Connect with us

Editorial

മഴയില്ലാത്ത ദിനങ്ങള്‍

Published

|

Last Updated

സംസ്ഥാനം ജലസമൃദ്ധവും സമശീതോഷ്ണവുമാണെന്ന അഹങ്കാരവും അസ്തമിക്കുകയാണോ? കടുത്ത വരള്‍ച്ചയാണോ നമ്മെ കാത്തിരിക്കുന്നത്? ഇങ്ങനെയൊക്കെ ചോദിക്കാന്‍ പ്രേരിപ്പിക്കുന്ന മഴക്കണക്കുകളിലൂടെയാണ് സംസ്ഥാനം കടന്ന് പോകുന്നത്. സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷ ലഭ്യതയില്‍ 29 ശതമാനത്തിന്റെ കുറവ് അനുഭവപ്പെട്ടുവെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 179.54 സെന്റീ മീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ 126.82 സെന്റീ മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഏറ്റവും വലിയ മഴക്കുറവ് അനുഭവപ്പെട്ടത് വയനാട് ജില്ലയിലാണ്. 58.6 ശതമാനം മഴയുടെ കുറവാണ് ഇവിടെയുള്ളത്. 16.3 ശതമാനം മഴയുടെ കുറവു മാത്രമാണ് എറണാകുളത്തുള്ളത്. തൃശൂര്‍ 39.8, മലപ്പുറം 36.3, കോഴിക്കോട് 31.1, പാലക്കാട് 31.4, പത്തനംതിട്ട 30.1, ആലപ്പുഴ 28.4, ഇടുക്കി 26.6, കണ്ണൂര്‍ 24.3, കാസര്‍കോട് 22.8, കോട്ടയം 22.6, തിരുവനന്തപുരം 21.8, കൊല്ലം 19 ശതമാനം എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ കുറവുള്ള മഴയുടെ കണക്ക്. വടക്കുപടിഞ്ഞാറ് നിന്ന് ശക്തമായി കാറ്റുവീശുന്നതാണ് മഴകുറയാന്‍ കാരണമായി കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തുന്നത്. തുലാവര്‍ഷം കൂടി ശക്തമായി ലഭിച്ചില്ലെങ്കില്‍ സ്ഥിതിഗതികള്‍ വഷളാകും.
ഈ മുന്നറിയിപ്പ് തികച്ചും ആശങ്കാജനകമാണ്. ജലസംരക്ഷണത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും ദിശയില്‍ ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആത്യന്തിക നാശമായിരിക്കും ഫലമെന്ന സന്ദേശമാണ് ഈ കണക്കുകള്‍ മുന്നോട്ട് വെക്കുന്നത്. ആപേക്ഷിക വരള്‍ച്ച മാത്രമാണ് നമ്മെ കാത്തിരിക്കുന്നതെന്ന് വേണമെങ്കില്‍ ആശ്വസിക്കാം. കാരണം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ സംഭവിക്കാറുള്ള ആത്യന്തിക വരള്‍ച്ചയില്‍ കേരളം എത്തിപ്പെടില്ലെന്ന് തന്നെയാണ് വിദഗ്ധരുടെ പക്ഷം. എന്നാല്‍ 2015ന്റെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നതെന്ന നിരീക്ഷണം നിസ്സാരമായി തള്ളാനാകില്ല. കഴിഞ്ഞ വര്‍ഷവും മഴ ലഭ്യത നന്നേ കുറവായിരുന്നു. അതിന്റെ ദുരിതം കഴിഞ്ഞ വേനലില്‍ അനുഭവിച്ചതുമാണ്.
