക്കയില്‍ തീക്ഷ്ണമായ ഉഷ്ണം അനുഭവപ്പെടുക. ഇക്കാലയളവില്‍ 44 ഡിഗ്രി ഇ മുതല്‍ 48 ഡിഗ്രി ഇ വരെ താപനില ഉയരാറുണ്ട്. ചിലപ്പോഴെല്ലാം 50 ഡിഗ്രിക്കു മുകളിലും താപനിലയെത്താറുണ്ട്. ഈ മാസങ്ങളിലായിരിക്കും വരും വര്‍ഷങ്ങളിലെ ഹജ്ജ് കാലങ്ങള്‍.

ഓരോ വര്‍ഷവും സൗരവര്‍ഷവുമായി ചാന്ദ്രവര്‍ഷം പത്ത് അല്ലെങ്കില്‍ പതിനൊന്ന് ദിവസത്തെ വ്യത്യാസമാണുണ്ടാവുക. അതുപ്രകാരം ഓരോ മൂന്നു വര്‍ഷം കൂടുന്തോറും ഹിജ്‌റ വര്‍ഷം ഓരോ ഗ്രിഗോറിയന്‍ മാസത്തെ മറികടന്നുകൊണ്ടിരിക്കും. അതുപ്രകാരം ഹജ്ജുകാലം ആഗസ്റ്റും, ജൂലൈയും, ജൂണും കടന്ന് മെയ് മാസത്തിലേക്കെത്താന്‍ പത്തു വര്‍ഷമെടുക്കും.

മെയ്മാസം രണ്ടാം പകുതിയും മക്കയിലും മദീനയിലും കടുത്ത ചൂടു തന്നെയാണ്. അപ്പോള്‍ ഇനിയുള്ള 12 വര്‍ഷങ്ങളിലെ ഹജ്ജുകാലമെങ്കിലും കൊടും ചൂടിലായിരിക്കുമെന്നര്‍ത്ഥം. 2028 ലെ ഹജ്ജുകാലം മെയ്മാസം ആദ്യത്തിലായിരിക്കും. 2029 വരെ കാത്തിരിക്കണം ചൂടിനു അല്പമൊരാശ്വാസം ലഭിക്കുന്ന ഹജജുകാലം വരാന്‍. ആ വര്‍ഷം ഏപ്രില്‍ അവസാന വാരമായിരിക്കും ഹജ്ജ്.