തീര്‍ത്ഥാടക ലക്ഷങ്ങള്‍ ഇന്ന് അറഫയില്‍

Posted on: September 11, 2016 4:00 am | Last updated: September 15, 2016 at 8:11 pm
SHARE

to-mina

മിനാ: ‘യൗമുത്തര്‍വിയ’ യുടെ വിശുദ്ധിയില്‍ തീര്‍ത്ഥാടകര്‍ ശനിയാഴ്ച മിനാ താഴ്വരയില്‍ കഴിച്ചുകൂട്ടിയതോടെ ഹിജ്‌റ 1437 ലെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. പ്രപഞ്ച നാഥന്റെ വിളിക്കുത്തരമേകി ആത്മ വിശുദ്ധിയുടെ പാഥേയവുമായി അഷ്ടദിക്കുകളില്‍ നിന്നെത്തിച്ചേര്‍ന്ന ലക്ഷക്കണക്കായ ഹാജിമാര്‍ മിനായിലെ തമ്പുകളെ ഇന്നലെ പ്രാര്‍ത്ഥനാപൂരിതമാക്കി.

ഹജ്ജിലെ സുപ്രധാന ചടങ്ങില്‍ കണ്ണികളാകാന്‍ ഇന്ന് പുലര്‍ച്ചയോടെ അറഫാ സമതലത്തിലേക്ക് പ്രയാണമാരംഭിക്കും. ഉച്ചക്കു മുമ്പായി മുഴുവന്‍ ഹാജിമാരും അറഫയുടെ അതിര്‍ത്തിക്കുള്ളിലെത്തും. തീര്‍ത്ഥാടകരെ അറഫയിലെത്തിക്കുന്നതിന് മിനായിലെ മൂന്ന് മെട്രോ സ്റ്റേഷനുകളും പൂര്‍ണ്ണ സജ്ജമായിക്കഴിഞ്ഞു. കൂടാതെ മുത്വവ്വിഫിനു കീഴിലെ ബസുകളിലും ഹാജിമാര്‍ അറഫയിലെത്തും.

crgp2w1xyaa9usi

ശനിയാഴ്ച ഉച്ചയോടെ ആഭ്യന്തര തീര്‍ത്ഥാടകര്‍ കൂടി മിനായിലെത്തിയതോടെ താഴ്വര മുഴുക്കെ വെള്ളപുതച്ച തീര്‍ത്ഥാടകരുടെ മഹാപ്രവാഹം ദൃശ്യമായി. മസ്ജിദ് ഖൈഫും പരിസരവും തീര്‍ത്ഥാടക ബാഹുല്യത്താല്‍ വീര്‍പ്പുമുട്ടി. ഇബ്‌റാഹീം പ്രവാചകന്റേയും മകന്‍ ഇസ്മാഈല്‍ നബിയുടേയും ത്യാഗ്യോജ്വല ചരിത്രം അനുസ്മരിച്ച് പുലരുവോളം പ്രാര്‍ത്ഥനാ പൂര്‍വ്വം തമ്പുകളില്‍ കഴിച്ചു കൂട്ടി, വിശ്വാസികള്‍.

ഇക്കൊല്ലം കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതിനാല്‍ ഹജ്ജ് അനുമതി പത്രം (തസ് രീഹ് ) ഇല്ലാതെ ആരെയും മിനായിലേക്ക് കടത്തി വിട്ടിരുന്നില്ല. അതിനാല്‍ തന്നെ ജംറാസമുച്ചയത്തിനു സമീപത്തെ പാതയോരങ്ങളെല്ലാം കൈയടക്കി വെച്ചിരുന്ന മുന്‍കാല കാഴ്ചകള്‍ കാണാനായില്ല. അതു തീര്‍ത്ഥാടകര്‍ക്ക് ഏറെ അനുഗ്രഹമാകുകയും ചെയ്തു.

അനുമതിപത്രമില്ലാതെ മക്കയിലേക്കു കടക്കാന്‍ ശ്രമിച്ച 2,40, 000 പേരെ വിവിധ ചെക് പോയന്റുകളില്‍ നിന്ന് മടക്കി അയച്ചു. ഒരു ലക്ഷത്തിലധികം വാഹനങ്ങളും അനുമതി ഇല്ലാത്തതിന്റെ പേരില്‍ തിരിച്ചയച്ചു. തീവ്രവാദി ഭീഷണി ഉള്ളതിനാലാണ് ഇക്കൊല്ലം സുരക്ഷ കര്‍ശനമാക്കേണ്ടി വന്നത്.

ഇന്നത്തെ പകല്‍ മുഴുവന്‍ അറഫയില്‍ കഴിച്ചുകൂട്ടുന്ന ഹാജിമാര്‍ സൂര്യാസ്തമയത്തോടെ തിരിച്ച് മുസ്ദലിഫയിലേക്കു മടങ്ങും. അവിടെ തുറന്ന ആകാശത്തിനു ചോട്ടിലായിരിക്കും രാത്രി കഴിച്ചു കൂട്ടുക.

 

LEAVE A REPLY

Please enter your comment!
Please enter your name here