പ്രതിമാ വണക്കത്തിന്റെ രാഷ്ട്രീയം പച്ചപിടിക്കുന്നു

സ്വയം ദൈവമാകുന്നതിനെ വിസമ്മതിക്കുകയും ദൈവത്തെ മനസ്സിലാക്കേണ്ടത് ഏതെങ്കിലും തരത്തിലുള്ള ബിംബങ്ങളെ ഉപാസിച്ചു കൊണ്ടായിരിക്കരുതെന്നും അനുയായികളെ ഉപദേശിക്കുകയും ചെയ്തവരായിരുന്നു ബുദ്ധനും ക്രിസ്തുവും നാരായണ ഗുരുവും. അവരുടെ അനുയായികള്‍ അത് കേട്ടില്ല. അവര്‍ ഈ ലോകത്തില്‍ നിന്നും പിന്‍വാങ്ങേണ്ട താമസം അനുയായികള്‍ അവരെ ദൈവങ്ങളാക്കി. മതത്തില്‍ നിന്ന് ഈ പ്രവണത രാഷ്ട്രീയത്തിലേക്കും വ്യാപിച്ചു എന്നതാണ് ഏറെ അപകടം. കേരളത്തില്‍ പൊതുവിലും വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ചും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബിംബ പൂജയുടേതായ ഒരു രാഷ്ട്രീയം വളര്‍ന്നു വരുന്ന കാര്യം തിരിച്ചറിയേണ്ടതുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ശ്രീകൃഷ്ണജയന്തിയും അനുബന്ധ പരിപാടികളും പല പ്രദേശങ്ങളിലും ചേരിതിരിഞ്ഞാചരിക്കുകയും കൃഷ്ണവേഷം കെട്ടിയ ചെറിയ കുട്ടികളെ നിരത്തിലിറക്കി ശോഭ യാത്രകളും ശോഭരഹിത യാത്രകളും നടത്തി വരുന്നതിന്റെ പിന്നിലും ഈ ബിംബവത്കരണത്തിന്റെ രാഷ്ട്രീയം മറഞ്ഞിരിപ്പുണ്ട്.
Posted on: September 10, 2016 6:00 am | Last updated: September 9, 2016 at 11:46 pm
SHARE

guruശ്രീനാരായണ ഗുരുവിനെ ദൈവമായി അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി വിധി വന്നിരിക്കുന്നു. ഇപ്പോള്‍ തന്നെ ദൈവങ്ങളെക്കൊണ്ടു പൊറുതിമുട്ടിയ നമ്മുടെ നാട്ടില്‍ പുതുതായി മറ്റൊരു ദൈവം കൂടി വേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ കണ്ടെത്തല്‍ തികച്ചും ന്യായം തന്നെ. സ്വയം ദൈവമാകുന്നതിനെ വിസമ്മതിക്കുകയും ദൈവത്തെ മനസ്സിലാക്കേണ്ടത് ഏതെങ്കിലും തരത്തിലുള്ള ബിംബങ്ങളെ ഉപാസിച്ചു കൊണ്ടായിരിക്കരുതെന്ന് അനുയായികളെ ഉപദേശിക്കുകയും ചെയ്തവരായിരുന്നു ബുദ്ധനും ക്രിസ്തുവും നാരായണ ഗുരുവും. അവരുടെ അനുയായികള്‍ അത് കേട്ടില്ല. അവര്‍ ഈ ലോകത്തില്‍ നിന്നും പിന്‍വാങ്ങേണ്ട താമസം അനുയായികള്‍ അവരെ ദൈവങ്ങളാക്കി. അവര്‍ക്കായി അമ്പലങ്ങളും പള്ളികളും പണിതു. അവരെ ബിംബങ്ങളാക്കി. അതിനു മുന്നില്‍ നേര്‍ച്ചകാഴ്ചകളര്‍പ്പിക്കുകയും ഉദ്ദിഷ്ട കാര്യസിദ്ധിക്കായുള്ള ഉപാസന തുടങ്ങുകയും ചെയ്തു. ബിംബങ്ങള്‍ നമ്മുടെ ഗ്രഹണശേഷിക്കു ആനുപാതികമായി നമ്മള്‍ നിര്‍മിച്ച ഒരു നിര്‍ജീവ പ്രതിമയാണ്. യേശുവും ക്രിസ്തുവും വിഷ്ണുവും മാര്‍ക്‌സും ഫ്രോയിഡും ശങ്കരനും ശ്രീനാരായണനും എന്തിനു അംബേദ്ക്കറും ഗോഡ്‌സെയും പോലും ഇവിടെ ബിംബങ്ങളായി മാറിക്കഴിഞ്ഞു. മതത്തിലെ ബിംബാരാധനയെ തത്കാലം നമുക്കു വെറുതെ വിടാം. മതത്തില്‍ നിന്ന് ഈ പ്രവണത രാഷ്ട്രീയത്തിലേക്കും വ്യാപിച്ചു എന്നതാണ് ഏറെ അപകടം.
