അനുകരണ ഭ്രമം സാധാരണക്കാരന്റെ സാമ്പത്തിക നില തകര്‍ക്കുന്നു: സ്പീക്കര്‍

Posted on: September 10, 2016 3:03 pm | Last updated: September 10, 2016 at 3:03 pm

പേരാമ്പ്ര: അനുകരണ ഭ്രമം സാധാരണക്കാരന്റെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കുന്നതായി നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന സഞ്ചരിക്കുന്ന മരുന്ന് വണ്ടിയുടെയും പഞ്ചായത്തിന്റെ ബക്രീദ് ഓണം വിപണനമേളയുടെയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗൃഹപ്രവേശത്തിനും, കല്യാണത്തിനും, മറ്റ് ചടങ്ങുകള്‍ക്കും ലക്ഷങ്ങള്‍ പൊടിപൊടിക്കുന്ന സമ്പന്നരുടെ ധൂര്‍ത്ത് അനുകരിച്ച് സാധാരണക്കാരന്‍ കടത്തിലേക്ക് കൂപ്പുകുത്തുന്നുവെന്നത് പച്ചയായയാഥാര്‍ത്ഥ്യമാണെന്നും, ധൂര്‍ത്തിന്റെ ചെറിയൊരു ഭാഗമെങ്കിലും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഇത്തരക്കാരില്‍ സന്മനസുണ്ടാക്കാന്‍ പ്രാദേശിക തലത്തില്‍ സ്‌ക്വാഡുകളുണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.കെ.ബാലന്‍, സുജാത മനക്കല്‍, കെ.സുനില്‍ സംബന്ധിച്ചു.