Connect with us

National

ജെഎന്‍യുവില്‍ ഇടത് സഖ്യത്തിന്റെ മുന്നേറ്റം

Published

|

Last Updated

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ എ ബി വി പിയെ നിലംപരിശാക്കി ഇടത് സഖ്യം തകര്‍പ്പന്‍ ജയം നേടി. സമകാലിക സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യം ഉറ്റുനോക്കിയ ജെ എന്‍ യു തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ- ഐസ സഖ്യമായ യുനൈറ്റഡ് ലെഫ്റ്റാണ് വിജയം കൊയ്തത്. മൊഹിത് പാണ്ഡെ (ഐസ) ആണ് പുതിയ പ്രസിഡന്റ്. ജനറല്‍ സെക്രട്ടറിയായി എസ് എഫ് ഐ ഡല്‍ഹി സംസ്ഥാന വൈസ് പ്രസിഡന്റായ ശതരൂപ ചക്രവര്‍ത്തിയെ തിരഞ്ഞെടുത്തു. എറണാകുളം സ്വദേശിയും റഷ്യന്‍ ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യന്‍ സ്റ്റഡീസില്‍ ഗവേഷണ വിദ്യാര്‍ഥിയുമായ പി പി അമല്‍ വൈസ് പ്രസിഡന്റായും ഭാഷാപഠന വിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ഥിയായ തപരേജ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
ജെ എന്‍ യുവിലെ പ്രധാന വകുപ്പുകളിലെ പതിനഞ്ച് കൗണ്‍സിലര്‍ സീറ്റുകളില്‍ പതിനാലെണ്ണം റെക്കാര്‍ഡ് ഭൂരിപക്ഷത്തോടെയാണ് സഖ്യം വിജയിച്ചത്.സ്‌കൂള്‍ ഓഫ് സയന്‍സ്, സ്‌കൂള്‍ ഓഫ് ലാംഗ്വേജ് സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ഈസ്‌തെറ്റിക്‌സ് എന്നിവിടങ്ങളിലെല്ലാം ആധിപത്യം ഐസ- എസ് എഫ് ഐ സഖ്യത്തിനാണ്. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ സ്റ്റഡീസില്‍ അഞ്ചില്‍ നാലും സഖ്യം നേടി.
അതേസമയം, ഡല്‍ഹി സര്‍വകലാശാല യൂനിയന്‍ തിരഞ്ഞെടുപ്പില്‍ എ ബി വി പി നിലനിര്‍ത്തി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് എ ബി വി പിയുടെ സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ ജോയിന്റ് സെക്രട്ടറി സ്ഥാനം കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍ എസ് യു ഐ നേടി.

Latest