Connect with us

Kerala

സ്ത്രീസുരക്ഷക്ക് പൊതുഗതാഗത വാഹനങ്ങളില്‍ എമര്‍ജന്‍സി ബട്ടന്‍

Published

|

Last Updated

കണ്ണൂര്‍: സ്വകാര്യബസുകള്‍ക്ക് പിറകെ സംസ്ഥാനത്തെ മുഴുവന്‍ പൊതുഗതാഗത വാഹനങ്ങളിലും ജി പി എസ് അധിഷ്ടിത നിരീക്ഷണ സംവിധാനം തയ്യാറാക്കാനുള്ള നടപടി ഒരുങ്ങുന്നു. റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് സ്ത്രീസുരക്ഷ കൂടി മുന്നില്‍ക്കണ്ട് ഗതാഗത വകുപ്പ് നടപടിക്കൊരുങ്ങുന്നത്. എല്ലാ വാഹനങ്ങളിലും സ്ത്രീസുരക്ഷക്കായി എമര്‍ജന്‍സി ബട്ടനുകള്‍ ഘടിപ്പിക്കാനും ഇതിന്റെ ഭാഗമായി സംവിധാനം ആവിഷ്‌കരിക്കും. സാറ്റലൈറ്റ് നാവിഗേഷനിലൂടെ പൊതു വാഹനത്തില്‍ ഘടിപ്പിച്ച ജി പി എസ് യന്ത്രം വഴി വാഹനങ്ങളുടെ സ്ഥാനവും വേഗവും നിരീക്ഷിക്കുകയെന്നതാണ് ഇതു കൊണ്ടുള്ള പ്രധാന ലക്ഷ്യം. വാഹനത്തിന്റെ നിലവിലെ സ്ഥാനം വേഗത നിയന്ത്രണ ലംഘനം, നിര്‍ദിഷ്ട പാതയില്‍ നിന്നുള്ള വ്യതിചലനം എന്നിവ കണ്‍ട്രോള്‍ റൂമില്‍ നിന്ന് നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണ് പുതിയ സംവിധാനം. ട്രാഫിക് പോലീസിനോ, ക്യാമറകള്‍ക്കോ ഒരു പരിധിവരെ ഗതാഗത നിയന്ത്രണം സാധ്യമാകുന്നുണ്ടെങ്കിലും എല്ലായ്‌പ്പോഴും അവയെല്ലാം ലംഘിക്കപ്പെടുന്നുണ്ട്. അപകടങ്ങള്‍ പെരുകാനും ഇത്കാരണമാകുന്നു.
പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിദൂരത്തിരുന്ന് പോലും ഗതാഗത നിയന്ത്രണം പൂര്‍ണ രീതിയില്‍ സാധ്യമാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിന്റെ ആദ്യഘട്ടമെന്നോണം എല്ലാ സ്വകാര്യ ബസുകളിലും ജി പി എസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. റൂട്ട് മാറലും സമയം തെറ്റി ഓടുന്നതുമടക്കം പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് ഇത്തരം സംവിധാനമൊരുക്കുന്നത്. സ്‌റ്റോപ്പില്‍ നിര്‍ത്താതെ പോയാല്‍ പോലും പിടികൂടാവുന്നത്ര സൂക്ഷ്മമായ നിരീക്ഷണ സംവിധാനമാണ് ഇതിലൂടെ സാധ്യമാകുക. ടാക്‌സി വാഹനങ്ങളെ ഓട്ടം വിളിക്കുന്നത് മുതല്‍ കൂലി നല്‍കല്‍ വരെ സുതാര്യമാക്കാന്‍ ജി പി എസ്സിലൂടെ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
രണ്ടാം ഘട്ടമായി ഓട്ടോറിക്ഷയില്‍ നടപ്പാക്കും. ഇതിന് നേരത്തെ കൊച്ചി നഗരത്തില്‍ നടപ്പാക്കാന്‍ ആവിഷ്‌കരിച്ച പദ്ധതിയുടെ മാതൃക സ്വീകരിക്കാനാണ് ധാരണ. ഡ്രൈവറുടെ സീറ്റിന് മുന്‍വശത്ത് ഡാഷ് ബോര്‍ഡിനോട് ചേര്‍ന്നാണ് ഓട്ടോയില്‍ ജി പി എസ് ഉപകരണം സ്ഥാപിക്കുക. പുത്തന്‍ മൊബൈല്‍ ഫോണുകളിലുള്ളതു പോലെ നാവിഗേഷന്‍ സംവിധാനത്തോടെയുള്ള ഡിസ്‌പ്ലേ ഇതിനുണ്ടാകും. നഗത്തിലെ റോഡുകളുടെ വിശദമായ ഭൂപടവും ഉണ്ടായിരിക്കും. വേഗ നിയന്ത്രണമുള്ള റോഡുകളുടെ വിവരവും ഇതിലുണ്ടാകും. യാത്രക്ക് ശേഷം കൂലി എത്ര നല്‍കണമെന്ന വിവരം ഡിസ്‌പ്ലേയില്‍ തെളിഞ്ഞുവരാനും ഓട്ടോയില്‍ സംവിധാനമുണ്ടാക്കും. ഇതോടെ, കൂലിയെ ചൊല്ലിയുള്ള തര്‍ക്കം പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest