ജനത നശിച്ചാലും ഇഷ്ടക്കാര്‍ തഴച്ചുവളരട്ടെ

ഇല്ലാത്ത വാതകം, എത്താത്ത കുഴലുകൊണ്ട് തോണ്ടിയെടുക്കാന്‍ ഗുജറാത്ത് പെട്രോളിയം കോര്‍പറേഷന് പ്രേരണ നല്‍കുന്നതില്‍, അതിനുവേണ്ടി കടലാസ് കമ്പനിയെ ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപവത്കരിക്കുന്നതില്‍ ഒക്കെ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ എന്തെങ്കിലും പങ്ക് ഈ ദേഹത്തിന് ഉണ്ടായിക്കാണുമോ? അതിന്റെ തുടര്‍ച്ചയാണോ വലിയ തട്ടിപ്പുകള്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കമ്പനിക്ക് പ്രത്യക്ഷമായും പരോക്ഷമായും ചെയ്യുന്ന ഒത്താശ. ജി എസ് പി സിയില്‍ ഓഹരിയെടുക്കാന്‍ ഒ എന്‍ ജി സിയെ പ്രേരിപ്പിക്കുമ്പോള്‍ ജനങ്ങളുടെ സ്വത്തായ പൊതുമേഖലാ കമ്പനിയുടെ ആരോഗ്യത്തെ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍. ഒ എന്‍ ജി സിയുടെ പാടത്തു നിന്ന് വാതകം ഊറ്റിയെടുത്ത കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ ശ്രമിക്കാതെ ആ കമ്പനിയുടെ പരസ്യ മോഡലാകുമ്പോള്‍ ജനതയുടെ സ്വത്ത് നശിച്ചാലും അംബാനി വളര്‍ന്നു കണ്ടാല്‍ മതിയെന്ന് ആഗ്രഹിക്കുകയാണ് അദ്ദേഹം.
Posted on: September 14, 2016 10:29 am | Last updated: September 14, 2016 at 10:29 am
SHARE

gujarat_state_petr_1071333f2005 ജൂണ്‍. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ വലിയ പ്രഖ്യാപനം. ഹിന്ദി വഴങ്ങിത്തുടങ്ങിയ കാലമല്ലാത്തതിനാല്‍, ഭായിയോ ബഹനോ എന്ന അകമ്പടിയില്ലാതെ, സംഗതി ഗുജറാത്തിയില്‍. ‘രാജ്യത്തെ ഏറ്റവും വലിയ പ്രകൃതി വാതക ശേഖരം ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പറേഷന്‍ (ജി എസ് പി സി) കണ്ടെത്തിയിരിക്കുന്നു’. ഒപ്പമുണ്ടായിരുന്ന കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ സംഘഗാനം ഇവ്വിധമായിരുന്നു – ‘രണ്ട് ലക്ഷം കോടിയിലേറെ മൂല്യം വരും കണ്ടെത്തിയ നിക്ഷേപത്തിന്. ഇത് കുഴിച്ചെടുക്കുന്നതോടെ രാജ്യത്ത് വാതകത്തിന് ക്ഷാമമില്ലാതെയാകും.’
കൊല്ലം പതിനൊന്ന് കഴിഞ്ഞപ്പോള്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് ഗുജറാത്ത് നിയമസഭയുടെ മേശപ്പുറത്ത് വിഭവമായി. കൃഷ്ണ- ഗോദാവരി ബേസിനില്‍ കാക്കിനഡ തീരത്തുള്ള ബ്ലോക്കില്‍ നിന്ന് പ്രകൃതി വാതകം കുഴിച്ചെടുക്കാനുള്ള ശേഷിയോ ശേമുഷിയോ ജി എസ് പി സിക്കുണ്ടായിരുന്നില്ല. കണ്ടെത്തിയെന്ന് അവകാശപ്പെട്ട നിക്ഷേപത്തിന്റെ വലുപ്പം ഊതിവീര്‍പ്പിച്ച് അവതരിപ്പിച്ചതാണ്. എത്ര ആഴത്തിലാണ് വാതക ശേഖരമുള്ളത് എന്നതില്‍ തിട്ടമുണ്ടായിരുന്നില്ല. സംഗതി കുഴിച്ചെടുക്കാന്‍ പ്രതീക്ഷിച്ചതിലും വൈകി. ആകെ ഏറ്റെടുത്ത 11 ബ്ലോക്കുകളില്‍ 10 എണ്ണവും ജി എസ് പി സി തിരികെ നല്‍കി. ഇതുവഴി 2011 മുതല്‍ 15 വരെയുള്ള കാലത്ത് കോര്‍പറേഷന് 1,757.46 കോടിയുടെ നഷ്ടമുണ്ടായി. ഇതില്‍ 1734.12 കോടി എഴുതിത്തള്ളി.
