നീതിയുടെ തുലാസ്

Posted on: September 10, 2016 6:00 am | Last updated: September 9, 2016 at 11:43 pm
SHARE

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം ചുമത്തിയതിന് തെളിവുണ്ടോയെന്ന സുപ്രീം കോടതിയുടെ ചോദ്യം പൊതുസമൂഹത്തില്‍ അമ്പരപ്പുളവാക്കിയിരിക്കുകയാണ്. തലക്ക് പരുക്കേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെങ്കിലും സൗമ്യയെ ഇയാള്‍ തള്ളിയിട്ടെന്ന് എങ്ങനെ പറയുമെന്നും പെണ്‍കുട്ടി എടുത്തുചാടിയതായിക്കൂടേയെന്നും ചോദിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ ഉത്തരംമുട്ടിയെന്നാണ് വാര്‍ത്ത. തെളിവുകളുടെ പോരായ്മ പ്രോസിക്യൂഷന്‍ നിലപാടിനെ ദുര്‍ബലമാക്കുമെന്ന ആശങ്ക ബന്ധുക്കള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. പരാധീനതകള്‍ നിറഞ്ഞ ഫയലുകളുമായി കോടതിയില്‍ എത്തുമ്പോള്‍ പരുങ്ങിപ്പോകുക സ്വാഭാവികമാണല്ലോ.
വേണ്ടത്ര പഠിക്കാതെയാണ് സുപ്രീം കോടതിയില്‍ പുതിയ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായതെന്നും പ്രോസിക്യൂഷന്‍ ഒത്തുകളിച്ചോ എന്ന് സംശയമുണ്ടെന്നുമൊക്കെ സൗമ്യയുടെ അമ്മ പറയുന്നത് മനസ്സിലിക്കാം. അവരുടെ വേദന വിവരണാതീതമാണല്ലോ. ആ വാക്കുള്‍ അക്ഷരാര്‍ഥത്തില്‍ എടുക്കുന്നതിനേക്കാള്‍ മാതൃനൊമ്പരത്തിന്റെ ബഹിര്‍സ്ഫുരണമായെടുക്കുന്നതാകും ഔചിത്യം.
ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്ന ന്യായാസനത്തിന്റെ താക്കീത് വിഷയത്തിലെ ഗൗരവം സൂചിപ്പിക്കുന്നതാണ്. എന്തുകൊണ്ടാണ് ഇത്ര ശ്രദ്ധേയമായ കേസായിട്ടും പൂരിപ്പിക്കാത്ത ഭാഗങ്ങള്‍ ഉണ്ടായി എന്ന് പരിശോധിക്കേണ്ടതുണ്ട്. പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം മാത്രം ഏറ്റെടുത്ത ഒരു കേസായിരിക്കില്ലല്ലോ ഇത്. വേണ്ടപോലെ ഗൃഹപാഠം ചെയ്തല്ലേ അവര്‍ നീതിപീഠത്തിന് മുമ്പിലെത്തേണ്ടത്? അത് ഉണ്ടായില്ലെന്നാണോ മനസ്സിലാക്കേണ്ടത്? ഏതായാലും പ്രോസിക്യൂഷന്റെ ഉത്തരമില്ലായ്മകള്‍ ശിക്ഷയെ ദുര്‍ബലപ്പെടുത്തുമെന്ന ആശങ്ക പരന്നിരിക്കുന്നു.
തെളിവുകളാണ് കോടതിക്ക് വേണ്ടത്. പഴുതടച്ചുള്ളതാകുകയും വേണം അത്. അന്വേഷണ സംഘത്തിനുണ്ടായ ബോധ്യങ്ങളെ സമര്‍ഥിക്കുന്നതില്‍ വരുന്ന ചെറിയ വീഴ്ചകള്‍ പോലും കേസിനെ ഒന്നുമല്ലാതാക്കും. ദുര്‍ബലമായ തെളിവുകളും കൂട്ടിയോജിപ്പിക്കാന്‍ കഴിയാത്ത വിധമുള്ള ആരോപണങ്ങളും വരുമ്പോള്‍ കോടതികളില്‍ വാദിഭാഗം നിസ്സഹായമാകുന്നത് സ്വാഭാവികം. സമര്‍ഥനങ്ങള്‍ക്ക് വിടവുകള്‍ ഉണ്ടാകുമ്പോള്‍ അത് ചോദ്യം ചെയ്യപ്പെടും എന്നത് നിശ്ചയമാണ്. ഉത്തരം ആവനാഴിയില്‍ സമൃദ്ധമായുണ്ടാകണം. അതില്ലാതെ പോയാല്‍ പകച്ചുപോകും എന്ന് തീര്‍ച്ച. വിഷയത്തെ പ്രോസിക്യൂഷന്‍ ലാഘവഭാവത്തില്‍ സമീപിച്ചു എന്ന് തന്നെ കരുതണം. കോടതയില്‍ ഹാജരായത് പ്രമുഖരായ അഭിഭാഷകരാണെന്നോര്‍ക്കണം. ഒറ്റക്കൈയുള്ളയാള്‍ എങ്ങനെ തീവണ്ടിയില്‍ നിന്ന് ഉന്തിത്തള്ളിയിടുമെന്ന പ്രാഥമികമായ ചോദ്യം ഉയരുന്നിടത്താണ് പ്രോസിക്യൂഷന്റെ ഉദാസീനത സംശയിക്കപ്പെടുന്നത്. ഏറ്റെടുക്കുന്ന കേസുകളോട് വൈകാരികമായ ഒരു പ്രതിബദ്ധത, വിശേഷിച്ചും ഇത്തരം കേസുകളില്‍ സമൂഹം പ്രതീക്ഷിക്കുന്നുണ്ട്.
അതിവേഗകോടതി വിധിക്കുകയും ഹൈക്കോടതി ശരിവെക്കുകയും ചെയ്ത വധശിക്ഷയാണ് സുപ്രീം കോടതിയിലെത്തിയപ്പോള്‍ ഇങ്ങനെ പരുങ്ങിപ്പോകുന്നത്. ഹൈക്കോടതിയില്‍ വേണ്ടത്ര പരിശോധനകള്‍ ഉണ്ടാകാതെയാണോ ശരിവെക്കല്‍ നടന്നത്? മാധ്യമങ്ങള്‍ തീര്‍ത്ത മായിക അന്തരീക്ഷം സൂക്ഷ്മമായ സംശോധന അസാധ്യമാക്കിയെന്നു വേണം കരുതാന്‍. ഇവിടെ തന്നെ തിരുത്തിപ്പോയിരുന്നെങ്കില്‍ സുപ്രീം കോടതിയില്‍ നിന്ന് മറു ചോദ്യങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. പൊതുസമൂഹത്തിന്റെ ആവേശത്തിനൊപ്പം അല്‍പ നേരമെങ്കിലും സഞ്ചരിച്ചുപോയോ കീഴ്‌ക്കോടതികള്‍ എന്നൊരു സംശയം ഉയര്‍ത്തുന്നതാണ് സുപ്രീം കോടതിയിലെ സംഭവങ്ങള്‍. കേസിന്റെ ഇന്നത്തെ അവസ്ഥയില്‍ ഒരുപാട് പാഠങ്ങള്‍ നമ്മുടെ അന്വേഷണ, നിയമ വൃത്തങ്ങള്‍ക്ക് പഠിക്കാനുണ്ട്. ഗോവിന്ദച്ചാമിക്ക് വധശിക്ഷയെന്ന ഒരു മുന്‍നിശ്ചയം ഇവിടെ നിലവിലുണ്ട്. പൊതുസമൂഹത്തിന്റെ ആവേശവും കോടതിയിലെ കേസും രണ്ടാണല്ലോ. ഇപ്പോഴത്തെ വിഭ്രമാവസ്ഥക്കും അമ്പരപ്പിനും ഇതും ഒരു കാരണമായിട്ടുണ്ട് എന്നത് വസ്തുതയാണ്.
പല തട്ടിലുള്ള പരിശോധനകള്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ സൂക്ഷ്മതയാണ് തെളിയിക്കുന്നത് എന്നതും വിസ്മരിക്കരുത്. ശിക്ഷ, പ്രത്യേകിച്ചും വധശിക്ഷ വിധിക്കുമ്പോള്‍ അവസാനത്തെ സംശയം കൂടി ദൂരീകരിക്കേണ്ടത് ഉന്നത ന്യായാസനത്തിന്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് തന്നെ കോടതി വേട്ടക്കാരന്റെ കൂടെ നിന്നു എന്ന തരത്തിലൊക്കെ ആലോചിക്കുന്നത് അസംബന്ധമാണ്.
ചെറിയ കാര്യമല്ല സംഭവിച്ചിരിക്കുന്നത്. പൗരന്മാര്‍ക്ക് നീതി വാങ്ങിത്തരേണ്ട പൊതു സംവിധാനത്തിന് അറിഞ്ഞോ അറിയാതെയോ ഇടര്‍ച്ചയുണ്ടായി എന്നാണ് ആക്ഷേപം. അന്വേഷണത്തിലോ പ്രോസിക്യൂഷന്റെ കര്‍ത്തവ്യ നിര്‍വഹണത്തിലോ പോരായ്മകളുണ്ടായോ എന്നാരായേണ്ടതുണ്ട്. അപരാധികള്‍ക്ക് അവകാശങ്ങളുണ്ടെങ്കിലും ഇരകള്‍ക്ക് നീതി എന്നത് അതിലേറെ പ്രധാനമാണ്. വീഴ്ച മൂലം ഒരു കേസും ദുര്‍ബലമാകരുത്. അങ്ങനെ ഒരപരാധിയും വലതുരന്ന് രക്ഷപ്പെടരുത്. ആവേശം മൂലം ഒരു നിരപരാധിയും കഴുവേറ്റപ്പെടുകയും അരുത്. നീതി എന്ന അനുഭവം പുലര്‍ന്നേ പറ്റൂ.

LEAVE A REPLY

Please enter your comment!
Please enter your name here