രണ്ടായിരത്തിന് ശേഷം മൂന്ന് വര്‍ഷങ്ങളിലാണ് സംസ്ഥാനത്ത് വരള്‍ച്ചാ വര്‍ഷം പ്രഖ്യാപിച്ചത്. 2002ലായിരുന്നു കടുത്ത വരള്‍ച്ച. അന്ന് 30 ശതമാനത്തിലധികമായിരുന്നു മഴക്കുറവ്. തുടര്‍ന്ന് 2004ഉം 2012ഉം വരള്‍ച്ചാ വര്‍ഷങ്ങളായി. നദികളാലും കായലുകളാലും സ്വാഭാവിക ജല സ്രോതസ്സുകളാലും സമ്പന്നമായ കേരളീയ സാഹചര്യം ജല ഉപഭോഗത്തിന്റെ കാര്യത്തില്‍ ഗുരുതരമായ ഉദാസീനത സൃഷ്ടിക്കുന്നു. പരിസ്ഥിതി സംരക്ഷണവും വികസനവും ഏറ്റുമുട്ടുകയാണിവിടെ. ഒരു വശത്ത് വികസനത്തിനായുള്ള മുറവിളി. മറുവശത്ത് കണ്ണുമടച്ചുള്ള പരിസ്ഥിതി വാദം. ഈ രണ്ട് ധാരയെയും സമന്വയിപ്പിക്കുന്ന പരിസ്ഥിതി സൗഹൃദ വികസന മാതൃക രൂപപ്പെടുത്തിയെടുക്കുകയെന്നത് മാത്രമാണ് പോംവഴി. ജലസ്രോതസ്സുകളെയും സംഭരണികളെയും മലിനമാക്കുന്നത് നിര്‍ബാധം തുടരുകയാണ്. വ്യക്തിപരമായി വലിയ വൃത്തിക്കാരാണ് മലയാളികള്‍. എന്നാല്‍ പരിസര ശുചിത്വത്തിന്റെ കാര്യം വരുമ്പോള്‍ അത് കാണുന്നില്ല. വൃത്തികെട്ട വലിച്ചെറിയല്‍ സംസ്‌കാരം ഉപേക്ഷിക്കാത്തിടത്തോളം കാലം ഇവിടെ ജീവജലം സംരക്ഷിക്കപ്പെടില്ല. ഉത്തരവാദിത്വ പൂര്‍ണമായ ജല ഉപയോഗ സംസ്‌കാരം നാം ആര്‍ജിക്കേണ്ടതുണ്ട്. ജല ഉപയോഗത്തിലും പരിപാലനത്തിലും സംഭരണത്തിലുമെല്ലാം പരിപൂര്‍ണ അച്ചടക്കം പാലിച്ചില്ലെങ്കില്‍ ഭീകരമായ ഭാവിയാകും ഈ ഹരിത ദേശത്തെ കാത്തിരിക്കുന്നതെന്ന് ശാസ്ത്രീയ നിഗമനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മഴ കുറയുന്നതിന് ആനുപാതികമായി ഭൂഗര്‍ഭ ജലവും കുറയുന്നുണ്ട്. അടിമണ്ണിലൂടെ വരേണ്ട ഉറവ നിലച്ചു പോകുന്നു. ഇത് വരള്‍ച്ചയുടെ കാഠിന്യം കൂട്ടും.
വര്‍ഷപാതവും കാലാവസ്ഥയുമെല്ലാം മനുഷ്യ നിയന്ത്രണത്തിന് പുറത്താണ്. അവ പ്രവചനാതീതവുമാണ്. ദൈവത്തിന്റെ നടത്തിപ്പിലാണ് അവയെല്ലാം. മനുഷ്യന്‍ വിനീത വിധേയന്‍ മാത്രം. ഈ വിധേയത്വം അംഗീകരിച്ചു കൊണ്ട് പ്രകൃതി വിഭവങ്ങള്‍ ഉപയോഗിച്ചാല്‍ മാത്രമേ മഹാദുരന്തങ്ങള്‍ വഴിമാറിപ്പോകുകയുള്ളൂ. ശാസ്ത്രീയമായ മഴവെള്ളക്കൊയ്ത്തിനായുള്ള പദ്ധതികള്‍ പലതും പാഴാകുകയാണ് ചെയ്യുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളും ഇ- മാലിന്യങ്ങളും കുമിഞ്ഞു കൂടുകയാണ്. സര്‍ക്കാര്‍ പദ്ധതികള്‍ വെറും കൊണ്ടാടലുകള്‍ മാത്രമായി മാറുന്നു. സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനാകാത്ത വിധം വ്യക്തിയധിഷ്ഠിതമാകുകയാണ് മലയാളികള്‍. പരിസ്ഥിതി നാശത്തില്‍ മുന്‍പന്തിയില്‍ സമ്പന്ന ജനവിഭാഗമാണെങ്കില്‍ അതിന്റെ കെടുതി കൂടുതല്‍ അനുഭവിക്കുന്നത് ദരിദ്രരും ഇടത്തരക്കാരുമാണ്. എന്നാല്‍ ആത്യന്തിക ദുരന്തമായ മരുവത്കരണത്തിന്റെ കെടുതി എല്ലാവരും ഒരുമിച്ച് അനുഭവിക്കണം. അത്‌കൊണ്ട് സാമൂഹികമായ പുതിയ അവബോധങ്ങളിലേക്ക് ഉണരാന്‍ നമുക്ക് സാധിക്കണം.

---- facebook comment plugin here -----

Latest