കൃഷ്ണ – ഗോദാവരി ബേസിനിലെ ‘വന്‍ നിക്ഷേപം’ കുഴിച്ചെടുക്കാന്‍ ഇറങ്ങിത്തിരിച്ചതിന് പിറകെ ഈജിപ്തിലും പാടങ്ങള്‍ പാട്ടത്തിനെടുത്തു, ജി എസ് പി സി. വാതകം കുഴിച്ചെടുക്കാന്‍ കഴിവില്ലെന്ന് കണ്ടതോടെ അവയില്‍ പലതും തിരികെക്കൊടുത്തു. ആ വിധത്തിലുമുണ്ടായി കോടികളുടെ നഷ്ടം. അതും എഴുതിത്തള്ളാന്‍ പൊതുമേഖലാ സ്ഥാപനത്തിന് പ്രയാസമുണ്ടായില്ല. മുഖ്യമന്ത്രി പദത്തില്‍ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക് പറക്കാന്‍ ഒരുക്കം നടത്തിക്കൊണ്ടിരുന്ന നരേന്ദ്ര മോദിയുടെ പിന്തുണയുള്ളതുകൊണ്ട് എഴുതിത്തള്ളലിന് വിഷമമേതുമുണ്ടായുമില്ല.
രാജ്യത്തിനകത്തും പുറത്തും വാതകപ്പാടങ്ങള്‍ പാട്ടത്തിനെടുത്തപ്പോള്‍ ജിയോ ഗ്ലോബല്‍ റിസോഴ്‌സസ് ഇന്ത്യ, ജൂബിലന്‍ഡ് എന്‍പ്രോ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി ചേര്‍ന്നൊരു കണ്‍സോര്‍ഷ്യമുണ്ടാക്കി ജി എസ് പി സി. കൂടുതല്‍ വാതകം കുഴിച്ചെടുക്കാന്‍ പാകത്തില്‍ നിക്ഷേപമൊഴുക്കുന്നതിനാണ് കണ്‍സോര്‍ഷ്യമെന്നായിരുന്നു വിശദീകരണം. കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ജിയോ ഗ്ലോബലിന്റെ ആകെ മൂലധനം 64 ഡോളര്‍ മാത്രമായിരുന്നു. കണ്‍സോര്‍ഷ്യത്തിലുള്‍പ്പെടുത്തുന്നതിന് ആറ് ദിവസം മുമ്പ് ബാര്‍ബഡോസ് കേന്ദ്രമായാണ് കമ്പനി രൂപവത്കരിച്ചതും. ഗ്വാട്ടിമാല സ്വദേശിയായ ജീന്‍ പോള്‍ റോയ് എന്നയാള്‍ മാത്രമായിരുന്നു ഈ കമ്പനിയുടെ ഉടമ. ഈ കമ്പനിക്ക് പത്ത് ശതമാനം ഓഹരി പങ്കാളിത്തം നല്‍കിയപ്പോള്‍ ജി എസ് പി സിയില്‍ നിന്ന് 20,000 കോടി രൂപ ജിയോ ഗ്ലോബലിലേക്ക് ഒഴുകിയെന്നാണ് ഏകദേശ കണക്ക്.
ഇതേക്കുറിച്ചൊക്കെ പരാമര്‍ശിച്ച് സി എ ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും വിധത്തിലുള്ള അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കേണ്ട. പ്രത്യേകിച്ച് നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലിരിക്കെ. ഹിന്ദി നല്ല വഴക്കത്തിലായ ശേഷം ഭ്രഷ്ടാചാരത്തെക്കുറിച്ച് വാചാലനായിരുന്നു അദ്ദേഹം. പക്ഷേ, അതില്‍ ഇതൊന്നും ഉള്‍പ്പെടുത്താവതല്ലല്ലോ. 64 ഡോളര്‍ മൂലധനത്തില്‍ ബാര്‍ബഡോസില്‍ രൂപവത്കരിച്ച കമ്പനിയെക്കുറിച്ചും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം പേപ്പര്‍ കമ്പനികള്‍ കള്ളപ്പണം ഒളിപ്പിക്കാനുള്ള താവളങ്ങളാകാറാണ് പതിവ്. അത്തരം കമ്പനിയായിരുന്നോ ജി എസ് പി സിയുടെ കണ്‍സോര്‍ഷ്യത്തിലുള്‍പ്പെട്ട ജിയോ ഗ്ലോബല്‍ റിസോഴ്‌സസ്?. ‘കാലാ ധന്‍’ നാട്ടിലെത്തിക്കുമെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം ആവര്‍ത്തിക്കുന്ന നമ്മുടെ പ്രധാനമന്ത്രി ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സാധ്യത ഇല്ല തന്നെ.