ആരാധിക്കാന്‍ തങ്ങള്‍ക്കൊരു കാളക്കുട്ടിയെ ഉണ്ടാക്കിത്തരണമെന്നു പുരാതന ഇസ്‌റാഈലുകാര്‍ അവരുടെ പുരോഹിതനായ അഹറോനോട് ആവശ്യപ്പെടുകയും അദ്ദേഹം സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ ശേഖരിച്ച് ഒരു കാളയുടെ ബിംബം ഉണ്ടാക്കി ജനങ്ങള്‍ക്ക് ആരാധിക്കാന്‍ നല്‍കുകയും ചെയ്ത ഒരു സംഭവം ബൈബിളിലുണ്ട്. ആരാധിക്കാന്‍ അമൂര്‍ത്തമായ ഒരു ദൈവസങ്കല്പം മാത്രം പോരാ, മൂര്‍ത്തമായ ഒരു രൂപം തന്നെ വേണമെന്നു പില്‍ക്കാലത്ത് ക്രിസ്ത്യാനികള്‍ക്കും തോന്നി. അവര്‍ ദൈവത്തിന്റെയും ദൈവ മാതാവിന്റെയും മാലാഖമാരുടെയും എന്തിനു പിശാചുക്കളുടെ പോലും ബിംബങ്ങളുണ്ടാക്കി പള്ളികളില്‍ പ്രതിഷ്ഠിച്ചു. ഈ മതപാരമ്പര്യത്തെ രാഷ്ട്രീയത്തിലേക്കു സംക്രമിപ്പിച്ചത് ഇറ്റലിയില്‍ മുസ്സോളിനിയും ജര്‍മനിയില്‍ ഹിറ്റ്‌ലറും ആയിരുന്നു. ഹിറ്റ്‌ലറുടെ നാസി കക്ഷിയിലും മുസ്സോളിനിയുടെ ഫാസിസ്റ്റ് പാര്‍ട്ടിയിലും എന്തിന് സ്റ്റാലിന്റെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പോലും കാലക്രമേണ പ്രതിമാ വണക്കത്തിന്റെ രാഷട്രീയം പച്ചപിടിച്ചു.
മരിച്ചുപോയ നേതാക്കള്‍ മാത്രമല്ല ജീവിച്ചിരിക്കുന്ന നേതാക്കളും പൂജാവിഗ്രഹങ്ങളായി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുകയാണ്. കേരളത്തില്‍ പൊതുവിലും വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ചും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബിംബ പൂജയുടേതായ ഒരു രാഷ്ട്രീയം വളര്‍ന്നു വരുന്ന കാര്യം തിരിച്ചറിയേണ്ടതുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ശ്രീകൃഷ്ണജയന്തിയും അനുബന്ധ പരിപാടികളും പല പ്രദേശങ്ങളിലും ചേരിതിരിഞ്ഞാചരിക്കുകയും കൃഷ്ണവേഷം കെട്ടിയ ചെറിയ കുട്ടികളെ നിരത്തിലിറക്കി ശോഭ യാത്രകളും ശോഭരഹിത യാത്രകളും നടത്തി വരുന്നതിന്റെ പിന്നിലും ഈ ബിംബവത്കരണത്തിന്റെ രാഷ്ട്രീയം മറഞ്ഞിരിപ്പുണ്ട്. എന്തെങ്കിലും ബാലിശമായ ഒരു കാരണം പറഞ്ഞ് ഭൂരിപക്ഷ വികാരം ഇളക്കിവിട്ട് തങ്ങള്‍ മാത്രമാണ് യഥാര്‍ഥ കൃഷ്ണ ഭക്തന്മാരെന്നും ശ്രീനാരായണ ഭക്തന്മാരെന്നും സ്ഥാപിച്ചു കിട്ടുന്നതിന് അരങ്ങൊരുക്കുന്നതിലാണ് കാവി രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കു താത്പര്യം. ഈ കൂട്ടര്‍ക്കിപ്പോള്‍ മറ്റൊരു വിഷയവും കിട്ടി. അതാണ് ശബരിമല വിഷയം. ദേവഹിതത്തിന്റെ പൂട്ടു തുറക്കാനുള്ള താക്കോല്‍ തങ്ങളുടെ വശം മാത്രമാണുള്ളത്. തങ്ങളുടെ പാരമ്പര്യ സ്വത്ത് കൈവശപ്പെടുത്താന്‍ കമ്യൂണിസ്റ്റുകാര്‍ വെറുതെ മഞ്ഞുകൊള്ളേണ്ട എന്നാക്രോശിച്ചു കൊണ്ടല്ലേ തന്ത്രി കുടുംബത്തിലെ അനന്തരവകാശി രാഹുല്‍ ഈശ്വറും മറ്റും ചാനലുകളില്‍ വന്നിരുന്നലറി വിളിക്കുന്നത്. രാജ്യം ഭരിക്കുന്നത് ദേവനോ മന്ത്രിയോ തന്ത്രിയോ? ആര്‍ക്കറിയാം. ഇപ്പോള്‍ ഇതാ മറ്റൊരു വിഷയം കൂടി. ക്ഷേത്രപരിസരത്ത് ആയുധ പരിശീലനം നിഷേധിച്ചുകൊണ്ടുള്ള ദേവസ്വം വകുപ്പ് മന്ത്രിയുടെ ഉത്തരവ്. ക്ഷേത്രങ്ങള്‍ ആര്‍ എസ് എസ്- സംഘപരിവാര്‍ ശക്തികളുടെ പ്രതീകമായി മാറ്റുകയെന്നതാണ് ഈ ഉത്തരവിനെതിരെ ഒച്ചപ്പാടുണ്ടാക്കുന്നവരുടെ ലക്ഷ്യം. ചുവപ്പു രാഷ്ട്രീയവും ഒട്ടും പിന്നിലല്ല. ശ്രീനാരായണ ഗുരുവിനെ മാത്രമല്ല, ചട്ടമ്പി സ്വാമികള്‍, അയ്യങ്കാളി, പൊയ്കയില്‍ അപ്പച്ചന്‍, വാഗ്ഭടാനന്ദന്‍ തുടങ്ങിയ നവോത്ഥാന നായകന്മാരുടെ പൈതൃകത്തിന്റെ പിന്തുടര്‍ച്ചാവകാശികള്‍ തങ്ങള്‍ മാത്രമാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രതയാണവരും പ്രദര്‍ശിപ്പിക്കുന്നത്.
ഹിന്ദു ഐക്യവേദിയുടെ പേരില്‍ തളിപ്പറമ്പില്‍ ആര്‍ എസ് എസ് നടത്തിയ പ്രകടനത്തില്‍ സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ പേരെടുത്തു പറഞ്ഞ് പരസ്യമായ കൊലവിളി നടത്തിയാണ് ബി ജെ പി, ആര്‍ എസ് എസ് നേതാക്കള്‍ രോഷം അടക്കിയത്. ‘നമുക്ക് ജാതിയില്ല’ ക്യാമ്പയിനിന്റെ ഭാഗമായി ഇടതുപക്ഷം നടത്തിയ ഘോഷയാത്രയില്‍ തൃഛംബരം ഉത്സവത്തിലെ തിടമ്പ് നൃത്തം ആരോ അവതരിപ്പിച്ചെന്നാക്ഷേപിച്ചു കൊണ്ടായിരുന്നു പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിക്കെതിരായ ഉറഞ്ഞു തുള്ളല്‍. ആനയും അമ്പാരിയും വെടിക്കെട്ടും കൂത്തും കൂടിയാട്ടവും കഥകളിയും വാദ്യസംഗീതവും ഓട്ടന്‍ തുള്ളലും എല്ലാം ക്ഷേത്ര കലകളാണ്. കൊടുങ്ങല്ലൂര്‍ ഭരണിയുത്സവത്തിലെ പൂരപ്പാട്ടുള്‍പ്പെടെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വിചിത്രവും രസകരവും കൗതുകപ്രദവുമായ ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ക്ഷേത്രാചാരങ്ങളുടെ ഭാഗമാണ്. ഇതുപോലെ ഒരു കലാരൂപം മാത്രമാണ് തൃഛംബരോത്സവത്തോടനുബന്ധിച്ചു നടത്താറുള്ള തിടമ്പു നൃത്തവും. ഇവയെല്ലാം മതവിശ്വാസികളുടെ എന്നതുപോലെ മതേതരവാദികളുടെയും പൊതു പൈതൃകം ആണ്. മേല്‍പ്പറഞ്ഞ എല്ലാ കലാരൂപങ്ങളും അവയുടെ ഉത്ഭവ കേന്ദ്രമായ ക്ഷേത്രപ്പറമ്പുകളില്‍ മാത്രം ഒതുങ്ങി നിന്നു കൊള്ളണമെന്നായിരിക്കാം ഹിന്ദു ഐക്യവേദിയുടെ മനസ്സിലിരുപ്പ്. സവര്‍ണന്റെ അക്ഷരവിദ്യയും അസ്ത്രവിദ്യയും മാത്രമല്ല കലാരൂപങ്ങളും അവര്‍ണന്‍ കൈയടുക്കുന്നതിന്റെ അസഹിഷ്ണുതയെന്നേ ഇതിനെ വിളിക്കാനാകൂ. ഹിന്ദു എന്നാല്‍ സവര്‍ണനും അവര്‍ണനും ഉള്‍പ്പെട്ടതാണ്. അവര്‍ണനെ എന്നും കീഴാളനായി ഒപ്പം നിറുത്താം എന്ന സവര്‍ണ സ്വപ്‌നം നടക്കാന്‍ പോകുന്നില്ലെന്നു കാലം തെളിയിച്ചതാണ്.
ഇടതുപക്ഷവും വലതുപക്ഷവും മാത്രമല്ല ഇടംവലം നോക്കാതെ മുന്നേറുന്ന ദളിതു വിമോചനവാദികളും അവരുടെ രാഷ്ട്രീയ നിലപാടുകളെ ബിംബവത്കരിക്കാനാണ് ശ്രമിക്കുന്നത്. ഡോ. അംബ്‌ദേകറാണ് അവരുടെ ഇഷ്ടബിംബം. ഗാന്ധിജിയെ ബിംബവത്കരിച്ച കോണ്‍ഗ്രസ്സുകാര്‍ക്കെന്തു സംഭവിച്ചു എന്നു നമുക്കറിയാം. ഏറ്റവും ഒടുവില്‍ ചൂല് ഒരു ബിംബമാക്കിയ ആം ആദ്മിക്കാരുടെ അവസ്ഥയും നമുക്കു മുന്നിലുണ്ട്. കാളയും കലപ്പയും അരിവാളും ചുറ്റികയും പശുവും കിടാവും കൈപ്പത്തിയുമൊക്കെ ചില ആദര്‍ശങ്ങളുടെ ഐക്കണുകളായി നമ്മുടെ തലക്കുള്ളില്‍ പ്രതിഷ്ഠിക്കപ്പെട്ടവയാണ്.
കലകളെയും കലാരൂപങ്ങളെയും കലാബാഹ്യമായ ലക്ഷ്യങ്ങളോടെ പ്രചാരണായുധമാക്കുന്നതിന്റെ അപകടം കാണാതെ പോകരുതെന്ന കാര്യവും ഒപ്പം ഓര്‍മ്മിപ്പിക്കട്ടെ. തെയ്യവും തിറയും കൊട്ടും കുഴലും തിടമ്പു നൃത്തവും ഗുരുദേവ പൂജയും ഒക്കെ രണ്ട് വശത്തും മൂര്‍ച്ചയുള്ള ആയുധങ്ങളാണെന്ന യാഥാര്‍ഥ്യവും തിരിച്ചറിയണം. കലാരൂപങ്ങള്‍ മാത്രമല്ല, നാരായണ ഗുരുവും ചട്ടമ്പി സ്വാമികളും വാഗ്ഭടാനന്ദനും ഒക്കെ ബിംബവത്കരിക്കപ്പെടുന്നത് പ്രതിലോമപരമാണ്. മേല്‍പ്പറഞ്ഞവരെല്ലാം തന്നെ അവര്‍ ജീവിച്ചിരുന്ന