ഹജ്ജ് കര്‍മം നാളെ പൂര്‍ത്തിയാകും

Posted on: September 14, 2016 10:36 am | Last updated: September 14, 2016 at 12:56 pm
SHARE

jamraമക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് നാളെ വിരാമമാകും. ആഭ്യന്തര തീര്‍ഥാടകര്‍ ഉള്‍പ്പെടുന്ന ഒട്ടേറെപ്പേര്‍ ഹജ്ജിന്റെ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് മിനായില്‍ നിന്ന് ഇന്ന് മടങ്ങും. സഊദിയുടെ പുറത്തു നിന്നുള്ളവരില്‍ കൂടുതലും വ്യാഴാഴ്ചത്തെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കിയിട്ടാകും മടങ്ങുക. കല്ലേറിന് ശേഷം വിടവാങ്ങലിന്റെ ത്വവാഫ് നിര്‍വഹിച്ചാണ് എല്ലാവരും മടങ്ങുക. 18,62,909 തീര്‍ഥാടകര്‍ ഈ വര്‍ഷം ഹജ്ജിനത്തെിയതായാണ് കണക്ക്. 13,25,372 പേരാണ് വിദേശത്ത് നിന്നുള്ളവര്‍.
ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് ഹാജിമാര്‍ മിനായില്‍ തിരിച്ചെത്തി. ജംറത്തുല്‍ അഖബയില്‍ കല്ലേറ് കര്‍മം നിര്‍വഹിച്ചു. ബലികര്‍മം നടത്തി തലമുടി നീക്കിയ ശേഷം ഇഹ്‌റാം വേഷം മാറി. ഒട്ടേറെ തീര്‍ഥാടകര്‍ തിങ്കളാഴ്ച തന്നെ മക്കയിലെത്തി ത്വവാഫും സഅ്‌യും നിര്‍വഹിച്ചിരുന്നു. ശേഷം ഇന്നലെയും ഇന്നും കല്ലേറ് നിര്‍വഹിച്ചു. ഓരോ രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്കും കല്ലേറിന് പ്രത്യേക സമയം നിശ്ചയിച്ചതിനാല്‍ വലിയ തിരക്കൊഴിവാക്കാനായി.
ഞായറാഴ്ച രാത്രി മുസ്ദലിഫയില്‍ രാപ്പാര്‍ത്ത ഹാജിമാര്‍ അവിടെ നിന്ന് കല്ലേറ് കര്‍മത്തിനുള്ള കല്ലുകള്‍ ശേഖരിച്ചു. വിവിധ രാജ്യക്കാര്‍ അവര്‍ക്കു നിശ്ചയിച്ച സമയത്തിനു മുമ്പ് ജംറയിലേക്കു പുറപ്പെടാതിരിക്കാനും മശാഇര്‍ ട്രെയിനിന്റെ മിനാ സ്റ്റേഷനുകളിലെ പോക്കുവരവ് നിയന്ത്രിക്കാനും സുരക്ഷാ സേന പ്രത്യേകം ശ്രദ്ധിച്ചു. ജംറകളിലുള്ള ഇന്ത്യന്‍ തീര്‍ഥാടകരുടെ പ്രയാണവും മടക്കയാത്രയും വളണ്ടിയര്‍മാരുടെ സഹായത്തോടെ നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കിയെന്നു ഹജ്ജ് മിഷന്‍ അധികൃതര്‍ അറിയിച്ചു.
ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ മടക്കം ഈ മാസം 17നാണ്. ഡല്‍ഹിയിലേക്കുള്ള സംഘമാണ് ആദ്യം മടങ്ങുക. ഇവര്‍ മദീന സന്ദര്‍ശനം കഴിഞ്ഞവരാണ്. മദീനാ സന്ദര്‍ശനം കഴിയാത്ത ഹാജിമാരുടെ സംഘം മദീന സന്ദര്‍ശിച്ച് ഈ മാസം 29 മുതല്‍ മടങ്ങി തുടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here