ഇപ്പോഴത്തെ കഥ ഇതല്ല. സാമ്പത്തിക ക്രമക്കേടിന്റെ കേന്ദ്ര ബിന്ദുവായി നില്‍ക്കുന്ന ജി എസ് പി സിയുടെ ഓഹരി വാങ്ങാന്‍ കേന്ദ്ര പൊതുമേഖലയിലെ നവരത്‌നങ്ങളിലൊന്നായ ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ തയ്യാറെടുക്കുന്നുവെന്നതാണ്. ജി എസ് പി സിയെ എങ്ങനെയെങ്കിലും രക്ഷിച്ചെടുത്ത്, ഭ്രഷ്ടാചാരത്തിന്റെയും കാലാധന്റെയും കാളിമ നീക്കേണ്ട ഉത്തരവാദിത്തമുണ്ടാകുമല്ലോ നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭക്ക്. ജി എസ് പി സിയുടെ ഓഹരി ഒ എന്‍ ജി സി വാങ്ങുന്നതില്‍ നീരസം ലവവേശമില്ലെന്ന് എണ്ണ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞുകഴിഞ്ഞു. കൈകാര്യം ചെയ്ത സംഗതി വാതകമല്ലേ, ഗുജറാത്ത് പെട്രോളിയം കോര്‍പറേഷന്റെ അന്വേഷണം ചെന്നെത്തും മുമ്പേ അത് സ്വയം ഒഴിഞ്ഞുപോയിക്കാണണം. പ്രഖ്യാപനങ്ങളൊക്കെ വാതകമായി, സി എ ജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും വൈകാതെ വാതകമാകും.
ഇതുപോലൊരു വാതകക്കഥ കൂടി പരിണാമഗുപ്തിയിലെത്തി നില്‍ക്കുന്നുണ്ട്. അതിലെ വാദി കഥാപാത്രം ഒ എന്‍ ജി സിയും പ്രതി കഥാപാത്രം മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമാണ്. കഥ നടക്കുന്നത് 50,000 ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന കൃഷ്ണ – ഗോദാവരി ബേസിനില്‍ തന്നെ. ഇവിടെ നിന്ന് പ്രകൃതി വാതകം കുഴിച്ചെടുക്കാന്‍ അംബാനി തുനിഞ്ഞിറങ്ങിയത് മൂലം സര്‍ക്കാര്‍ ഖജനാവിനുണ്ടായ നഷ്ടവും വാതക വില നിശ്ചയിച്ചതിലൂടെ സര്‍ക്കാര്‍ അംബാനിക്ക് അനുവദിച്ച് കൊടുത്ത അമിത ലാഭവും കഴിഞ്ഞയാഴ്ച പരാമര്‍ശിച്ചിരുന്നു. ഇതിനൊപ്പം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മറ്റൊരു കാര്യം കൂടി ചെയ്തു. കെ ജി ബേസിനില്‍ മുകേഷിന്റെ പാടത്തോട് ചേര്‍ന്നു കിടക്കുന്ന ഒ എന്‍ ജി സിയുടെ പാടത്തു നിന്ന് വാതകം ഊറ്റി. ആരുമറിയാതെ. ഒന്നും രണ്ടും കൊല്ലമല്ല, ഏഴ് വര്‍ഷം.