സ്ഥലകാലങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ ജീവിച്ചു മരിച്ചവരായിരുന്നു. അവര്‍ അനുയായികള്‍ക്കു നല്‍കിയ പാഠങ്ങള്‍ പലതും നമ്മുടെ ഈ കാലത്തിന്റെ പ്രശ്‌നങ്ങളെ സംബോധന ചെയ്യുന്നില്ല. അവരുടെ പാഠങ്ങളെ വിമര്‍ശനാത്മകമായി ഉള്‍ക്കൊള്ളുന്നതിനു പകരം കവല തോറും കോണ്‍ക്രീറ്റ് സ്തംഭങ്ങള്‍ ഉയര്‍ത്തി അവരുടെ പ്രതിമകള്‍ കണ്ണാടിക്കൂട്ടിലാക്കി പ്രതിഷ്ഠിക്കുന്നത് ആദരവായി പുറമെ തോന്നാമെങ്കിലും യഥാര്‍ഥത്തില്‍ ഇതൊരു തരം പരോക്ഷമായ അവഹേളനമാണ്. നമുക്കു ജാതിയില്ലെന്നു പറഞ്ഞ നാരായണഗുരുവിന്റെ പേരില്‍ ഒരു ജാതി മാത്രമല്ല ജാതിയില്‍ ഊന്നിയ രാഷ്ട്രീയവും വളര്‍ത്തിയെടുക്കാന്‍ നടത്തുന്ന ശ്രമം മേല്‍പ്പറഞ്ഞ അവഹേളനത്തിന്റെ തുടര്‍ച്ചയാണ്.
ഗുരുവിന്റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന ആശയത്തെ ഒരു ക്രൈസ്തവ മത പ്രഭാഷകന്‍ മനസ്സിലാക്കിയതനുസരിച്ച് അദ്ദേഹം തന്റെ ശ്രോതാക്കള്‍ക്കു വിശദീകരിച്ചു കൊടുത്തത് ഇങ്ങനെ ആയിരുന്നു. ഗുരുദേവന്‍ അര്‍ത്ഥമാക്കിയത് ഒരു ജാതി എന്നാല്‍ ഈഴവര്‍, ഒരു മതം എന്നാല്‍ ഹിന്ദുമതം, ഒരു ദൈവം എന്നാല്‍ ഹിന്ദുക്കളുടെ ദൈവം. അതിനാല്‍ ഇതൊന്നും വേണ്ടെന്നദ്ദേഹം അര്‍ഥമാക്കിയില്ല പോലും.
മണ്‍മറഞ്ഞു പോയ നേതാക്കളെല്ലാം അപ്രമാദിത്വത്തിന്റെ ആള്‍രൂപങ്ങളായിരുന്നു എന്ന തരത്തിലുള്ള അവതരണങ്ങള്‍ ഒരു പാര്‍ട്ടിക്കും ഗുണം ചെയ്യില്ല. ഇപ്പോള്‍ തന്നെ ശക്തിയാര്‍ജിച്ചു കഴിഞ്ഞ വലതുപക്ഷ രാഷ്ട്രീയത്തിനു അത് കൂടുതല്‍ ശക്തി പകരുകയേ ഉള്ളൂ. ഈ വര്‍ഷം ശ്രീകൃഷ്ണ ജയന്തി തെരുവില്‍ ആഘോഷിക്കുകയും തെരുവില്‍ തിടമ്പു നൃത്തം കെട്ടിയാടുകയും ചെയ്തവര്‍, അവരുടെ ചുവപ്പ് വസ്ത്രം അഴിച്ചു വെച്ച് കാവി പുതക്കാന്‍ നിര്‍ബന്ധിതരായി എന്നു വരാം. അതുകൊണ്ട് മതസൗഹാര്‍ദത്തിന്റെയും പരമത സഹിഷ്ണുതയുടെയും നല്ല പാരമ്പര്യമുള്ള ഹൈന്ദവ ഭൂരിപക്ഷത്തെ തങ്ങളുടെ തൊഴുത്തിലേക്കാട്ടി തെളിക്കാനുള്ള സംഘപരിവാര്‍ തന്ത്രത്തിനെതിരെ ഇവിടുത്തെ കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും ഉചിതമായ മാര്‍ഗങ്ങളിലൂടെ പ്രതിരോധം തീര്‍ക്കുന്നതാകും നല്ലത്. അതോടൊപ്പം നിതാന്ത ജാഗ്രതയും അനിവാര്യമാണ്.