Connect with us

National

ബെംഗളൂരുവില്‍ നിന്ന് കെഎസ്ആര്‍ടിസി രാത്രിയോടെ സര്‍വീസ് ആരംഭിക്കും

Published

|

Last Updated

ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ബെംഗളൂരുവില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ രാത്രി ഒമ്പത് മണിയോടെ പുറപ്പെടും. ബസുകള്‍ക്ക് മാണ്ഡ്യവരെ കര്‍ണാടക പോലീസിന്റെ സംരക്ഷണമുണ്ടായിരിക്കും. മാണ്ഡ്യയില്‍ നിന്ന് കേരള പോലീസിന്റെ സുരക്ഷയുമുണ്ടാവും. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കര്‍ണാടക ഡിജിപിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

അതേസമയം, ബംഗളൂരുവില്‍ നിന്ന് ട്രെയിനില്‍ ഷൊര്‍ണൂരില്‍ എത്തിച്ചേരുന്ന യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. റെയില്‍വേ സ്‌റ്റേഷനില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ നടപടി സ്വീകരിക്കും. സ്‌റ്റേഷനിലേക്ക് യാത്രക്കാരെ സുരക്ഷിതമായി എത്തിക്കാനുളള സംവിധാനവും ഒരുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം രൂക്ഷമായ സംഘര്‍ഷം നടന്ന കര്‍ണാടക ഇന്ന് ശാന്തമായിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമാക്കാനാണ് കന്നഡ സംഘടനകളുടെ തീരുമാനം. അനുകൂല വിധി വരുന്നത് വരെ സമരം തുടരുമെന്ന് കാവേരി സംരക്ഷണ സമിതി അറിയിച്ചു. ബുധനാഴ്ച്ച റോഡുകള്‍ ഉപരോധിക്കും. വെള്ളിയാഴ്ച്ച തമിഴ്‌നാട് അതിര്‍ത്തി കടന്നുവരുന്ന ട്രെയിനുകള്‍ അടക്കമുള്ള മുഴുവന്‍ വാഹനങ്ങളും തടയുമെന്നും സമരസമിതി അറിയിച്ചു.

Latest