Connect with us

National

കര്‍ണാടക സുരക്ഷാ വലയത്തില്‍; കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

Published

|

Last Updated

ബെംഗളൂരു: കാവേരി നദീജല പ്രശ്‌നവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ ഉണ്ടായ സംഘര്‍ഷാവസ്ഥയില്‍ അയവ്. സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാന്‍ വഴിതെളിയുന്നു. കേരളത്തിന്റേയും കര്‍ണാടകയുടേയും അഭ്യര്‍ഥന മാനിച്ച് ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് റെയില്‍വേ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാവിലെ 11.15ന് ബെംഗളൂരു സിറ്റി സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുക. ട്രെയിനിന് കന്റോണ്‍മെന്റ്, കെആര്‍ പുരം, കര്‍മലാരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. എല്ലാ കോച്ചുകളും ജനറല്‍ ആയിരിക്കും.

മലബാറിലേക്കുള്ള യാത്രക്കാര്‍ക്കും ഈ തീവണ്ടി ഉപയോഗപ്പെടുത്താം. ഷൊര്‍ണൂര്‍ വഴി കടന്നു പോകുന്ന ഈ ട്രെയിന്‍ അവിടെ എത്തിയ ശേഷം വടക്കന്‍ കേരളത്തിലുള്ള യാത്രക്കാര്‍ക്കായി ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് മറ്റൊരു സ്‌പെഷ്യല്‍ ട്രെയിനും സര്‍വീസ് നടത്തുന്നതായിരിക്കും. ചൊവ്വാഴ്ച വൈകീട്ടും കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.

സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ബെംഗളൂരുവില്‍ കുടുങ്ങിക്കിടക്കുന്ന കെഎസ്ആര്‍ടിസി ബസുകളും തിങ്കളാഴ്ച അര്‍ധരാത്രിയോടെ നാട്ടിലേക്ക് പുറപ്പെട്ടു. കേരളസര്‍ക്കാറിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ചൊവ്വാഴ്ച കേരളത്തിലേക്ക് പുറപ്പെടുന്ന മൂന്ന് തീവണ്ടികളില്‍ അധികബോഗികള്‍ അനുവദിച്ചിട്ടുണ്ട്.

അതേസമയം തിങ്കളാഴ്ച്ച സംഘര്‍ഷാവസ്ഥ രൂക്ഷമായിരുന്ന കര്‍ണാടകയില്‍ സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ട്. അക്രമം രൂക്ഷമായതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ ഏഴ് സ്‌റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജഗോപാല്‍നഗര്‍, കെങ്കേരി, മഗഡിറോഡ്, കാമാക്ഷിപാളയ, വിജയനഗര്‍, രാജാജിനഗര്‍, ബൈട്ടരായനപുര എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.

Latest