ഭൂഗര്‍ഭാന്തരത്തിലെ വാതകം സ്വയം സ്വീകരിച്ച വഴികളിലൂടെ തങ്ങളുടെ പാടത്ത് എത്തിയതാണെന്നും താഴേക്കിറക്കിയ കുഴലിന് ഉടമയെ തിരിച്ചറിഞ്ഞ് വാതകം സ്വീകരിക്കാന്‍ അറിയില്ലായിരുന്നുവെന്നുമൊക്കെ അംബാനീ സചിവര്‍ കലഹിച്ചു നോക്കി. പക്ഷേ, പ്രയോജനമുണ്ടായില്ല. ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് ചീഫ് ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് അജിത് പ്രസാദ് ഷാ ഏകാംഗ കമ്മീഷനായി ഇതേക്കുറിച്ച് സമൂലം അന്വേഷിച്ചു. ഏഴ് വര്‍ഷത്തിനിടെ 1112.2 കോടി ഘന മീറ്റര്‍ വാതകം അംബാനിയുടെ ഖജനാവിന് കൊഴുപ്പേകാനെത്തി എന്ന് കണ്ടെത്തി. നിലവിലുള്ള വില പ്രകാരം, വാതകമൂറ്റ് വകയില്‍ അംബാനിയുടെ ഖജനാവിലെത്തിയത് ഏകദേശം 11,000 കോടി രൂപ. ഒ എന്‍ ജി സി എന്ന പൊതുമേഖാ കമ്പനിക്കും അതുവഴി സര്‍ക്കാറിനും അവരിലൂടെ ജനങ്ങള്‍ക്കുമെത്തേണ്ട പണമാണിത്. ഇതിലൊതുങ്ങുമോ കണക്ക് എന്നതില്‍ തിട്ടമില്ല. ഇത്രയും തുകക്കുള്ള വാതകം മോഷ്ടിച്ച വകയില്‍ ആ തുകയും പിഴയും റിലയന്‍സില്‍ നിന്ന് നഷ്ടപരിഹാരമായി ഈടാക്കണമെന്നാണ് ജസ്റ്റിസ് എ പി ഷാ നല്‍കിയ ശിപാര്‍ശ.
പുത്രീ പുത്ര കളത്രാദികളെ സാക്ഷിയാക്കി, സൗജന്യങ്ങള്‍ വാരിക്കോരി നല്‍കി മുകേഷ് അംബാനി തൊടുത്ത ജിയോ മൊബൈല്‍ നെറ്റ്‌വര്‍ക്കിന് ഊര്‍ജമേകുന്നതില്‍ ഇങ്ങനെ ഊറ്റിയെടുത്ത തുക കൂടിയുണ്ടെന്ന് ചുരുക്കം. ആ മൊബൈല്‍ കമ്പനിയുടെ പരസ്യത്തിലാണ് ചിത്രമായും ദൃശ്യമായും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യക്ഷപ്പെട്ടത്. തട്ടിപ്പുകാരെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തിയ ഒരു കമ്പനിയുടെ സഹോദര സ്ഥാപനത്തിന് പരസ്യമോഡലാകാന്‍ അമ്പത്തിയാറിഞ്ച് നെഞ്ച് വിരിയുമ്പോള്‍, തട്ടിപ്പുകള്‍ക്ക് ഒത്താശ നല്‍കുന്നവനാണോ പരമാധികാരിയെന്ന ചോദ്യം സ്വാഭാവികമായി ഉയരും.
ഇല്ലാത്ത വാതകം, എത്താത്ത കുഴലുകൊണ്ട് തോണ്ടിയെടുക്കാന്‍ ഗുജറാത്ത് പെട്രോളിയം കോര്‍പറേഷന് പ്രേരണ നല്‍കുന്നതില്‍, അതിനുവേണ്ടി കടലാസ് കമ്പനിയെ ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപവത്കരിക്കുന്നതില്‍ ഒക്കെ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ എന്തെങ്കിലും പങ്ക് ഈ ദേഹത്തിന് ഉണ്ടായിക്കാണുമോ?. അതിന്റെ തുടര്‍ച്ചയാണോ വലിയ തട്ടിപ്പുകള്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കമ്പനിക്ക് പ്രത്യക്ഷമായും പരോക്ഷമായും ചെയ്യുന്ന ഒത്താശ. ജി എസ് പി സിയില്‍ ഓഹരിയെടുക്കാന്‍ ഒ എന്‍ ജി സിയെ പ്രേരിപ്പിക്കുമ്പോള്‍ ജനങ്ങളുടെ സ്വത്തായ പൊതുമേഖലാ കമ്പനിയുടെ ആരോഗ്യത്തെ ഇല്ലാതാക്കുകയാണ് മോദി സര്‍ക്കാര്‍. ഒ എന്‍ ജി സിയുടെ പാടത്തു നിന്ന് വാതകം ഊറ്റിയെടുത്ത കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ ശ്രമിക്കാതെ ആ കമ്പനിയുടെ പരസ്യ മോഡലാകുമ്പോള്‍ ജനതയുടെ സ്വത്ത് നശിച്ചാലും അംബാനി വളര്‍ന്നു കണ്ടാല്‍ മതിയെന്ന് ആഗ്രഹിക്കുകയാണ് അദ്ദേഹം.
ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സ്വീകരിക്കേണ്ട ബാധ്യത, സര്‍ക്കാറിനില്ല നമ്മുടെ ഈ വിശാല ജനാധിപത്യത്തില്‍. നടപടി റിപ്പോര്‍ട്ടിന്റെ അകമ്പടിയോടെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച് അലമാരയില്‍ സൂക്ഷിച്ചാല്‍ മതിയാകും. നിഗമനങ്ങളിലേക്ക് എത്താന്‍ കമ്മീഷന്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ വിശ്വസനീയമായി തോന്നുന്നില്ലെന്നും കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും നടപടി റിപ്പോര്‍ട്ടില്‍ പറഞ്ഞാല്‍ സംഗതി ഭദ്രമാകും. പ്രതിഭാഗത്ത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആകയാലും നടപടിയെടുക്കേണ്ടയാള്‍ അംബാനിയുടെ പരസ്യ മോഡലാകയാലും നടപടി റിപ്പോര്‍ട്ട് ഇവ്വിധമെന്തെങ്കിലുമാകുമെന്ന് ഉറപ്പ്. പ്രകൃതി വിഭവത്തിന്റെ ഉടമാവകാശം സര്‍ക്കാറിനാണെന്ന്, ചീഫ് ജസ്റ്റിസായിരിക്കെ കെ ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബഞ്ച് ഭൂരിപക്ഷ വിധിയിലൂടെ നേരത്തെ തന്നെ വ്യക്തമാക്കിയതിനാല്‍ വാതകത്തിന്റെ ഉടമാവകാശം ഒ എന്‍ ജി സിക്കല്ലെന്നും സര്‍ക്കാറിനാണെന്നും വേണമെങ്കില്‍ വാദിക്കാം. സര്‍ക്കാറിന്റെയും അംബാനിയുടെയും കാര്യമെടുത്താല്‍ അതുതാനല്ലയോ ഇത് എന്ന് വര്‍ണ്യത്തില്‍ ആശങ്കയുള്ളതിനാല്‍ വാതകം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റേത് തന്നെ എന്ന് ഉല്‍പ്രേക്ഷിക്കുകയുമാകാം. അത്തരമൊരു ഉല്‍പ്രേക്ഷയിലാണല്ലോ, കെ ജി ബേസിനിലെ ഖനനത്തിന്റെ ചെലവ് നാലിരട്ടിയോളം അധികരിപ്പിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് കത്ത് നല്‍കിയപ്പോള്‍ എ ബി വാജ്പയി സര്‍ക്കാര്‍ അത് തളികയില്‍ വാങ്ങി, കണക്കില്ലാത്ത കോടികള്‍ (സി എ ജി പറഞ്ഞത്) പ്രസാദമായി നല്‍കി അനുഗ്രഹിച്ചത്.
പൂര്‍വ സൂരികള്‍ പുണ്യം ചെയ്തവരാണ്. അവരുടെ പാതയാണ് പിന്തുടരേണ്ടത്. ആകയാല്‍ ക്രമക്കേടുകള്‍ ക്രമവത്കരിച്ചും തട്ടിപ്പുകളെ മുന്‍കാലപ്രാബല്യത്തോടെ നിമയവിധേയമാക്കിയും അത്തരക്കാരുടെ ബ്രാന്‍ഡ് അംബാസഡറാകുക. അതാണ് ശരി. ലോക് സഭയിലെ സീറ്റ് കണക്കില്‍ അമ്പതിലെത്താതെ ശോഷിച്ച മുഖ്യ പ്രതിപക്ഷം അലോസരപ്പെടുത്താന്‍ വരില്ലെന്ന ആനുകൂല്യം കൂടിയുള്ളപ്പോള്‍ അത് മാത്രമാണ് ശരി.

LEAVE A REPLY

Please enter your comment!
Please enter your name here